സിന്നറുടെ ‘ശിക്ഷയില്ലാ വിലക്ക്'; രൂക്ഷ വിമർശനവുമായി താരങ്ങൾ
text_fieldsലണ്ടൻ: ലോക ഒന്നാം നമ്പർ ടെന്നിസ് താരം ജാനിക് സിന്നർ ഉത്തേജക ഉപയോഗത്തിന് മൂന്നു മാസ വിലക്ക് നേരിടാമെന്ന് സമ്മതിച്ച ഒത്തുതീർപ്പിനെതിരെ രൂക്ഷ വിമർശനവുമായി താരങ്ങൾ. നിലവിലെ റാങ്കിങ് താഴോട്ടുപോകാതെ മേയ് അഞ്ചു മുതൽ കളി തുടങ്ങാൻ അവസരം നൽകിയും ഗ്രാൻഡ് സ്ലാമുകളൊന്നും നഷ്ടമാകില്ലെന്ന് ഉറപ്പുവരുത്തിയുമാണ് വിലക്ക് കാലാവധി ക്രമീകരിച്ചിരിക്കുന്നത്. മുൻനിര ടൂർണമെന്റുകൾ നഷ്ടമാകാത്തതിനാൽ സമ്മാനത്തുകകളിലും കാര്യമായ നഷ്ടമുണ്ടാകില്ല. കഴിഞ്ഞ മാർച്ചിൽ സ്ഥിരീകരിച്ച ഉത്തേജക ഉപയോഗത്തിനാണ് ഒരു വർഷത്തോളം കഴിഞ്ഞ് ശിക്ഷ പേരിനു മാത്രമായി നടപ്പാക്കുന്നത്.
‘കളങ്കമില്ലാത്ത കളിയിൽ ഇനിമേലിൽ ഞാൻ വിശ്വസിക്കുന്നില്ല’ -മൂന്നു തവണ ഗ്രാൻഡ് സ്ലാം ചാമ്പ്യനായ സ്റ്റാൻ വാവറിങ്ക പറഞ്ഞു. ‘‘ടെന്നിസിൽ നീതി നിലനിൽക്കുന്നില്ല’’- വിംബിൾഡൺ റണ്ണറപ്പായ നിക് കിർഗിയോസ് എക്സിൽ കുറിച്ചു. ‘‘ഒന്നോ രണ്ടോ വർഷം വിലക്ക് ഏർപ്പെടുത്തേണ്ടതായിരുന്നു. ഒരു കിരീടവും നഷ്ടമായില്ല. സമ്മാനത്തുകയും പോയില്ല. ടെന്നിസിനിത് ദുഃഖ ദിനം’’- എക്സിൽ താരം കുറിച്ചു.