എംപയർ കാർലോസ്
text_fieldsപൂക്കളും വള്ളിപ്പടർപ്പുകളും നിറഞ്ഞ വിംബ്ൾഡൺ ബാൽക്കണിയിൽ ടെന്നിസിലെ പൈതൃകകിരീടം ഉയർത്തിനിൽക്കുന്ന കാർലോസ് അൽകാരസിൽ ലോകം പുതുയുഗം ദർശിക്കുന്നു. 2001ലെ വിംബ്ൾഡണിൽ പീറ്റ് സാംപ്രാസിനെ വീഴ്ത്തി ടെന്നിസിലെ പുതുയുഗത്തിലേക്ക് സ്മാഷ് ചെയ്ത റോജർ ഫെഡററോടാണ് താരതമ്യങ്ങൾ ഉയരുന്നത്. കരിയറിലെ സുവർണദശ പിന്നിട്ടിരുന്ന സാംപ്രാസിന്റെ വീഴ്ചയേക്കാൾ പ്രാധാന്യം 36ലും ചുറുചുറുക്കോടെ ഓടിനടക്കുന്ന നൊവാക് ദ്യോകോവിചിന്റെ പരാജയത്തിന് നൽകുന്നവരും ഏറെയാണ്.
ഹാല അൽകാരസ്
വിംബ്ൾഡൺ കലാശപ്പോരിൽ സെന്റർകോർട്ടിൽ തന്റെ എതിരാളിയായെത്തുന്നത് കുട്ടിക്കാലം മുതൽ കൗതുകത്തോടെ നോക്കുന്ന സെർബിയൻ ഇതിഹാസം സാക്ഷാൽ ദ്യോകോവിച് ആണെന്നറിഞ്ഞതുമുതൽ കൃത്യമായ തയാറെടുപ്പുകൾ അൽകാരസ് നടത്തിയിരുന്നു. വിംബ്ൾഡണിൽ മികച്ച ട്രാക്ക് റെക്കോഡുള്ള, തുടർച്ചയായി അഞ്ചാം കിരീടത്തിലേക്ക് റാക്കറ്റേന്തുന്ന ദ്യോകോയെ വീഴ്ത്താൻ ഭാഗ്യം മാത്രം പോരെന്ന് അൽകാരസ് തിരിച്ചറിഞ്ഞു. യു.എസ് ഓപണിൽ കിരീടം നേടുമ്പോൾ ദ്യോകോ മത്സരിക്കാനുണ്ടാകാത്തതിനാൽതന്നെ ഒന്നാമനാണെന്ന് തെളിയിക്കാൻ ഈ വിജയം അനിവാര്യമാണുതാനും. ഏതാനും മാസങ്ങൾക്കു മുമ്പ് ഫ്രഞ്ച് ഓപണിലെ കളിമൺ കോർട്ടിൽ ദ്യോകോക്ക് മുന്നിൽ നിരായുധനായി കീഴടങ്ങിയതിന്റെ സമ്മർദം വേറെയും. ഏതു വീഴ്ചയിൽനിന്നും അതിവേഗം തിരിച്ചുവരുന്ന എതിരാളികളുടെ മേൽ മാനസിക ആധിപത്യം സ്ഥാപിക്കുന്ന ദ്യോകോയെ മറികടക്കാൻ മനസ്സിനും വേണം പരിശീലനമെന്ന് അൽകാരസ് തിരിച്ചറിഞ്ഞു. കലാശപ്പോരിനു മുമ്പേ അൽകാരസ് മനഃശാസ്ത്രജ്ഞർക്ക് മുന്നിലെത്തിയത് വാർത്തകളിലിടം പിടിച്ചിരുന്നു.
സ്പാനിഷ് മെയ്ഡ്
ചരിത്രസ്ഥലികൾക്കും കൃഷിയിടങ്ങൾക്കും പേരുകേട്ട സ്പാനിഷ് നഗരം മൂർഷ്യയുടെ ഭാഗമായ എൽ പാൽമറിൽനിന്നാണ് അൽകാരസിന്റെ വരവ്. അച്ഛനും മുത്തച്ഛനുമെല്ലാം പ്രദേശത്തെ പേരുകേട്ട ടെന്നിസ് താരങ്ങൾ. ചെറുപ്പം മുതലേ അൽകാരസിൽ കുത്തിവെച്ചത് ടെന്നിസിന്റെ മന്ത്രങ്ങളും അടിതടവുകളുമാണ്. ടെന്നിസ് അക്കാദമികളിൽനിന്നും ഉയരങ്ങളിലേക്ക് പാഞ്ഞ അൽകാരസ് ലോകവേദികളിൽ അതിവേഗമെത്തി. 2022ൽ യു.എസ് ഓപണിൽ മുത്തമിടുമ്പോൾ പ്രായം 19 മാത്രം. തൊട്ടുപിന്നാലെ എ.ടി.പി ലോക ടെന്നിസ് റാങ്കിങ്ങിൽ ഒന്നാമതെത്തി. അരനൂറ്റാണ്ടിലേറെ ചരിത്രമുള്ള എ.ടി.പി റാങ്കിങ്ങിലെ ഏറ്റവും പ്രായം കുറഞ്ഞവനെന്ന ഖ്യാതിയും നേടി. കളിശൈലിയിൽ ഫെഡററോട് താരതമ്യം ചെയ്യുമ്പോഴും നാട്ടുകാരൻ തന്നെയായ റഫേൽ നദാലാണ് അൽകാരസിന്റെ ആരാധനമൂർത്തി. നദാലിന്റെ പോരാട്ടവീര്യത്തിന്റെ സ്വാധീനവും അൽകാരസിൽ കാണാം.