യു.എസ് ഓപ്പൺ; കിരീടപ്പാച്ചിലിൽ ദ്യോകോവിച്-അൽകാരസ് സെമി
text_fieldsനൊവാക് ദ്യോകോവിച്ചും കാർലോസ് അൽകാരസും
ന്യൂയോർക്ക്: 25ാം ഗ്രാൻഡ്സ്ലാം എന്ന ചരിത്രത്തിനരികെ നിൽക്കുന്ന നൊവാക് ദ്യോകോവിച്ചും കിരീട ഫേവറിറ്റായ ഇളമുറക്കാരൻ കാർലോസ് അൽകാരസും തമ്മിൽ യു.എസ് ഓപൺ സെമി ഫൈനലിൽ മുഖാമുഖം. നാട്ടുകാരനായ നാലാം സീഡ് ടെയ്ലർ ഫ്രിറ്റ്സിനെ വീഴ്ത്തിയായിരുന്നു സെർബ് ഇതിഹാസം നൊവാക് ദ്യോകോവിച് അവസാന നാലിലേക്ക് ടിക്കറ്റെടുത്തത്. എന്നാൽ, പതിവുപോലെ എതിരാളിയായ ചെക് താരം ജിറി ലെഹെക്കക്ക് അവസരമേതും നൽകാതെ ഏകപക്ഷീയമായ സെറ്റുകളിലായിരുന്നു അൽകാരസ് വിജയം.
ഇതേ കോർട്ടിൽ രണ്ടുവർഷം മുമ്പ് കളിച്ചുജയിച്ച അവസാന ഗ്രാൻഡ് സ്ലാമിന് തുടർച്ച കുറിക്കുകയെന്ന വലിയ സ്വപ്നവുമായാണ് പരിക്ക് വലച്ചിട്ടും തളരാതെ ദ്യോകോ റാക്കറ്റേന്തിയത്. ആദ്യ സെറ്റ് അനായാസം വരുതിയിലാക്കിയ താരത്തിനു പക്ഷേ, രണ്ടാം സെറ്റിൽ എതിരാളിയുടെ കരുത്തിനു മുന്നിൽ ചെറുതായി മുട്ടിടിച്ചു. എന്നിട്ടും പരിചയമികവിന്റെ ആനുകൂല്യത്തിൽ ടൈബ്രേക്കറിലേക്ക് നീട്ടിയെടുത്ത് സെറ്റ് പിടിച്ചു. എതിരാളിയുടെ കൈക്കരുത്തിന് മുന്നിൽ വിയർത്ത് മൂന്നാം സെറ്റ് കൈവിട്ട ദ്യോകോ തൊട്ടടുത്ത ഗെയിമിൽ കൂടുതൽ പരീക്ഷണങ്ങൾക്ക് മുതിരാതെ കളി തീരുമാനമാക്കി.
സ്കോർ 6-3 7-5 3-6 6-4. ആർക്കും ജയിക്കാവുന്ന, തുല്യ സാധ്യത നിലനിന്ന കളി ജയിക്കാനായത് ഭാഗ്യമെന്നായിരുന്നു മത്സരത്തിനൊടുവിൽ സെർബ് താരത്തിന്റെ പ്രതികരണം. സമകാലിക ടെന്നിസിലെ ഏറ്റവും കരുത്തരിലൊരാളാണ് അടുത്ത കളിയിൽ എതിരാളിയെന്നത് കടുത്ത പരീക്ഷണമാകും. രണ്ട് വിംബിൾഡൺ ഫൈനലുകളിൽ അൽകാരസിന് മുന്നിൽ മുട്ടിടിച്ച ദ്യോകോ പക്ഷേ, ഏറ്റവുമൊടുവിലെ രണ്ട് ഏറ്റുമുട്ടലുകളും ജയിച്ചിരുന്നു. 16 വയസ്സ് ചെറുപ്പമായ അൽകാരസ് പൊള്ളുന്ന ഫോമിലാണ് ടൂർണമെന്റിലുടനീളം കളിക്കുന്നത്. ക്വാർട്ടറിൽ 6-4 6-2 6-4നായിരുന്നു അൽകാരസിന്റെ ജയം.
റോജർ ഫെഡററും റാഫേൽ നദാലും ദ്യോകോവിച്ചും വാണ ടെന്നിസ് യുഗത്തിന് അന്ത്യം കുറിച്ച് സിന്നർ- അൽക്കാരസ് ദ്വയമാണിപ്പോൾ താരരാജാക്കന്മാർ. ദ്യോകോ സെമിയിൽ മുട്ടുകുത്തിയാൽ അൽകാരസ്- സിന്നർ ഫൈനൽ സാധ്യത കൂടുതലാണ്. ഈ വർഷം വിംബ്ൾഡണിലും ഫ്രഞ്ച് ഓപണിലും ഇരുവരും തമ്മിലായിരുന്നു മുഖാമുഖം. അഞ്ചു സെറ്റ് നീണ്ട ഫ്രഞ്ച് ഓപൺ ഫൈനലിൽ അൽകാരസ് കിരീടം ചൂടിയപ്പോൾ നാലു സെറ്റിൽ കളി തീരുമാനമാക്കി സിന്നർ വിംബിൾഡണിലും ജയിച്ചിരുന്നു. മറ്റു മത്സരങ്ങളിൽ വനിതകളിൽ നിലവിലെ ചാമ്പ്യനായ അരീന സബലങ്ക സെമിയിലെത്തി. ക്വാർട്ടറിലെ എതിരാളി മാർക്കെറ്റ വോൻഡ്രൂസോവ പരിക്കുമായി പിൻവാങ്ങിയതിനെ തുടർന്ന് വാക്കോവർ ലഭിക്കുകയായിരുന്നു.
ഭാംബ്രിക്ക് ആദ്യ ഗ്രാൻഡ് സ്ലാം ക്വാർട്ടർ ഫൈനൽ
കരിയറിലാദ്യമായി ഗ്രാൻഡ് സ്ലാം ടൂർണമെന്റ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ച് ഇന്ത്യയുടെ യുകി ഭാംബ്രി. യു.എസ് ഓപൺ പുരുഷ ഡബ്ൾസ് പ്രീക്വാർട്ടറിൽ ഭാംബ്രിയും ന്യൂസിലൻഡിന്റെ മിഷേൽ വീനസും ചേർന്ന സഖ്യം ജർമനിക്കാരായ കെവിൻ ക്രാവെയ്റ്റ്സ്-ടിം പൂയെറ്റ്സ് ജോടിയെ 6-4 6-4 തോൽപിച്ചു. ക്രൊയേഷ്യയുടെ നിക്കോള മെക്റ്റിക്-യു.എസിന്റെ രാജീവ് റാം സഖ്യമാണ് ക്വാർട്ടറിലെ എതിരാളികൾ.