യു.എസ് ഓപൺ; സ്വിയാറ്റക് പുറത്ത്, സിന്നറിന് സെമി
text_fieldsഅമാൻഡ അനിസിമോവയുടെ വിജയാഘോഷം
ന്യൂയോർക്ക്: മുൻ ചാമ്പ്യനും ലോക രണ്ടാം റാങ്കുകാരിയുമായ ഇഗ സ്വിയാറ്റക് യു.എസ് ഓപൺ ടെന്നിസ് ക്വാർട്ടർ ഫൈനലിൽ പുറത്ത്. ഈ വർഷത്തെ വിംബ്ൾഡൺ ഫൈനലിലെ തോൽവിക്ക് മധുരപ്രതികാരമായി യു.എസ് താരം അമാൻഡ അനിസിമോവയാണ് പോളണ്ടുകാരിയെ വനിത സിംഗ്ൾസിൽ വീഴ്ത്തിയത്. സ്കോർ: 6-4, 6-3. രണ്ട് മാസം മുമ്പ് വിംബ്ൾഡണിൽ ഒരു ഗെയിം പോലും നേടാവാതെ 6-0, 6-0ത്തിന് സ്വിയാറ്റക്കിനോട് മുട്ടുമടക്കി റണ്ണറപ്പായിരുന്നു അനിസിമോവ.
ഇന്ത്യൻ സമയം വെള്ളിയാഴ്ച പുലർച്ച നടക്കേണ്ട സെമിയിൽ ജപ്പാന്റെ നവോമി ഒസാകയാണ് ആതിഥേയ താരത്തിന്റെ എതിരാളി. നിലവിലെ ചാമ്പ്യൻ ബെലറൂസിന്റെ അരീന സബലങ്കയും യു.എസിന്റെ ജെസീക പെഗുലയും തമ്മിലാണ് ഒന്നാം സെമി. അതേസമയം, പുരുഷന്മാരിൽ കിരീട ഫേവറിറ്റ് ഇറ്റലിയുടെ യാനിക് സിന്നർ സ്വന്തം നാട്ടുകാരനായ ലോറെൻസോ മുസേറ്റിയെ 6-1, 6-4, 6-2ന് തോൽപിച്ച് സെമിയിൽ കടന്നു.
ഫൈനലിലേക്കുള്ള വഴിയിൽ കാനഡയുടെ ഫെലിക്സ് ഓഗർ അലിയാസിമാണ് സിന്നറിന്റെ എതിരാളി. ആസ്ട്രേലിയക്കാരൻ അലക്സ് ഡി മിനോറിനെ 4-6, 7-6 (7), 7-5, 7-6 (4)നാണ് അലിയാസിം ക്വാർട്ടറിൽ പരാജയപ്പെടുത്തിയത്. നൊവാക് ദ്യോകോവിച്-കാർലോസ് അൽകാരസ്, സിന്നർ-അലിയാസിം സെമി ഫൈനൽ മത്സരങ്ങൾ ഇന്ത്യൻ സമയം ശനിയാഴ്ച വെളുപ്പിന് നടക്കും.
ചരിത്രക്കുതിപ്പിൽ ഭാംബ്രി സഖ്യം സെമിയിൽ
യു.എസ് ഓപണിൽ ഇന്ത്യൻ താരം യുകി ഭാംബ്രി ജൈത്രയാത്ര തുടരുന്നു. ഭാംബ്രിയടങ്ങുന്ന സഖ്യം ചരിത്രത്തിലായി ഗ്രാൻഡ് സ്ലാം സെമി ഫൈനലിലെത്തി. ന്യൂസിലൻഡിന്റെ മിഷേൽ വീനസുമായി ചേർന്ന് ക്രൊയേഷ്യയുടെ നിക്കോള മെക്റ്റിക്-യു.എസിന്റെ രാജീവ് റാം സഖ്യത്തെ 6-3, 6-7(8), 6-3 സ്കോറിനാണ് പുരുഷ ഡബ്ൾസ് ക്വാർട്ടർ ഫൈനലിൽ തോൽപിച്ചത്. ബ്രിട്ടന്റെ ജോ സാലിസ്ബറി-നീൽ സ്കപ്സ്കി ജോടിയാണ് സെമിയിലെ എതിരാളികൾ. ഭാംബ്രി ഗ്രാൻഡ് സ്ലാം ക്വാർട്ടറിലെത്തുന്നതുപോലും ആദ്യമായാണ്.