കളമൊഴിഞ്ഞത് പ്രതാപ താരം
text_fieldsബ്ലൂസ്റ്റാർ പയ്യന്നൂർ ടീമിലെ സഹതാരങ്ങൾക്കൊപ്പം ബാബുരാജ് (വലത്ത് നിന്ന് നാലാമത്)
പയ്യന്നൂർ: യു. ഷറഫലി, വി.പി. സത്യൻ, ഐ.എം. വിജയൻ, സി.വി. പാപ്പച്ചൻ, കെ.ടി. ചാക്കോ, ലിസ്റ്റൺ, ഹബീബ് റഹ്മാൻ തുടങ്ങിയ വമ്പൻ താരനിരയാൽ സമ്പന്നമായിരുന്നു ഒരു കാലത്ത് കേരള പൊലീസ് ഫുട്ബാൾ ടീം. തൊട്ടതെല്ലാം പൊന്നാക്കിയ പൊലീസ് ടീമിന്റെ ഈ സുവർണ കാലഘട്ടത്തിൽ പയ്യന്നൂരിന്റെയും വടക്കൻ കേരളത്തിന്റെയും പേര് അടയാളപ്പെടുത്തിയ ഒ താരമുണ്ടായിരുന്നു. ഇന്ത്യൻ ഫുട്ബാളിന് പയ്യന്നൂർ കോളജ് സംഭാവന നൽകിയ അന്നൂരിലെ എം. ബാബുരാജ്. ബാബുരാജ് ശനിയാഴ്ച കളമൊഴിഞ്ഞപ്പോൾ കേരളത്തിന്റെയും കേരള പൊലീസിന്റെയും ഒരു ഫുട്ബാൾ വസന്തം കൂടിയാണ് കൊഴിഞ്ഞുവീണത്.
പയ്യന്നൂർ ടൗൺ സ്പോർട്സ് ക്ലബ്, ബ്ലൂസ്റ്റാർ ക്ലബ് എന്നിവയുടെ ഒഴിച്ചുകൂടാനാവാത്ത കളിക്കാരനും ബാബുരാജായിരുന്നു. വലിയ താരമായി പേരെടുത്തപ്പോഴും നാട്ടിലെ ക്ലബുകളെ മറന്നില്ല എന്നതാണ് ബാബുരാജിനെ വ്യത്യസ്തനാക്കുന്നത്. പ്രശസ്ത കോച്ച് വിക്ടർ മഞ്ഞിലയുടെ കീഴിൽ കാലിക്കറ്റ് യൂനിവേഴ്സിറ്റിക്കുവേണ്ടി ബൂട്ടുകെട്ടി കപ്പുകൾ നേടിക്കൊടുത്തു.
ബാബുരാജിന്റെ പന്തടക്കം കണ്ട പൊലീസ് വകുപ്പ് 1986ൽ ഹവിൽദാറായി നിയമനം നൽകി ഒപ്പംകൂട്ടി.വമ്പൻ താരനിരയാൽ സമൃദ്ധമായ ടീമിനായി ഇന്ത്യയിലും വിദേശത്തും നിരവധി ടൂർണമെന്റുകളിൽ ബാബുരാജ് ജഴ്സിയണിഞ്ഞു. കൊല്ലത്ത് നടന്ന സന്തോഷ് ട്രോഫിയിലും കേരള പൊലീസ് ചാമ്പ്യന്മാരായ രണ്ട് ഫെഡറേഷൻ കപ്പുകളിലും നടത്തിയ പ്രകടനം അമ്പരപ്പിക്കുന്നതായിരുന്നു.
കണ്ണൂരിൽ നടന്ന ശ്രീനാരായണ കപ്പ് ടൂർണമെന്റിൽ കൊൽക്കത്ത മുഹമ്മദൻസ് സ്പോർട്ടിങ് ക്ലബിനെതിരെയുള്ള കളിയിൽ നേടിയ ഗോൾ ഫുട്ബാൾ പ്രേമികളുടെ ഹൃദയത്തിലാണ് ഇടം പിടിച്ചത്.2008ൽ മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള പൊലീസ് മെഡൽ കരസ്ഥമാക്കി സേനയുടെ പ്രവർത്തനത്തിലും തന്റെ സാന്നിധ്യം അടയാളപ്പെടുത്തി.
പയ്യന്നൂർ ഫുട്ബാൾ അക്കാദമിയുടെ സജീവ പ്രവർത്തകനായ ബാബുരാജ്, അക്കാദമിയുടെ രൂപവത്കരണത്തിലും നിർണായക പങ്ക് വഹിച്ചു. അക്കാദമിയിലെ കുട്ടികൾക്ക് ബാബുരാജ് പകർന്നുനൽകിയ ഫുട്ബാൾ ബാലപാഠങ്ങൾ വിലമതിക്കാനാകാത്തതാണെന്ന് ഭാരവാഹികൾ സ്മരിക്കുന്നു.