പാരിസ് ഒളിമ്പിക്സിലും റഷ്യ, ബെലറൂസ് ടീമുകളുണ്ടാകില്ല; വിലക്ക് നീക്കാനില്ലെന്ന് ഒളിമ്പിക് കമ്മിറ്റി
text_fieldsടോകിയോ ഒളിമ്പിക്സിനു പിന്നാലെ 2024ലെ പാരിസ് ഒളിമ്പിക്സിലും റഷ്യക്കും ബെലറൂസിനും വിലക്ക് തുടർന്ന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി. യുക്രെയ്ൻ അധിനിവേശത്തെ തുടർന്ന് കഴിഞ്ഞ വർഷം ഏർപെടുത്തിയ വിലക്ക് നിലനിൽക്കുമെന്ന് ഐ.ഒ.സി അറിയിച്ചു. ഇരു രാജ്യങ്ങളിലെയും അറ്റ്ലറ്റുകൾക്ക് രാജ്യത്തിന്റെ പതാകയില്ലാതെ മത്സരിക്കാനാകുമെന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതേ കുറിച്ച് റഷ്യൻ ഒളിമ്പിക് കമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനക്ക് മറുപടിയിലാണ് ഐ.ഒ.സി പ്രതികരണം.
‘‘റഷ്യ, ബെലറൂസ് രാജ്യങ്ങൾക്കെതിരായ വിലക്കിൽ ഒത്തുതീർപ്പ് അനുവദിക്കില്ല. കഴിഞ്ഞ ഡിസംബറിൽ ചേർന്ന ഒളിമ്പിക് ഉച്ചകോടി വിലക്കിന് അംഗീകാരം നൽകിയതാണ്’’- പ്രസ്താവന പറയുന്നു.
ഇരു രാജ്യങ്ങളിലെയും ഔദ്യോഗിക പ്രതിനിധികൾക്ക് ക്ഷണം നൽകാതിരിക്കുക, ഇരു രാജ്യങ്ങളിലും കായിക മത്സരങ്ങൾ സംഘടിപ്പിക്കാതിരിക്കുക എന്നതും തീരുമാനത്തിന്റെ ഭാഗമാണ്.
അതേ സമയം, റഷ്യക്കും ബെലറൂസിനും യൂറോപിനു പകരം ഏഷ്യൻ വൻകരകളിലായി മത്സരങ്ങൾ നടത്താനും പങ്കെടുക്കാനും അവസരം നൽകുന്നത് പരിഗണിക്കാമെന്ന് ഏഷ്യൻ ഒളിമ്പിക് കൗൺസിൽ അറിയിച്ചിരുന്നു. ഇതിനെതിരെ ശക്തമായി രംഗത്തുവന്ന യുക്രെയ്ൻ വിലക്ക് നീക്കരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
2022 ഫെബ്രുവരിയിലാണ് റഷ്യ യുക്രെയ്ൻ അധിനിവേശം ആരംഭിച്ചത്.