'ഞാൻ എന്നെ അടയാളപ്പെടുത്തി അച്ഛാ...'; മെഡൽനേട്ടത്തിന് പിന്നാലെ പിതാവിനെ വിളിച്ച് നീരജ് പറഞ്ഞത്
text_fieldsന്യൂഡൽഹി: ടോക്യോയിലെ സ്വർണമെഡൽ നേട്ടത്തിന് പിന്നാലെ നീരജ് ചോപ്ര ദേശീയ ഹീറോയായി മാറിയിരിക്കുകയാണ്. നീരജിന്‍റെ സ്വർണമെഡലിന്‍റെ മികവിൽ ഒളിമ്പിക്സ് പോയിന്‍റ് പട്ടികയിൽ 65ാം സ്ഥാനത്തായിരുന്ന ഇന്ത്യ 48ാം സ്ഥാനത്തെത്തിയിരുന്നു. സ്വർണമെഡൽ നേട്ടത്തിന് പിന്നാലെ സ്വന്തം പിതാവിനെ വിളിച്ച നീരജിന് സന്തോഷം അടക്കിപിടിക്കാനായില്ല.
'ഞാൻ എന്നെ അടയാളപ്പെടുത്തി അച്ഛാ...' എന്നായിരുന്നു ഒളിമ്പിക് സ്വർണമെഡൽ സ്വന്തമാക്കിയ ശേഷം നീരജ് ചോപ്ര പിതാവിനെ ഫോണിൽ വിളിച്ച ശേഷം ആദ്യം പറഞ്ഞ വാചകം. രാജ്യാന്തര അത്ലറ്റിക്സിൽ ഇന്ത്യയുടെ അടയാളപ്പെടുത്തൽ കൂടിയായിരുന്ന ആ സ്വർണമെഡൽ. അത്ലറ്റിക്സിൽ ഒരു ഇന്ത്യക്കാരൻ നേടുന്ന ആദ്യ സ്വർണമെഡലാണ് നീരജ് ടോക്യോയിൽ ജാവലിൻ എറിഞ്ഞ് വീഴ്ത്തിയത്.
'ഫോണിലൂടെ ഞാൻ മകനെ അഭിനന്ദിച്ചു. രാജ്യത്തിനായി വളരെ മികച്ച ജോലിയാണ് അവൻ ചെയ്തു തീർത്തതെന്ന് പറഞ്ഞു. ചില മാധ്യമപ്രവർത്തകരുടെ സഹായത്തോടെ മകനുമായി സംസാരിച്ച ഞാൻ നമ്മുടെ രാജ്യം എങ്ങനെയാണ് ഈ വിജയം കൊണ്ടാടുന്നതെന്ന കാര്യവും അറിയിച്ചു' -നീരജിന്‍റെ പിതാവ് സതീഷ് ഞായറാഴ്ച പറഞ്ഞു.
ഹരിയാനയിലെ പാനിപ്പത്തിലെ ഖന്ദ്ര ഗ്രാമം നീരജിന്‍റെ സുവർണനേട്ടത്തിൽ ആഘോഷത്തിമിർപ്പിലായിരുന്നു. മധുരം വിതരണം ചെയ്ത ഗ്രാമീണർ ധോൽ വാദ്യാഘോഷങ്ങളുടെ അകമ്പടിയോടെ നൃത്തം ചവിട്ടി.
മകൻ സ്വർണമെഡലും കൊണ്ട് വീട്ടിലേക്ക് മടങ്ങി വരുേമ്പാൾ നൽകാനായി പ്രിയപ്പെട്ട വിഭവമായ 'ചൂർമ' ഉണ്ടാക്കി കാത്തിരിക്കുകയാണ് മാതാവ് സരോജ് ബാല. നീരജിനും മറ്റ് ആറ് മെഡൽ ജേതാക്കൾക്കും തിങ്കളാഴ്ച സ്പോട്സ് അതോറിറ്റി ഓഫ് ഇന്ത്യ ന്യൂഡൽഹിയിൽ വമ്പിച്ച സ്വീകരണം ഒരുക്കിയിരുന്നു.
പുരുഷൻമാരുടെ ജാവലിൻ ത്രോയിൽ 87.58 മീറ്റർ ജാവലിൻ പായിച്ചാണ് നീരജ് ചരിത്രമെഴുതിയത്. അഭിനവ് ബിന്ദ്രക്ക് ശേഷം വ്യക്തിഗത ഇനത്തിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യക്കാരൻ കൂടിയാണ് നീരജ്. വിജയത്തിന് തൊട്ടുപിന്നാലെ നീരജ് മെഡൽ അന്തരിച്ച ഇന്ത്യൻ സ്പ്രിന്റ് ഇതിഹാസം മിൽഖ സിങ്ങിന് സമർപ്പിച്ചിരുന്നു.