ഒളിമ്പിക്സ് പേജ് രൂപകൽപന; മാധ്യമത്തിന് വെള്ളി
text_fieldsഒളിമ്പിക്സ് പേജ് രൂപകൽപനക്കുള്ള പുരസ്കാരം ലഭിച്ച 2021 ആഗസ്റ്റ് എട്ടിലെ മാധ്യമം ഒന്നാം പേജ്
തിരുവനന്തപുരം: 'ന്യൂസ്പേപ്പർഡിസൈൻഡോട്ട്ഇൻ' പത്ര രൂപകൽപന മത്സരത്തിൽ 'മാധ്യമ'ത്തിന് വെള്ളി. ടോക്യോ ഒളിമ്പിക്സ് പത്ര രൂപകൽപനയിൽ രാജ്യാന്തരതലത്തിൽ ഏർപ്പെടുത്തിയ മത്സരത്തിലാണ് ഒന്നാംപേജ് വിന്യാസത്തിൽ മാധ്യമം രണ്ടാംസ്ഥാനം നേടിയത്. മലയാള മനോരമയാണ് ഒന്നാം സ്ഥാനത്ത്. കേരള കൗമുദിക്കാണ് മൂന്നാംസ്ഥാനം.
33 രാജ്യങ്ങളിൽനിന്നായി 450 പത്രങ്ങൾ അയച്ച എൻട്രികളിൽനിന്നാണ് വിജയികളെ തെരഞ്ഞെടുത്തത്. പ്രശസ്ത ദൃശ്യമാധ്യമപ്രവർത്തകനും മാധ്യമ കൺസൾട്ടൻറുമായ ഹാൻസ് പീറ്റർ ജാനിഷ്, ചൈന ഡെയ്ലി ഡിസൈൻ ഡയറക്ടർ ബിൽ ഗാസ്പാഡ്, ഡഗ്ലസ് ഒകാസാകി എന്നിവരടങ്ങുന്ന ജൂറിയാണ് വിജയികളെ തെരഞ്ഞെടുത്തത്. സീനിയർ സബ് എഡിറ്റർ വി.പി. റജീനയാണ് പേജ് രൂപകൽപന ചെയ്തത്.