ഒളിമ്പ്യന്മാർക്ക് മലപ്പുറത്തിെൻറ സ്നേഹാദരം താരങ്ങൾ അനുഭവിച്ച യാതനകള്‍ പാഠമാക്കണം -സ്പീക്കർ
text_fieldsടോക്യോ ഒളിമ്പിക്സ് ജേതാക്കളെ ജില്ല പഞ്ചായത്ത് ആദരിക്കുന്ന ചടങ്ങില്‍ ഇന്ത്യന്‍ ഹോക്കി ടീം ഗോള്‍കീപ്പര്‍ പി.ആര്. ശ്രീജേഷിനോട് സൗഹൃദം പങ്കിടുന്ന സ്പീക്കര്‍
എം.ബി. രാജേഷ്. ഒളിമ്പ്യൻ കെ.ടി. ഇര്ഫാന്, പി. ഉബൈദുല്ല എം.എല്‍.എ, പ്രസിഡൻറ്
എം.കെ. റഫീഖ തുടങ്ങിയവർ സമീപം
മലപ്പുറം: ടോക്യോ ഒളിമ്പിക്സില്‍ രാജ്യത്തിെൻറ അഭിമാനമുയര്‍ത്തിയ താരങ്ങൾക്ക് ജില്ല പഞ്ചായത്ത് ആദരമൊരുക്കി. സ്പീക്കര്‍ എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു.
കായിക രംഗത്തെ നേട്ടങ്ങൾ ആഘോഷിക്കുമ്പോൾതന്നെ താരങ്ങൾ വിജയത്തിലെത്താൻ അനുഭവിച്ച യാതനകള്‍ പുതുതലമുറ ഉള്‍ക്കൊണ്ട് പാഠമാക്കണമെന്ന് സ്പീക്കര്‍ പറഞ്ഞു. നേട്ടങ്ങള്‍ കൈവരിക്കുന്നവരെ ആദരിക്കുന്നത് നല്ലതാണ്. ഇതിനൊപ്പം കൂടുതല്‍ പ്രതിഭകളെ വളര്‍ത്തിയെടുക്കാനുള്ള സൗകര്യ വികസനത്തിനാണ് ഊന്നല്‍ നല്‍കേണ്ടതെന്നും അദ്ദേഹം ഓർമിപ്പിച്ചു.
വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീം ഗോള്‍ കീപ്പര്‍ പി.ആര്. ശ്രീജേഷ്, രണ്ടാം തവണയും ഒളിമ്പിക്സ് നടത്തത്തില്‍ രാജ്യത്തെ പ്രതിനിധാനം ചെയ്ത കെ.ടി. ഇര്ഫാന്, 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ മത്സരിച്ച എം.പി. ജാബിര്‍ എന്നിവരെയും 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ ലോക റാങ്കിങ്ങിൽ മൂന്നാമതെത്തിയ മുഹമ്മദ് ഹനാന്, ഗോവയില്‍ നടന്ന കിക്ക് ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തെ പ്രതിനിധാനം ചെയ്ത് സ്വര്‍ണ മെഡല്‍ നേടിയ യു.പി. ഷഹബാസ് എന്നിവരെയുമാണ് ആദരിച്ചത്. ശ്രീജേഷിന് ജില്ല പഞ്ചായത്ത് പ്രഖ്യാപിച്ച ഒരു ലക്ഷം രൂപയും ഒളിമ്പ്യന്‍ കെ.ടി. ഇര്ഫാന്, എം.പി. ജാബിര്‍ എന്നിവര്‍ക്കുള്ള 50,000 രൂപയും സ്പീക്കര്‍ കൈമാറി.
ജാബിറിന് വേണ്ടി പിതാവ് എം.പി. ഹംസയാണ് തുക ഏറ്റുവാങ്ങിയത്. സ്ഥലംമാറിപ്പോവുന്ന ജില്ല കലക്ടര്‍ കെ. ഗോപാലകൃഷ്ണനും ജില്ല പഞ്ചായത്ത് ഉപഹാരം കൈമാറി. പി. ഉബൈദുല്ല എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് എം.കെ. റഫീഖ, വൈസ് പ്രസിഡൻറ് ഇസ്മയില്‍ മൂത്തേടം, കമാല്‍ വരദൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.