ചിറകുകൾ വിടർന്നു; പാരാലിമ്പിക്സിന് തുടക്കം
text_fieldsടോക്യോ ഒളിമ്പിക് സ്റ്റേഡിയത്തിൽ പാരലിമ്പിക്സ് ഉദ്ഘാടനച്ചടങ്ങ് അരങ്ങേറുേമ്പാൾ പുറത്തുനിന്നുള്ള ദൃശ്യം
ടോക്യോ: 'ഞങ്ങൾക്കും ചിറകുകളുണ്ട്' എന്ന സന്ദേശവുമായി ഭിന്നശേഷി ലോക കായിക മേളയായ പാരാലിമ്പിക്സിന് ടോക്യോയിൽ തുടക്കം. പ്രതിസന്ധികൾക്കും വെല്ലുവിളികൾക്കുമിടയിലും ഉയർന്നുപറക്കാനുള്ള ഭിന്നശേഷി അത്ലറ്റുകളുടെ കഴിവുകൾ വരച്ചുകാണിക്കുന്ന ഗംഭീരമായ ഉദ്ഘാടനച്ചടങ്ങോടെയാണ് ഗെയിംസിന് അരങ്ങുണർന്നത്. ജപ്പാൻ ചക്രവർത്തി നരുഹിതോ ഗെയിംസ് ഉദ്ഘാടനം ചെയ്തു. അന്താരാഷ്ട്ര പാരാലിമ്പിക് കമ്മിറ്റി പ്രസിഡൻറ് ആൻഡ്രൂ പാർസൺസ് അധ്യക്ഷത വഹിച്ചു.
റിയോ ഗെയിംസിലെ സ്വർണ ജേതാവ് മാരിയപ്പൻ തങ്കവേലുവിന് കോവിഡ് കോൺടാക്ട് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഷോട്ട്പുട്ട് താരം തേക്ചന്ദാണ് മാർച്ച്പാസ്റ്റിൽ ഇന്ത്യൻ പതാകയേന്തിയത്. അഞ്ച് അത്ലറ്റുകളും ആറ് ഒഫിഷ്യലുകളുമാണ് മാർച്ച്പാസ്റ്റിൽ ഇന്ത്യൻ സംഘത്തിൽ അണിനിരന്നത്.
അടുത്തമാസം അഞ്ചുവരെ നീളുന്ന മേളയിൽ 22 കായിക വിഭാഗങ്ങളിലായി 540 ഇനങ്ങളിൽ മത്സരം നടക്കും. 163 രാജ്യങ്ങളിൽനിന്നുള്ള 4500ഓളം കായികതാരങ്ങളാണ് മാറ്റുരക്കുന്നത്. ഒമ്പത് ഇനങ്ങളിലായി 54 അത്ലറ്റുകളാണ് ഇന്ത്യയെ പ്രതിനിധാനം ചെയ്യുന്നത്. ഷൂട്ടിങ്ങിൽ മത്സരിക്കുന്ന സിദ്ധാർഥ ബാബുവാണ് ഏക മലയാളി താരം.