അണ്ടർ 15 ഏഷ്യൻ ബാഡ്മിന്റൺ: തൻവി പത്രിക്ക് കിരീടം
text_fieldsന്യൂഡൽഹി: 15 വയസ്സിൽ താഴെയുള്ള പെൺകുട്ടികളുടെ ബാഡ്മിന്റണിൽ ഏഷ്യൻ കിരീടം ചൂടി ഇന്ത്യൻ താരം തൻവി പത്രി. 13 വയസ്സുള്ള ഒന്നാം സീഡുകാരി ചൈനയിലെ ചെങ്ദുവിൽ നടന്ന ചാമ്പ്യൻഷിപ്പിൽ ഫൈനലിൽ വിയറ്റ്നാമിന്റെ തി തു ഹുയൻ എൻഗുയെനെ തോൽപിച്ചാണ് സ്വർണമെഡൽ നേടിയത്. സ്കോർ: 22-20, 21-11. 34 മിനിറ്റുകൊണ്ടാണ് രണ്ടാം സീഡായ എതിരാളിയെ തൻവി കീഴടക്കിയത്. 2017ൽ സമിയ ഇമാദ് ഫാറൂഖിയും 2019ൽ തസ്നിം മിറും ഇന്ത്യക്കുവേണ്ടി അണ്ടർ 15 ഏഷ്യൻ ചാമ്പ്യൻഷിപ് നേടിയിരുന്നു. അണ്ടർ 17 വിഭാഗത്തിൽ ജ്ഞാന ദത്തു മൂന്നാം സ്ഥാനം നേടി.
ഒരു ഗെയിം പോലും എതിരാളികൾക്ക് വിട്ടുകൊടുക്കാതെയാണ് ചാമ്പ്യൻഷിപ്പിൽ തൻവി ജേത്രിയായത്. ഫൈനലിൽ ആദ്യ ഗെയിമിൽ 11-17ന് പിന്നിലായിരുന്നിട്ടും ഗംഭീരമായി തിരിച്ചുവരുകയായിരുന്നു. രണ്ടാം ഗെയിമിൽ എളുപ്പത്തിൽ മുന്നേറാനായി.
ഇന്ത്യയുടെ കരുത്തുറ്റ പ്രതിഭയെ ഒരിക്കൽ കൂടി അടിവരയിടുന്നതാണ് ഈ നേട്ടമെന്ന് ബാഡ്മിന്റൺ അസോസിയേഷൻ ഓഫ് ഇന്ത്യ സെക്രട്ടറി ജനറൽ സഞ്ജയ് മിശ്ര പറഞ്ഞു. ശക്തവും അങ്ങേയറ്റം മത്സരാധിഷ്ഠിതവുമായ ആഭ്യന്തര മത്സരങ്ങൾ പ്രധാന അന്താരാഷ്ട്ര മത്സരങ്ങൾക്കായി സജ്ജമാക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നതായി അദ്ദേഹം പറഞ്ഞു. മറ്റ് ഇന്ത്യൻ യുവതാരങ്ങളിൽ നിന്നും ഇനിയും നിരവധി കിരീട നേട്ടങ്ങളുണ്ടാകുമെന്ന് ഉറപ്പാണെന്നും സഞ്ജയ് മിശ്ര അഭിപ്രായപ്പെട്ടു.