പടികൾ കയറുമ്പോൾ പോലും കിതക്കുന്നെന്ന് ഉസൈൻ ബോൾട്ട്, ജിം മുടങ്ങി, ആരോഗ്യം മോശമായെന്നും താരം
text_fieldsകിങ്സ്റ്റൺ(ജമൈക): വീടിന്റെ പടികൾ കയറുമ്പോൾ പോലും കിതക്കുന്നുവെന്ന് ഉസൈൻ ബോൾട്ട്. വ്യായാമം കുറഞ്ഞുവെന്നും വീട്ടിൽ കുടുതൽ സമയം ചെലവഴിക്കുന്നതുകൊണ്ട് ആരോഗ്യം മോശമാകുന്നുവെന്നും ട്രാക്കിൽ വേഗത കൊണ്ട് ചരിത്രം രചിച്ച താരം വെളിപ്പെടുത്തി.
‘അത്ര ഇഷ്ടമല്ലെങ്കിലും ഞാൻ ജിം വർക്കൗട്ടുകൾ ചെയ്യാറുണ്ട്. കുറച്ചുനാളുകളായി മൈതാനത്തിറങ്ങിയിട്ട്. എനിക്ക് ഓടാൻ തുടങ്ങണം. വീടിന്റെ മുകളിലെ നിലയിലേക്ക് സ്റ്റെപ്പുകൾ കയറുമ്പോൾ പോലും ഇപ്പോൾ എനിക്ക് ശ്വാസം കിട്ടാതാവുന്നു. ഇതൊന്ന് ശരിയാക്കാൻ ഓടാനിറങ്ങണം’ -ഉസൈൻ പറഞ്ഞു.
എട്ട് തവണ ഒളിമ്പിക് സ്വർണ്ണ മെഡൽ ജേതാവായ ബോൾട്ട് 2017ൽ സജീവ മത്സരങ്ങളിൽ നിന്ന് വിരമിച്ചു. 100 മീറ്റർ, 200 മീറ്റർ, 4x100 മീറ്റർ റിലേ എന്നിവയിൽ ലോക റെക്കോർഡ് സ്വന്തമാക്കിയ ഉസൈൻറെ ഫിറ്റ്നസിനെ പ്രായം കീഴ്പെടുത്തുന്നുവെന്ന് കൂടിയാണ് വെളിപ്പെടുത്തൽ. 11 തവണ ലോക ചാമ്പ്യനായ അദ്ദേഹം ഇനി ഓട്ടത്തിനോ സ്പ്രിന്റിലോ മത്സര രംഗത്തിറങ്ങില്ലെന്ന് ദ ഗാർഡിയന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.
തന്റെ സമയത്തിന്റെ ഭൂരിഭാഗവും വീട്ടിലാണെന്ന് ഉസൈൻ ബോൾട്ട് വെളിപ്പെടുത്തി. ‘സാധാരണയായി, കുട്ടികളെ സ്കൂളിൽ അയക്കാൻ ഞാൻ നേരത്തെ ഉണരും. പിന്നെ ഒന്നും ചെയ്യാനില്ലെങ്കിൽ, നല്ല മൂഡിലാണെങ്കിൽ വ്യായാമം ചെയ്യും. കുട്ടികൾ വരുന്നത് വരെ ചിലപ്പോൾ സിനിമയോ സീരീസോ കണ്ടിരിക്കും. അവരെത്തിയാൽ അവർക്കൊപ്പം സമയം ചിലവഴിക്കും.’- ബോൾട്ട് കൂട്ടിച്ചേർത്തു.
എട്ടുവർഷം മുമ്പ് കളമൊഴിഞ്ഞ ഉസൈൻ ബോൾട്ടിന് ഇന്നും ട്രാക്കിൽ പകരക്കാരനില്ലെന്ന് കായിക പ്രേമികൾ പറയുന്നു. 100 മീറ്ററിൽ ഒബ്ളിക് സെവില്ലെ ചാമ്പ്യനായെങ്കിലും ട്രാക്കിനപ്പുറം താരപരിവേഷം ബോൾട്ടിനോളം ലഭിച്ച മറ്റൊരാളില്ല.
അഞ്ച് വയസ്സുള്ള മകൾ ഒളിമ്പിയ ലൈറ്റ്‌നിംഗിനും നാല് വയസ്സുള്ള ഇരട്ട ആൺകുട്ടികളായ സെന്റ് ലിയോയ്ക്കും തണ്ടറിനും സ്നേഹമുള്ള പിതാവാണ് നിലവിൽ ഉസൈൻ ബോൾട്ട്. ഒരുകാലത്തെ അച്ഛന്റെ താരപരിവേഷത്തെക്കുറിച്ച് അവർക്ക് കാര്യമായ ധാരണയൊന്നുമില്ല. ബീജിംഗിൽ രണ്ടുവർഷത്തിനപ്പുറം നടക്കുന്ന ലോക ചാമ്പ്യൻഷിപ്പിൽ മക്കളുമായി പോകണമെന്നും എവിടെയാണ് തൻറെ തുടക്കമെന്ന് അവർക്ക് കാണിച്ചുകൊടുക്കണമെന്നുമുള്ള ആഗ്രഹവും 39കാരനായ ബോൾട്ട് പങ്കുവെക്കുന്നു.