വനിത താരങ്ങളുടെ ഫുട്ബാൾ ഹോസ്റ്റൽ എസ്.ആർ.വി സ്കൂളിൽ ഒരുക്കാൻ നീക്കം
text_fieldsകൊച്ചി: സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ കീഴിൽ പ്രവർത്തിച്ചിരുന്ന, ദിവസങ്ങൾക്കുമുമ്പ് ഉടമസ്ഥൻ ഒഴിപ്പിച്ച വനിത ഫുട്ബാൾ അക്കാദമിയുടെ ഭാഗമായുള്ള ഹോസ്റ്റൽ എറണാകുളം എസ്.ആർ.വി സ്കൂളിൽ പുനരാരംഭിക്കാൻ നീക്കം. ഇതുസംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രിയുടെ അനുമതി തേടിയിരിക്കുകയാണ് ജില്ല സ്പോർട്സ് കൗൺസിൽ. സ്കൂൾ തുറന്ന് രണ്ടാഴ്ചയിലേറെയായിട്ടും ക്ലാസിൽ പോകാനോ ഫുട്ബാൾ പരിശീലനം നടത്താനോ ആവാതെ നിരവധി കായികതാരങ്ങൾ വെട്ടിലായതുസംബന്ധിച്ച് മാധ്യമം നൽകിയ വാർത്തയെത്തുടർന്നാണ് നടപടി.
എന്നാൽ, സംസ്ഥാന സ്പോർട്സ് കൗൺസിൽ ഇപ്പോഴും പുതിയ വാടകക്കെട്ടിടത്തിനായുള്ള ‘അന്വേഷണത്തിൽ’തന്നെയാണ്. ഹോസ്റ്റൽ കെട്ടിടത്തിനായി അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും കൊച്ചി നഗരത്തിൽ പുതിയൊരു സൗകര്യം ഒരുക്കുന്നത് അത്ര എളുപ്പമല്ലെന്നും സ്പോർട്സ് കൗൺസിൽ സംസ്ഥാന പ്രസിഡൻറ് യു. ഷറഫലി മാധ്യമത്തോട് പറഞ്ഞു.
പട്ടികവർഗ വികസന വകുപ്പിനു കീഴിലുള്ള ട്രൈബൽ കോംപ്ലക്സ് ഉൾപ്പെടെ ചില ഇടങ്ങൾ പരിഗണനയിലാണെന്നും നടപടികൾ പുരോഗമിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ, വിദ്യാഭ്യാസ വകുപ്പിന്റെ സഹായത്തോടെ എസ്.ആർ.വി സ്കൂളിലെ ഒഴിഞ്ഞുകിടക്കുന്ന ക്ലാസ് മുറികളിൽ ഡോർമിറ്ററി സൗകര്യം ഒരുക്കാനുള്ള നീക്കത്തിലാണ് കുന്നത്തുനാട് എം.എൽ.എ കൂടിയായ പി.വി. ശ്രീനിജിൻ പ്രസിഡൻറായ ജില്ല സ്പോർട്സ് കൗൺസിൽ നേതൃത്വം.
വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഇതിനായി വാക്കാൽ അനുമതി നൽകിയതായും ഉടൻ ഔദ്യോഗിക തീരുമാനം ഉണ്ടാകുമെന്നും എം.എൽ.എ വ്യക്തമാക്കി. സ്പോർട്സ് കൗൺസിൽ നേതൃത്വത്തിന്റെ െകടുകാര്യസ്ഥതയാണ് ഹോസ്റ്റൽ മാറ്റം നീളുന്നതിനു കാരണമെന്ന് അദ്ദേഹം ആരോപിച്ചു.
മികച്ച രീതിയിൽ നടന്നുകൊണ്ടിരുന്ന ഹോസ്റ്റലിെൻറ വാടകക്കരാർ മൂന്നുവർഷത്തേക്ക് എന്നതിനുപകരം പത്തുമാസത്തേക്ക് ആക്കിയതാണ് കെട്ടിടത്തിൽനിന്ന് ഒഴിപ്പിക്കാനുള്ള കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സംസ്ഥാനത്താദ്യമായി സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിനു കീഴിൽ 2022ൽ ആരംഭിച്ച വനിത ഫുട്ബാൾ അക്കാദമിയുടെ ഭാഗമായുള്ള കടവന്ത്രയിലെ ഹോസ്റ്റൽ പൂട്ടിയതും 20ലേറെ ഫുട്ബാൾ പ്രതിഭകളുടെ പഠനവും പരിശീലനവും മുടങ്ങിയതും സംബന്ധിച്ച് മാധ്യമം വാർത്തകൾ നൽകിയിരുന്നു. പത്ത്, പ്ലസ്ടു ക്ലാസുകളിലുൾപ്പെടെ പഠിക്കുന്ന വിദ്യാർഥികൾക്ക് ഇതിനകം നിരവധി പ്രവൃത്തിദിനങ്ങൾ നഷ്ടമായതും വലിയ സമ്മർദത്തിലാക്കുന്നുണ്ട്.