യു സിദി ചെറിയ മീനല്ല; ലോക നീന്തൽ ചാമ്പ്യൻഷിപ്പിൽ 12കാരി
text_fieldsലോക നീന്തൽ ചാമ്പ്യൻഷിപ്പ് 200 മീറ്റർ വ്യക്തിഗത മെഡ്ലെ മത്സരിക്കുന്ന യു സിദി
സിംഗപ്പൂർ: ലോക നീന്തൽ ചാമ്പ്യൻഷിപ്പിന്റെ ആദ്യ ദിവസം ശ്രദ്ധാകേന്ദ്രമായത് ചൈനീസ് താരമായ 12 വയസ്സുകാരി. വനിത 200 മീറ്റർ വ്യക്തിഗത മെഡ്ലെയിൽ പങ്കെടുത്ത യു സിദി സെമി ഫൈനലിലേക്ക് മുന്നേറുകയും ചെയ്തു. പ്രാഥമിക റൗണ്ടിൽ രണ്ട് മിനിറ്റ് 11.90 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് സെമി പ്രവേശം. 16 പേർ യോഗ്യത നേടിയപ്പോൾ 15ാമത്തെ മികച്ച സമയമാണ് യു സിദി രേഖപ്പെടുത്തിയത്.
രണ്ട് മിനിറ്റ് 11.90 സെക്കൻഡാണ് താരത്തിന്റെ സീസൺ ബെസ്റ്റ്. 400 മീ. വ്യക്തിഗത മെഡ്ലെയിലും 200 മീറ്റർ ബട്ടർഫ്ലൈയിലും യു സിദി ഇറങ്ങുന്നുണ്ട്. 200 മീറ്റർ ബട്ടർഫ്ലൈയിൽ 2:06.83 മിനിറ്റാണ് താരത്തിന്റെ മികച്ച സമയം. ഇതും 200 മീറ്റർ വ്യക്തിഗത മെഡ്ലെയിലെ സമയവും കഴിഞ്ഞ വർഷം നടന്ന പാരിസ് ഒളിമ്പിക്സിൽ നാലാം സ്ഥാനം നേടാൻ താരങ്ങളെടുത്ത പ്രകടനത്തേക്കാൾ മികച്ചതാണ്. ലോക ചാമ്പ്യൻഷിപ്പിന് വേൾഡ് അത്ലറ്റിക്സ് നിഷ്കർഷിക്കുന്ന കുറഞ്ഞ പ്രായം 14 വയസ്സാണ്. എന്നാൽ, 14ന് മുമ്പുതന്നെ യോഗ്യത മാർക്ക് പിന്നിടുന്ന താരങ്ങൾക്ക് പങ്കെടുക്കാൻ അനുമതിയുണ്ട്.
ആര്യനും ലിഖിത്തിനും നിരാശ
സിംഗപ്പൂർ: ലോക നീന്തൽ ചാമ്പ്യൻഷിപ്പിൽ മുന്നേറാനാവാതെ ഇന്ത്യൻ താരങ്ങൾ. പുരുഷന്മാരുടെ 400 മീറ്റർ ഫ്രീ സ്റ്റൈൽ ഹീറ്റ്സിൽ 37ാം സ്ഥാനമാണ് ആര്യൻ നെഹ്റക്ക് ലഭിച്ചത്. നാലുമിനിറ്റ് 00.39 സെക്കൻഡിലായിരുന്നു ഫിനിഷിങ്. ആദ്യ എട്ട് സ്ഥാനക്കാർക്കാണ് സെമി ഫൈനൽ യോഗ്യത. 100 മീറ്റർ ബ്രെസ്റ്റ് സ്ട്രോക്കിൽ എസ്.പി. ലിഖിത്ത് ഒരു മിനിറ്റ് 01.99 സെക്കൻഡിൽ നീന്തിക്കയറി 40ാംസ്ഥാനത്തായി. 16 പേർക്കാണ് സെമിയിൽ ഇറങ്ങാനാവുക.