മുന്നണിമാറ്റം എത്രയെളുപ്പം
text_fieldsപ്രതീകാത്മക ചിത്രം (എ.ഐ നിർമിതം)
വോട്ടെണ്ണൽ കഴിഞ്ഞ് ഇത്രയും ദിവസം പിന്നിടുമ്പോഴും തമിഴ്നാട്ടിലെ രാഷ്ട്രീയ നിരീക്ഷകർക്കും പരമ്പരാഗത പാർട്ടികൾക്കും അമ്പരപ്പ് വിട്ടൊഴിഞ്ഞിട്ടില്ല. നടൻ വിജയ് യുടെ തമിഴക വെട്രി കഴകം (ടി.വി.കെ) ദ്രാവിഡ കക്ഷികളെയും ദേശീയ പാർട്ടികളെയും ഞെട്ടിച്ച് അധികാരം പിടിക്കുമെന്ന് അവരാരും പ്രതീക്ഷിച്ചതല്ല. സിനിമയും രാഷ്ട്രീയവും ഇഴചേർന്ന് കിടക്കുന്ന തമിഴ്നാട്ടിൽ പ്രായോഗിക രാഷ്ട്രീയത്തിലെ കടമ്പകൾ കടക്കാൻ മുമ്പ് രാഷ്ട്രീയത്തിലിറങ്ങിയ ഭൂരിഭാഗം സിനിമാ താരങ്ങൾക്കും കഴിഞ്ഞിരുന്നില്ല. പാർട്ടി രൂപവത്കരണ ശേഷം വന്നുഭവിച്ച അപ്രതീക്ഷിത ദുരന്തങ്ങൾ വിജയ് ക്ക് കടുത്ത പ്രതിസന്ധികൾ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെട്ടിരുന്നത്. മുഖ്യമന്ത്രിയായിരുന്ന എം.കെ. സ്റ്റാലിന്റെ ജനപ്രീതിയാണെങ്കിൽ സംസ്ഥാനവും കടന്ന് ദേശീയതലത്തിൽ വരെ കുതിച്ചുയർന്നുനിൽക്കുകയുമായിരുന്നു. എന്നാൽ, ജനപ്രീതി ഉപയോഗപ്പെടുത്തി രാഷ്ട്രീയത്തിൽ മുന്നേറാനാവുമെന്ന വിജയ് യുടെ കണക്കുകൂട്ടൽ കിറുകൃത്യമായി. സംസ്ഥാന വ്യാപകമായി സന്നദ്ധ- സേവന പ്രവർത്തനങ്ങൾ നടത്തിയിരുന്ന രസികർ മൺറങ്ങളെയാണ് വിജയ് തന്റെ പാർട്ടിയുടെ അടിത്തറയാക്കിയത്.
ഫാഷിസ്റ്റ് കക്ഷിയായ ബി.ജെ.പിയെ പ്രത്യയശാസ്ത്ര വിരോധിയായും പെരിയാറിനെയും അണ്ണാദുരൈയെയും മുൻനിർത്തി ദ്രാവിഡ മാതൃകയുടെ പേരിൽ കുടുംബാധിപത്യ രാഷ്ട്രീയം നടത്തുന്ന ഡി.എം.കെയെ മുഖ്യ രാഷ്ട്രീയ ശത്രുവായും പ്രഖ്യാപിച്ച് രാഷ്ട്രീയത്തിലിറങ്ങിയ വിജയ് പ്രചാരണ യോഗങ്ങളിൽ ബി.ജെ.പി-അണ്ണാ ഡി.എം.കെ കക്ഷികളെ കാര്യമായി വിമർശിച്ചില്ല. പകരം ഡി.എം.കെയെ ശത്രുസ്ഥാനത്ത് നിർത്തി കടന്നാക്രമണംതന്നെ നടത്തി. ഫലം പുറത്തുവന്നപ്പോൾ 108 സീറ്റുകളോടെ ടി.വി.കെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത അവസ്ഥ മുതലാക്കി ഗവർണറെ ഉപയോഗിച്ച് ബി.ജെ.പി കളി തുടങ്ങുമെന്ന് തിരിച്ചറിഞ്ഞ ഡി.എം.കെ സഖ്യകക്ഷികളായ ഇടതുകക്ഷികളും മുസ്‍ലിം ലീഗും വിടുതലൈ ശിറുതൈകൾ കക്ഷി യും (വി.സി.കെ) വിജയ്ക്ക് പിന്തുണയുമായി രംഗത്തെത്തി.
കോൺഗ്രസ് നേരത്തേതന്നെ ടി.വി.കെ പാളയത്തിലെത്തിയിരുന്നു. അതോടെയാണ് വിജയ് മുഖ്യമന്ത്രി പദം ഉറപ്പിച്ചത്. വിശ്വാസ വോട്ടെടുപ്പിൽ അണ്ണാ ഡി.എം.കെ വിമത വിഭാഗത്തിലെ 25 എം.എൽ.എമാർകൂടി അനുകൂല നിലപാട് സ്വീകരിച്ചതോടെ 144 പേരുടെ പിന്തുണയോടെ വിജയ് സർക്കാർ ആദ്യ കടമ്പ അനായാസമായി കടന്നു. 234 അംഗ നിയമസഭയിൽ 118 പേരുടെ പിന്തുണയാണ് കേവല ഭൂരിപക്ഷത്തിനാവശ്യം. 1967നുശേഷം തമിഴകത്ത് ഇതാദ്യമായാണ് കൂട്ടുകക്ഷി സർക്കാർ ഭരണത്തിലെത്തുന്നത്. വിജയ് ഉൾപ്പെടെ 35 അംഗ മന്ത്രിസഭയിൽ കോൺഗ്രസ്, മുസ്‍ലിം ലീഗ്, വി.സി.കെ കക്ഷികളുടെ പ്രതിനിധികളും ഉൾപ്പെടുന്നു. ഇടതുകക്ഷികൾ വിജയ് സർക്കാറിന് പുറമെനിന്നാണ് പിന്തുണ നൽകുന്നത്.
തെരഞ്ഞെടുപ്പ് ഫലം പരിശോധിക്കുമ്പോൾ ഡി.എം.കെ പൂർണമായും തകർന്നുവെന്ന് കരുതാനാവില്ല. ടി.വി.കെ 35 ശതമാനം വോട്ട് നേടിയപ്പോൾ ഡി.എം.കെ 32 ശതമാനം വോട്ട് പിടിച്ചിട്ടുണ്ട്. ബി.ജെ.പി-അണ്ണാ ഡി.എം.കെ കക്ഷികളിൽനിന്ന് നിശ്ചിത ശതമാനം വോട്ടുകളും ഡി.എം.കെ സർക്കാറിനെതിരായ അസംതൃപ്ത വോട്ടുകളും വിജയ് യോടുള്ള താരാരാധനയും ഒത്തുചേർന്നപ്പോഴാണ് ടി.വി.കെ തരംഗം രൂപപ്പെട്ടത്.
വിജയ് സർക്കാർ അധികാരമേറിയതോടെ തമിഴക രാഷ്ട്രീയത്തിൽ പുതിയ മുന്നണി ധ്രുവീകരണത്തിനാണ് തുടക്കമായിരിക്കുന്നത്. രാഷ്ട്രീയകക്ഷികൾ തമ്മിലുള്ള പരസ്പര വിശ്വാസം നഷ്ടപ്പെട്ടതോടെ മുന്നണികൾ ശിഥിലമായി. സഖ്യകക്ഷികൾ മുന്നണി വിട്ടുപോയതോടെ ഡി.എം.കെ സംസ്ഥാന-ദേശീയ രാഷ്ട്രീയത്തിൽ ഒറ്റപ്പെട്ട നിലയിലാണ്. അണ്ണാ ഡി.എം.കെയാണെങ്കിൽ പിളർപ്പിന്റെ വക്കിലും. 10 വർഷക്കാലമായി ഡി.എം.കെയോടൊപ്പം ഉറച്ചുനിന്ന പാർട്ടികളെ വിജയ് വലവീശിപ്പിടിച്ചു. നിലവിൽ ഡി.എം.കെയോടൊപ്പം പ്രേമലത വിജയ്കാന്ത് നയിക്കുന്ന ഡി.എം.ഡി.കെയും വൈകോയുടെ എം.ഡി.എം.കെയും മാത്രമാണുള്ളത്.
വിജയ് സ്വീകരിച്ചുവരുന്ന മതേതര നിലപാട് ചൂണ്ടിക്കാട്ടിയാണ് ഡി.എം.കെയോടൊപ്പം ഉണ്ടായിരുന്ന സഖ്യകക്ഷികൾ പാളയം മാറിയത്. ദലിത് സമൂഹത്തിൽനിന്ന് എട്ടുപേരെയും മുസ്‍ലിം ലീഗ് പ്രതിനിധിയെയും മന്ത്രിസഭയിൽ ഉൾപ്പെടുത്തിയതും ശ്രദ്ധേയമായി.
ഫലപ്രഖ്യാപനത്തിന്റെ തൊട്ടടുത്ത ദിവസത്തിൽതന്നെ പൊടുന്നനെ കോൺഗ്രസ് ടി.വി.കെ ക്യാമ്പിലെത്തിയത് ഡി. എം.കെ കേന്ദ്രങ്ങളിൽ കടുത്ത അമർഷത്തിനിടയാക്കി. ഡി.എം.കെ വോട്ട്ബാങ്കിന്റെ പിൻബലത്തിൽ അഞ്ച് സീറ്റുകൾ നേടിയ കോൺഗ്രസ് സ്റ്റാലിനെ നേരിൽക്കണ്ട് നന്ദിപോലും പറയാതെ കൂറുമാറിയത് വിശ്വാസ വഞ്ചനയാണെന്നാണ് ഡി.എം.കെ നേതാക്കൾ ആരോപിച്ചത്. ഇടതുകക്ഷികളുടെയും മുസ്‍ലിം ലീഗ്, വി.സി.കെ കക്ഷികളുടെയും നേതാക്കൾ എം.കെ. സ്റ്റാലിനുമായി ആശയവിനിമയം നടത്തിയ ശേഷമാണ് വിജയ് പക്ഷത്തേക്ക് മാറിയത്. ഈയൊരു രാഷ്ട്രീയമര്യാദപോലും കാണിക്കാതെ മുതുകിൽ കുത്തിയാണ് കോൺഗ്രസ് മറുകണ്ടം ചാടിയതെന്ന് ഡി.എം.കെ കേന്ദ്രങ്ങൾ ആരോപിക്കുന്നു. സംസ്ഥാന-ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസിനെ അടിക്കാൻ കിട്ടുന്ന ഏതൊരു അവസരവും ഡി.എം.കെ ഉപയോഗപ്പെടുത്തുമെന്നാണ് കരുതപ്പെടുന്നത്.
ലോക്സഭയിൽ ഡി.എം.കെ അംഗങ്ങൾക്ക് പ്രത്യേക ബ്ലോക്ക് അനുവദിക്കണമെന്നാവശ്യപ്പെട്ട് കനിമൊഴി എം.പി സ്പീക്കർക്ക് കത്ത് നൽകിയത് ഇതിന്റെ സൂചനയാണ്. എന്നാൽ, ഇൻഡ്യാ സഖ്യത്തിൽ ടി.വി.കെയെക്കൂടി കൊണ്ടുവരാനായിരിക്കും കോൺഗ്രസ് ശ്രമിക്കുക.
അതേസമയം, അണ്ണാ ഡി.എം.കെ സഖ്യത്തിൽ 27 സീറ്റുകളിൽ മത്സരിച്ച് ഒരു സീറ്റ് മാത്രമാണ് ലഭിച്ചതെന്നത് ബി.ജെ.പി പ്രവർത്തകരെ കടുത്ത നിരാശയിലാക്കിയിട്ടുണ്ട്. ജയസാധ്യതയില്ലാത്ത സീറ്റുകളാണ് അണ്ണാ ഡി.എം.കെ വിട്ടുനൽകിയതെന്നാണ് ആരോപണം. അതേസമയം, ഭരണം കിട്ടിയില്ലെങ്കിലും ഡി.എം.കെ സർക്കാറിനെ താഴെയിറക്കാൻ കഴിഞ്ഞതുതന്നെ വിജയമാണെന്ന വിലയിരുത്തലിലാണ് ബി.ജെ.പി കേന്ദ്ര നേതൃത്വം. മന്ത്രിസഭ രൂപവത്കരിക്കുന്നതിന് വിജയ്ക്ക് മുന്നിൽ അനാവശ്യ തടസ്സങ്ങൾ സൃഷ്ടിച്ച ഗവർണർ കേന്ദ്രം ഏൽപിച്ച ദൗത്യം ഭംഗിയായി നിറവേറ്റിക്കൊള്ളുമെന്ന് അവർക്കുറപ്പുണ്ട്. ●


