Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightTECHchevron_rightSciencechevron_rightചുവന്ന ഗ്രഹത്തിന്റെ...

ചുവന്ന ഗ്രഹത്തിന്റെ രഹസ്യങ്ങൾ തേടി ശാസ്ത്രലോകം; ചൊവ്വയിൽ ഗാർനെറ്റ് ധാതുവിന്റെ സാന്നിധ്യം

text_fields
bookmark_border
ചുവന്ന ഗ്രഹത്തിന്റെ രഹസ്യങ്ങൾ തേടി ശാസ്ത്രലോകം; ചൊവ്വയിൽ ഗാർനെറ്റ് ധാതുവിന്റെ സാന്നിധ്യം
cancel

ലണ്ടൻ: ചൊവ്വാ ഗ്രഹത്തെക്കുറിച്ചുള്ള നമ്മുടെ ധാരണകളെ പാടെ മാറ്റിമറിച്ചേക്കാവുന്ന ചരിത്രപരമായ കണ്ടെത്തലുമായി അന്താരാഷ്ട്ര ശാസ്ത്രജ്ഞരുടെ സംഘം. ചൊവ്വയിൽ തികച്ചും പുതിയൊരു തരം പാറ കണ്ടെത്തിയതിനൊപ്പം, ചരിത്രത്തിലാദ്യമായി ചൊവ്വയിൽ നിന്നുള്ള സാമ്പിളിൽ 'ഗാർനെറ്റ്' എന്ന വിലപിടിപ്പുള്ള ധാതുവും ശാസ്ത്രജ്ഞർ തിരിച്ചറിഞ്ഞു.

കാനഡയിലെ റോയൽ ഒന്റാറിയോ മ്യൂസിയത്തിന്റെ ശേഖരത്തിലുള്ള 'എൻ.ഡബ്ല്യു.എ 8171' (NWA 8171) എന്ന ചൊവ്വാ ഉൽക്കയുടെ ഒരു ചെറിയ ഭാഗം വിശദമായി വിശകലനം ചെയ്തപ്പോഴാണ് ഈ വിസ്മയകരമായ കണ്ടെത്തൽ ഉണ്ടായത്. സാമ്പിളിന്റെ പ്രാഥമിക രാസപരിശോധനകളിൽ ചില അസാധാരണത്വങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന്, അത്യാധുനിക ലേസർ സാങ്കേതികവിദ്യയും ഇലക്ട്രോൺ മൈക്രോസ്കോപ്പിയും ഉപയോഗിച്ച് ശാസ്ത്രജ്ഞർ കൂടുതൽ വിശദമായ പഠനം നടത്തുകയായിരുന്നു.

പുരാതന ഈജിപ്തുകാർക്കും റോമാക്കാർക്കും വിക്ടോറിയൻ കാലഘട്ടത്തിലെ പ്രഭുക്കന്മാർക്കും ഇടയിൽ ഏറെ ജനപ്രിയമായിരുന്ന ഇരുണ്ട ചുവപ്പ് നിറത്തിലുള്ള ഒരു രത്നക്കല്ലാണ് (ധാതു) ഗാർനെറ്റ്. ഭൂമിയിൽ, ഭൂവൽക്കത്തിന് താഴെയുള്ള ടെക്റ്റോണിക് ശക്തികൾ, കടുത്ത താപനില, മർദം, പാറകളും ദ്രാവകങ്ങളും തമ്മിലുള്ള സങ്കീർണ്ണമായ പ്രതിപ്രവർത്തനങ്ങൾ എന്നിവ പഠിക്കാൻ ഭൂശാസ്ത്രജ്ഞർ പ്രധാനമായും ആശ്രയിക്കുന്ന ഒന്നാണ് ഈ ധാതു.

ശതകോടിക്കണക്കിന് വർഷങ്ങൾക്ക് മുമ്പുള്ള ചൊവ്വയുടെ ഭൂഗർഭ ചരിത്രം കാത്തുസൂക്ഷിക്കുന്ന ഒരു 'ടൈം കാപ്സ്യൂൾ' പോലെയാണ് ഈ പുതിയ പാറയെന്ന് വിദഗ്ധർ വിശ്വസിക്കുന്നു. ചൊവ്വയുടെ ഭൂഗർഭ ഘടനയെക്കുറിച്ചുള്ള പഠനങ്ങൾക്ക് ഈ കണ്ടെത്തൽ പുതിയൊരു ദിശാബോധം നൽകുമെന്ന് യു.കെയിലെ പോർട്സ്മൗത്ത് സർവകലാശാലയിലെ പ്രൊഫസർ ജെയിംസ് ഡാർലിങ് വ്യക്തമാക്കി.

ഈ രത്നം ചൊവ്വയിൽ തന്നെ രൂപപ്പെട്ടതാണോ എന്ന കാര്യത്തിൽ ശാസ്ത്രജ്ഞർ ഇപ്പോഴും പൂർണ്ണമായി ഉറപ്പിച്ചു പറയുന്നില്ല. കടുത്ത ചൂടും മർദവും കാരണമുണ്ടാകുന്ന രൂപാന്തരീകരണത്തിലൂടെയാണ് സാധാരണയായി ഗാർനെറ്റ് രൂപപ്പെടുന്നതെന്ന് പഠനത്തിന് നേതൃത്വം നൽകിച്ച ബ്രോക്ക് സർവകലാശാലയിലെ ഗവേഷക ടാനിയ കിസോവ്സ്കി വിശദീകരിക്കുന്നു. ഇവ കൂടാതെ, ഈ പാറക്ക് ചൊവ്വക്ക് പുറത്തുള്ള മറ്റ് ഏതെങ്കിലും ബഹിരാകാശ വസ്തുക്കളുമായി ബന്ധമുണ്ടാകാനുള്ള നേരിയ സാധ്യതയുമുണ്ട്.

അതായത്, മറ്റൊരു ബഹിരാകാശ കൂട്ടിയിടിയിലൂടെ ചൊവ്വയിലെത്തുകയും പിന്നീട് അവിടെനിന്ന് ഭൂമിയിലേക്ക് പതിക്കുകയും ചെയ്തതാകാം ഇത്. പാറയുടെ കൃത്യമായ ഉത്ഭവം സ്ഥിരീകരിക്കുന്നതിനായി ഓക്സിജൻ ഐസോടോപ്പുകൾ ഉപയോഗിച്ചുള്ള കൂടുതൽ ശാസ്ത്രീയ പരിശോധനകൾ നടത്തേണ്ടതുണ്ട്. പ്രശസ്ത ശാസ്ത്ര മാസികയായ ജിയോകെമിക്കൽ പെർസ്‌പെക്റ്റീവ്സ് ലെറ്റേഴ്സിൽ ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Show Full Article
TAGS:mars discovery meteorite Science News geology 
News Summary - Garnet mineral is found on Mars
Next Story