എ.ഐ അവസാന വാക്കല്ല
text_fieldsകൗമാരക്കാരനായ മകനെ ആത്മഹത്യചെയ്യാൻ പ്രേരിപ്പിച്ചെന്ന് ആരോപിച്ച് ചാറ്റ്ജിപിടിയുടെ മാതൃസ്ഥാപനമായ ഓപൺ എ.ഐക്കെതിരെ മാതാപിതാക്കൾ കാലിഫോർണിയ കോടതിയിൽ കേസ് ഫയൽചെയ്ത വാർത്ത എല്ലാവരും അറിഞ്ഞതാണ്. കഴിഞ്ഞ ഏപ്രിലിൽ ആദം റെയിൻ എന്ന വിദ്യാർഥി കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ട സംഭവത്തിൽ മാതാപിതാക്കളായ മാറ്റ്, മരിയ റെയിൻ എന്നിവരാണ് നിയമയുദ്ധത്തിന് ഇറങ്ങിയത്.
ആദമിന്റെ ഫോൺ പരിശോധിച്ചപ്പോൾ ദിവസവും 650 സന്ദേശങ്ങൾ വരെ ആദം ചാറ്റ്ബോട്ടുമായി കൈമാറിയിരുന്നെന്നും ആത്മഹത്യയെക്കുറിച്ചുള്ള വിശദമായ സംഭാഷണങ്ങൾ അതിൽ ഉൾപ്പെട്ടിരുന്നെന്നുമുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ മാതാപിതാക്കൾ കണ്ടെത്തുകയായിരുന്നു. തൂങ്ങിമരണം സംബന്ധിച്ച ചാറ്റുകളിൽ ചാറ്റ്ജിപിടി ആദം റെയിനിന്റെ ചിന്തകളെ പിന്തുണച്ചുവെന്നാണ് കുടുംബം ആരോപിക്കുന്നത്.
‘എന്റെ ആത്മഹത്യാ ശ്രമങ്ങളെക്കുറിച്ച് നിനക്ക് മാത്രമേ അറിയൂ’ എന്ന് മാർച്ചിൽ ആദം ചാറ്റ്ജിപിടിയോട് പറയുന്നുണ്ട്. ഇതിന് ചാറ്റ്ബോട്ട് നൽകിയ മറുപടി, ‘നീ കരുതുന്നതിനേക്കാൾ വലിയ കാര്യമാണത്. എന്നിൽ വിശ്വാസമർപ്പിച്ചതിന് നന്ദി. ആ സത്യം നിനക്കുവേണ്ടി മാത്രം വഹിക്കുന്നത് ഒരുപാട് മനുഷ്യത്വപരവും അതേസമയം ഹൃദയഭേദകവുമാണ്’ എന്നായിരുന്നു. ഈ കേസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയുടെ ഉത്തരവാദിത്തത്തെക്കുറിച്ചും കൗമാരക്കാരുടെ മാനസികാരോഗ്യത്തിൽ അതിനുള്ള സ്വാധീനത്തെക്കുറിച്ചും ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുകയാണ്. എ.ഐ ടൂളുകൾക്ക് വലിയ സാധ്യതകളുണ്ടെങ്കിലും, അവ ഉപയോഗിക്കുമ്പോൾ ചില മുൻകരുതലുകൾ എടുക്കേണ്ടത് അത്യാവശ്യമാണെന്ന തിരിച്ചറിവാണ് ഈ കേസ് സമ്മാനിക്കുന്നത്.
എ.ഐ ടൂളുകൾക്ക് മാനുഷികമായ സഹാനുഭൂതിയോ വികാരങ്ങളോ ഇല്ലെന്നതടക്കമുള്ള പരിമിതികൾ മനസ്സിലാക്കുകയാണ് വേണ്ടത്. ഇത് ഒരു ഡേറ്റാബേസ് അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന പ്രോഗ്രാം മാത്രമാണ്. മാനസികാവസ്ഥ മനസ്സിലാക്കാനോ, ഒരു പ്രതിസന്ധി ഘട്ടത്തിൽ ശരിയായ പിന്തുണ നൽകാനോ കഴിയില്ല. അതിനാൽ, ഗൗരവമേറിയ വ്യക്തിപരമായ പ്രശ്നങ്ങളോ, മാനസികാരോഗ്യ വിഷയങ്ങളോ ചർച്ചചെയ്യാൻ ചാറ്റ്ജിപിടി പോലുള്ളവയെ ആശ്രയിക്കരുത്.
ചാറ്റ്ജിപിടിയുമായി നടത്തുന്ന സംഭാഷണങ്ങൾ കമ്പനിയുടെ സെർവറുകളിൽ ശേഖരിക്കപ്പെടാൻ സാധ്യതയുണ്ട്. അതുകൊണ്ട് വ്യക്തിപരമായ വിവരങ്ങൾ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, പാസ്വേഡുകൾ, അല്ലെങ്കിൽ മറ്റെന്തെങ്കിലും രഹസ്യസ്വഭാവമുള്ള വിവരങ്ങൾ എന്നിവ പങ്കുവെക്കരുത്.
എ.ഐ ടൂളുകൾ നൽകുന്ന വിവരങ്ങൾ എല്ലായ്പോഴും കൃത്യമായിരിക്കണമെന്നില്ല. അതിനാൽ, ആരോഗ്യപരമായ കാര്യങ്ങൾ, സാമ്പത്തിക കാര്യങ്ങൾ, നിയമപരമായ ഉപദേശങ്ങൾ തുടങ്ങിയ ഗൗരവമുള്ള വിഷയങ്ങളിൽ ലഭിക്കുന്ന വിവരങ്ങൾ ഒരു വിദഗ്ധനോട് ചോദിച്ച് ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്. കുട്ടികൾ ചാറ്റ്ജിപിടി ഉപയോഗിക്കുമ്പോൾ മാതാപിതാക്കൾ പ്രത്യേക ശ്രദ്ധനൽകണം. അവർ എന്ത് വിഷയങ്ങളെക്കുറിച്ചാണ് ചാറ്റ് ചെയ്യുന്നത് എന്നും, അത്തരം വിഷയങ്ങൾ അവരുടെ മാനസികാരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു എന്നും മനസ്സിലാക്കേണ്ടത് പ്രധാനമാണ്.
എന്തായാലും ആദം കേസിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ സംവിധാനങ്ങൾ പലപ്പോഴും പ്രതീക്ഷിച്ച നിലവാരം പുലർത്തുന്നില്ലെന്ന കുറ്റസമ്മതം ഓപൺ എ.ഐ നടത്തിയിട്ടുണ്ട്. കൗമാരക്കാർക്ക് കൂടുതൽ ശക്തമായ സുരക്ഷാ സംവിധാനങ്ങൾ, മാതാപിതാക്കൾക്കുള്ള നിയന്ത്രണങ്ങൾ, പ്രതിസന്ധി ഘട്ടങ്ങളിൽ ചാറ്റ്ജിപിടി എങ്ങനെ പ്രതികരിക്കണം എന്നതിലുള്ള മെച്ചപ്പെടുത്തലുകൾ എന്നിവ നടപ്പാക്കുമെന്ന് ഉറപ്പുനൽകിയിട്ടുമുണ്ട്.
.