അമൻ, കമ്പ്യൂട്ടർ ലോകത്തെ കൊച്ചുമിടുക്കൻ
text_fields2020ലെ കോവിഡ് അവധിയിൽ സമയം പോവാതെ മുഷിഞ്ഞ് വീർപ്പുമുട്ടിയവരായിരിക്കും പലരും. പുറത്തുപോവാനാവാതെ കമ്പ്യൂട്ടർ ഗെയിമും മൊബൈലും ടി.വിയുമായെല്ലാം കഴിച്ചുകൂട്ടി കാലം നീക്കി. എന്നാൽ, ഈ സമയം കമ്പ്യൂട്ടർ ഭാഷകൾ പഠിച്ച് സ്കൂൾ അധ്യാപകരെ ഞെട്ടിച്ച ഒരു മിടുക്കനുണ്ട് പായൂർ ചിറ്റാലിപിലാക്കലിൽ.
കൊടിയത്തൂർ വാദിറഹ്മ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായ അമൻ കെ.എം ആണ് കോഡിങ്ങുകൾ കാണാപാഠം പഠിച്ചെടുത്ത് വിവര സാങ്കേതിക വിദ്യാ ലോകത്തെ വരുതിയിലാക്കിയത്. എല്ലാം സ്വന്തമായി ഇൻറർനെറ്റിൽ പരതിയും വായിച്ചുമാണ് പഠിച്ചത്. സംശയങ്ങൾ അറിവുള്ളവരോട് ചോദിച്ച് തീർത്തു. അമെൻറ മിടുക്ക് നേരത്തെ മനസിലാക്കിയിരുന്ന സ്കൂൾ അധികൃതർക്ക് ഇതൊരു അത്ഭുമായിരുന്നില്ല. ആ കൊച്ചു മിടുക്കുനിൽ നിന്ന് അവർ ഇനിയും പ്രതീക്ഷിക്കുന്നുണ്ട്.
അഞ്ചാം ക്ലാസിലെത്തിയപ്പോഴേക്കും അമൻ കോഡിങ് ലോകത്തെ പ്രാഥമിക കാര്യങ്ങൾ മനസിലാക്കിയിരുന്നു. പിതാവ് അബ്ദുസ്സലാമിെൻറ സ്ഥാപനത്തിലെ വൈഫൈ ഉപയോഗപ്പെടുത്തിയാണ് ഇൻറർനെറ്റ് ലോകത്തു നിന്നും അക്കാര്യങ്ങൾ മനസിലാക്കിയത്. ഒന്നു രണ്ടു വർഷങ്ങൾക്കുള്ളിൽ പല പ്രോഗ്രാമിങ് ലാംഗ്വേജുകളിലും പഠിച്ചെടുത്തു. ഇപ്പോൾ ജാവ സ്ക്രിപ്റ്റും എച്ച്.ടി.എം.എല്ലും സി.എസ്.എസും ആൻഡ്രോയിഡുമെല്ലാം അമനിെൻറ വിരൽതുമ്പിൽ അനായാസം വഴങ്ങും. ചുരുങ്ങിയ സമയം കൊണ്ട് ബ്ലോക്ക് പ്രോഗ്രാമിങ്ങിലൂടെ സ്വയം ഗെയിമുകൾ വികസിപ്പിച്ചെടുത്തു. പത്താം ക്ലാസിലെത്തുന്നതിനു മുന്നെ കൂട്ടുകാർക്ക് പരിശീലനം നൽകാവുന്ന നിലയിൽ അമൻ അറിവ് നേടിയിരുന്നു. സ്വതന്ത്ര സോഫ്റ്റ്വെയർ രംഗത്ത് പുതിയതെന്തെങ്കിലും ചെയ്യാനാണ് ഇനി ആഗ്രഹം.
സ്വപ്ന ലോകത്ത് സ്വതന്ത്ര സോഫ്റ്റ്വെയറുകൾ
സ്വകാര്യ സോഫ്റ്റ്വെയറുകൾ സോഴ്സ് കോഡുകൾ (നിർമ്മാണ രേഖ) നൽകാത്തതുമൂലം മറ്റുള്ളവരുമായി പങ്കിടാൻ ഉപഭോക്താവിന് അവകാശമില്ല. ആ സോഫ്റ്റ് വെയറിൽ മാറ്റം വരുത്തുവാനും കഴിയില്ല. എന്നാൽ ജനറൽ പബ്ലിക്ക് ലൈസൻസ് അംഗീകരിക്കുന്ന ഓപൺ സോഫ്റ്റ് വെയറുകളുടെ നിർമ്മാണരേഖ ഉപഭോക്താവിന് ലഭ്യമാക്കുന്നുവെന്ന് മാത്രമല്ല സോഫ്റ്റ് വെയർ പകർത്താനും മറ്റുള്ളവരുമായി പങ്കുവക്കാനും അവകാശം ലഭിക്കും.
അമനിെൻറ സ്വപ്നവും ഈ മേഖലയിലാണ്. ഓപൺ സോഴ്സ് സോഫ്റ്റ്വെയറുകളിൽ കൂടുതൽ ഗവേഷണം നടത്തി സംഭാവനകൾ നൽകണം. ഫ്രീഡം, കോപറേഷൻ, ഷെയറിങ് എന്നീ പ്രമാണങ്ങളിൽ നിലനിൽക്കുന്ന സ്വതന്ത്ര സോഫ്റ്റ് വെയർ തത്വശാസ്ത്രം നിലവിൽ കൂടുതൽ ജനകീയമാകുന്നുണ്ട്.
പ്രമുഖ ഗ്നു/ലിനക്സ് വിതരണമായ ഡെബിയൻ ആധാരമാക്കി നിർമ്മിച്ച സ്വതന്ത്ര കമ്പ്യൂട്ടർ ഓപ്പറേറ്റിങ് സിസ്റ്റമായ ഉബുണ്ടുവിൽ അമൻ കോഡിങ് സംഭാവന നാൽകാൻ ശ്രമം നടത്തിയിരുന്നു. എന്നാൽ, മാൽവൈറസുകളുടെ സാന്നിധ്യം തിരിച്ചറിഞ്ഞതോടെ അത് അംഗീകരിക്കപ്പെട്ടില്ല. ലിനക്സ് കേണൽ ഉപയോഗിച്ച് സ്വന്തമായി ഒരു ഓപറേറ്റിങ് സിസ്റ്റവും അമൻ വികസിപ്പിച്ചിട്ടുണ്ട്. സ്വന്തം ലാപ്ടോപ്പിൽ ഇതാണ് പ്രവർത്തിപ്പിക്കുന്നത്.
പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞുള്ള അവധിയിൽ ഓപൺ സോഴ്സ് ഭാഷ ആഴത്തിൽ പഠിച്ചെടുത്ത് ഉയരാനാണ് അമൻ ലക്ഷ്യമിടുന്നത്. നിലവിൽ ടെക്സ്റ്റ് മെസേജും വിഡിയോ സംഭാഷണവുമെല്ലാം സാധ്യമാവുന്ന ഒരു ആൻഡ്രോയിഡ് ആപ്പും അമൻ നിർമിച്ചു കഴിഞ്ഞു. ഒന്ന് രണ്ട് ചെറിയ ഗെയിമുകളും ഈ വിദ്യാർഥിയുടെ പേരിൽ സ്വന്തമായുണ്ട്. ഇനി ആമസോൺ, ഫ്ലിപ്പ് കാർട്ട് പോലെയുള്ള ഇ കൊമേഴ്സ് പ്ലാറ്റ്ഫോമിലുള്ള വെബ്ഡെവലിപ്പിങ്ങാണ് അമെൻറ ലക്ഷ്യങ്ങളിൽ മുന്നിലുള്ളത്. കഴിഞ്ഞ വർഷം ജനുവരിയിൽ കുറ്റ്യാടി ഐഡിയൽ പബ്ലിക് സ്കൂളിൽ നടന്ന 'സിനർജി' സി.ബി.എസ്.ഇ ടെക് ഫെസ്റ്റിൽ അമൻ നിർമിച്ച വെബ്സൈറ്റിന് ഒന്നാം സ്ഥാനം ലഭിച്ചിരുന്നു. ഐ.ടി അധ്യാപിക സുനിലയുടെ സഹായത്തിലായിരുന്നു ഈ ഉദ്യമം.
അംഗീകാരങ്ങളിലൂടെ ഈ കൊച്ച് മിടുക്കനെ വളർത്തി കമ്പ്യൂട്ടർ ലോകത്തെ വിദഗ്ധനായി മാറ്റിയെടുക്കാനാണ് വാദിറഹ്മ ഇംഗ്ലീഷ് സ്കൂൾ അധികൃതർ ആഗ്രഹിക്കുന്നത്.
പ്രിൻസിപ്പൽ യേശുദാസ് സി ജോസഫും വൈസ്പ്രിൻസിപ്പൽ അബ്ദുൽ നാസർ മേച്ചേരിയും ചെയർമാൻ കെ.സി.സി ഹുസൈനും പ്രൊജക്ട് ഹെഡ് ത്വൽഹ ഹുസൈനും കൊച്ചു മിടുക്കന് പിന്തുണയുമായി പിന്നിലുണ്ട്.
ടെക്ലോകം നമ്മുടെ നാട്ടിൽ ഇന്ന് കാണുന്ന രീതിയിൽ പ്രചാരമാകുന്നതിനുമുന്നെ ഈ വഴിയിൽ സഞ്ചരിച്ച പിതാവ് അബ്ദുസ്സലാമും വാദിറഹ്മ സ്കൂളിലെ തന്നെ അകൗണ്ടൻറായ സൗദ ബിയും അമെൻറ ലോത്ത് വഴികാട്ടികളായുണ്ട്. പരമ്പരാഗത സമ്പ്രദായത്തിൽനിന്നു വ്യത്യസ്തമായി റിയലിസ്റ്റിക് എഡ്യൂകേഷൻ സിസ്റ്റത്തിൽ സാമ്പ്രദായിക വിദ്യാഭ്യാസ വഴികൾക്കുമപ്പുറം അമനെ 'സ്വതന്ത്രമാക്കാൻ' അധ്യാപകർ നൽകുന്ന പിന്തുണ പാരാമെഡിക്കൽ കോഴ്സ് സ്ഥാപന മേധാവി കൂടിയായ അബ്ദുസ്സലാമിന് ആത്മവിശ്വാസമേകുന്നുണ്ട്.