നിർമിച്ചതിലേറ്റവും കനം കുറവുള്ള ഐഫോൺ എയർ, അടിമുടി പുതുമയിൽ പുത്തൻ 17 ശ്രേണിയുമായി ആപ്പിൾ, അറിയാം വിലയും വിശദാംശങ്ങളും
text_fieldsപ്രതീകാത്മക ചിത്രം
കുപെർട്ടിനോ: അവിശ്വസനീയമായ രീതിയിൽ കട്ടി കുറവ്, ടൈറ്റാനിയം ഫ്രെയിമിന്റെ കരുത്ത്, നിർമിച്ചതിലേറ്റവും കനം കുറഞ്ഞ ഐഫോൺ ‘ഐഫോൺ എയർ’ പ്രഖ്യാപിച്ച് ആപ്പിൾ. 5.6 മില്ലിമീറ്റർ കട്ടി, ടൈറ്റാനിയത്തില്‍ നിര്‍മ്മിച്ച ബോഡി, നാല് നിറങ്ങള്‍, പിന്നില്‍ ഒരു ക്യാമറ, 6.5-ഇഞ്ച് 120 ഹെർട്സ് പ്രോമോഷൻ സൂപ്പർ റെറ്റിന എക്സ്.ഡി.ആർ ഡിസ്പ്ളേ, ഫോണുകളില്‍വെച്ച് ഏറ്റവും വേഗമേറിയ സി.പി.യു ആണെന്ന് ആപ്പിൾ അവകാശപ്പെടുന്ന എ19 പ്രോ ചിപ്സെറ്റ് എന്നിവയാണ് സവിശേഷതകള്‍.
കട്ടി കുറഞ്ഞ രൂപകൽപ്പനയാണെങ്കിലും ഫിസിക്കൽ സിം കാർഡ് ട്രേ ഒഴിവാക്കി 40 മണിക്കൂർ വീഡിയോ പ്ളേ ബാക്ക് നൽകുന്ന ബാറ്ററിയും ഫോണിൽ സജ്ജമാക്കിയിട്ടുണ്ട്. മടക്കി നിവർത്താൻ കഴിയുന്ന ഫോണുകൾ വിപണിയിൽ ട്രെൻഡ് നിർമിക്കാൻ ശ്രമിക്കുന്നതിനിടെയാണ് കട്ടി കുറഞ്ഞ ‘അൾട്രാ തിൻ’ ഫോണുകളുമായി ആപ്പിളിന്റെ നീക്കം.
48 മെഗാപിക്‌സല്‍ ക്യാമറ സിസ്റ്റമാണ് ഐഫോൺ എയറിലുള്ളത്. നവീകരിച്ച പുതിയ ക്യാമറ സിസ്റ്റം എ.ഐ ഉപയോഗിച്ച് 2എക്സ് ഒപ്റ്റിക്കല്‍ ക്വാളിറ്റി സൂം വാഗ്ദാനം ചെയ്യുമെന്ന് ആപ്പിള്‍ വ്യക്തമാക്കിയിട്ടുണ്ട്. ടെലിഫോട്ടോ ലെൻസ് ഉപയോഗിച്ചുള്ള ചിത്രങ്ങൾ 12 മെഗാപിക്‌സലിലാണ് കാമറ ക്ലിക്ക് ചെയ്യുന്നത്. 18 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറയുമുണ്ട്. വൈഫൈ -7, ബ്ളൂടൂത്ത് 6 എന്നിവയും പ്രത്യേകതകളാണ്. കറുപ്പ്, വെള്ള, ബീജ്, ഇളംനീല നിറങ്ങളിലാണ് ഫോൺ ലഭ്യമാകുക. സെപ്റ്റംബർ 19 മുതൽ ഫോൺ വിപണിയിലെത്തും.
ആപ്പിൾ എയറിന്റെ ഇന്ത്യയിലെ വില ഇങ്ങനെ
മോഡൽ | വില |
256 ജി.ബി | ₹1,19,900 |
512 ജി.ബി | ₹1,39,900 |
1 ടി.ബി | ₹1,59,900 |
പുതിയ ഡിസൈൻ
കാമറകൾക്ക് ചുറ്റും ഉയർന്നുനിൽക്കുന്ന ‘ബംപി’ ഡിസൈൻ മുതൽ കാമറകളും വാതക ശീതീകരണ സംവിധാനവും വരെ അടിമുടി പുതുമയുമായാണ് ഇക്കുറി ഐ ഫോൺ 17 ശ്രേണി വിപണിയിലെത്തുന്നത്. വൈഫൈ -7, ബ്ളൂടൂത്ത് 6 എന്നിവയും പ്രത്യേകതകളാണ്.
ഐ ഫോൺ 17ലെ പുതുമകൾ
പുതിയ ഡിസൈനും അധിക ഫീച്ചറുകളും ഉൾപ്പെടുത്തിയ ഐഫോൺ 17 ശ്രേണി ഉപയോക്താക്കൾക്ക് പുതിയ അനുഭവമാവുമെന്ന് പ്രഖ്യാപനച്ചടങ്ങിൽ സി.ഇ.ഒ ടിം കുക്ക് വ്യക്തമാക്കിയിരുന്നു. 6.3 ഇഞ്ച് 120 ഹെർട്സ് ഓൾവേയ്സ് ഓൺ ഡിസ്പ്ളേ, സ്‍ക്രീനിന് കൂടുതൽ സംരക്ഷണമുറപ്പുവരുത്തി സെറാമിക്-2 കവചം എന്നിവയും ഫോണിന്റെ പ്രത്യേകതയാണ്. സൂര്യപ്രകാശം പ്രതിഫലിപ്പിക്കാത്ത രീതിയിൽ സ്ക്രീനിൽ പ്രത്യേക സംരക്ഷണവും നൽകിയിട്ടുണ്ട്. നിർമിത ബുദ്ധി കൈകാര്യം ചെയ്യാൻ ശേഷിയുളള എ19 ചിപ്പിനൊപ്പം ഉയർന്ന റീഫ്രഷ് നിരക്കുള്ള സ്ക്രീൻ കൂടിയാകുമ്പോൾ ഗെയിമിങ് പ്രേമികൾക്കും ഫോൺ പ്രിയങ്കരമാവുമെന്നാണ് ആപ്പിളിന്റെ കണക്കുകൂട്ടൽ.
കാമറയിലും അപ്ഡേറ്റുണ്ട്. ആപ്പിൾ ‘ഡ്യൂവൽ ഫ്യൂഷൻ’ സിസ്റ്റമെന്ന് പേരിട്ടിരിക്കുന്ന പുതിയ സംവിധാനത്തിൽ 48 മെഗാപിക്സൽ ശേഷിയുള്ള പ്രധാന കാമറയിലേയും 2എക്സ് ടെലിഫോട്ടോ ലെൻസിൽ നിന്നുമുള്ള ദൃശ്യങ്ങൾ സംയോജിപ്പിച്ച് ഒരുകാമറയിൽ നിന്ന് എന്നപോലെ ദൃശ്യങ്ങൾ നൽകുകയാണ്. ചതുരാകൃതിയിലുള്ള 18 മുൻ കാമറ ലാൻഡ് സ്കേപ് ഫോട്ടോഗ്രാഫി എളുപ്പമാക്കുന്നു. സുഗമമായ വീഡിയോ കോളിംഗിനായി ‘സെന്റർ സ്റ്റേജ്’ എന്ന പുതിയ ഫീച്ചറും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ലാവണ്ടർ, മിസ്റ്റ് ബ്ളൂ, കറുപ്പ്, വെള്ള, സേജ് നിറങ്ങളിൽ സെപ്റ്റംബർ 19 മുതൽ ഫോൺ വിപണിയിലെത്തും.
ഐ ഫോൺ 17 വില ഇങ്ങനെ
മോഡൽ | വില |
256 ജി.ബി | ₹82,900 |
512 ജി.ബി | ₹1,02,900 |
ഐ ഫോൺ 17 പ്രോ
ഐഫോൺ 17 പ്രോയിൽ 3000 നിറ്റ്‌സ് ബ്രൈറ്റ്നസ് വാഗ്ദാനം ചെയ്യുന്ന 6.3 ഇഞ്ച് ആൾവേയ്സ് ഓൺ പ്രോമോഷൻ ഡിസ്പ്ളേയാണുള്ളത്. മൂന്ന് നാനോമീറ്റർ രൂപകൽപ്പനയിൽ അധിഷ്ഠിതമായ എ19 പ്രോസസറും ഫോണിന് കരുത്തേകുന്നു. ഐഫോൺ 16നെ അപേക്ഷിച്ച് നാലുമടങ്ങ് റെസല്യൂഷനിൽ ഫോട്ടോകൾ പകർത്താൻ ശേഷിയുള്ള 48 മെഗാപിക്സൽ ഡ്യുവൽ ഫ്യൂഷൻ ക്യാമറ സിസ്റ്റമാണ് ഫോണിലുള്ളത്. ഫോണിന് മുന്നിൽ സജ്ജീകരിച്ചിരുക്കുന്ന ചതുരാകൃതിയിലുള്ള വലിയ 18 മെഗാപിക്സൽ സെൻസർ പുതിയ ശ്രേണി ഫോണുകളിൽ ചെരിച്ച് പിടിക്കാതെ തന്നെ ലാൻഡ് സ്കേപ് ചിത്രങ്ങൾ എടുക്കാൻ സഹായിക്കും.
എയറോസ്പേസ് ഗ്രേഡ് 7000 സീരീസ് അലുമിനിയം ഉപയോഗിച്ച യൂണിബോഡി ഡിസൈനാണ് ഫോണിനുള്ളത്. ഇരുപുറങ്ങളിലും പോറലുകൾ ഉണ്ടാവുന്നത് തടയാൻ സെറാമിക്-2 സംരക്ഷണം ഉറപ്പുവരുത്തിയിട്ടുണ്ട്. ദീർഘനേരം ഉപയോഗിക്കുമ്പോൾ ഫോണിൻറെ ചൂട് നിയന്ത്രിക്കാൻ പുതിയ വാതക ശീതീകരണ സംവിധാനവുമുണ്ട്. ഇതുവരെ ഇറങ്ങിയ പ്രോ മോഡലുകളിൽ വച്ച് ഏറ്റവും ഉയർന്ന ബാറ്ററി ശേഷിയാവും 17 പ്രോ നൽകുകയെന്ന് ആപ്പിൾ അവകാശപ്പെടുന്നു.
മൂന്ന് കാമറകളിലെ ദൃശ്യങ്ങൾ ഫോട്ടോയിൽ സംയോജിപ്പിക്കുന്ന ‘ഡിഫ്യൂഷൻ’ സാങ്കേതികതയും വീഡിയോകൾക്ക് ഡോൾബി വിഷൻ എച്ച്.ഡി.ആർ, പ്രോറെസ് റോ, ആപ്പിൾ ലോഗ്-2, ജെൻലോക്ക് എന്നിവയടക്കം മികവുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. വെള്ളി, കോസ്മിക് ഓറഞ്ച്, കടും നീല എന്നീ നിറങ്ങളിൽ ഫോൺ ലഭ്യമാവും. സെപ്റ്റംബർ 19 മുതൽ ഫോൺ വിപണിയിലെത്തും.
മോഡൽ | വില |
256 ജി.ബി | ₹1,34,900 |
512 ജി.ബി | ₹1,54,900 |
1 ടി.ബി | ₹1,74,900 |
ഐ ഫോൺ പ്രോ മാക്സ്
വലിയ 6.9 ഇഞ്ച്, 120 ഹെർട്സ് 3000 നിറ്റ്‌സ് ബ്രൈറ്റ്നസ് ആൾവേയ്സ് ഓൺ പ്രോമോഷൻ ഡിസ്പ്ളേയാണ് ഐ ഫോൺ പ്രോ മാക്സിന്റെ പ്രത്യേകത. പ്രോ മോഡലിന് സമാനമായി എയറോസ്പേസ് ഗ്രേഡ് 7000 സീരീസ് അലുമിനിയം ഉപയോഗിച്ച യൂണിബോഡി ഡിസൈനാണ് ഫോണിനുള്ളത്. ഇരുപുറങ്ങളിലും പോറലുകൾ ഉണ്ടാവുന്നത് തടയാൻ സെറാമിക്-2 കോട്ടിംഗുമുണ്ട്. ദീർഘനേരം ഉപയോഗിക്കുമ്പോൾ ഫോണിൻറെ ചൂട് നിയന്ത്രിക്കാൻ പുതിയ വാതക ശീതീകരണ സംവിധാനവുമുണ്ട്.
40 വാട്സ് യു.എസ്.ബി-സി ചാർജ്ജറിൽ 20 മിനിറ്റ് കൊണ്ട് 50 ശതമാനം ചാർജ്ജ് ചെയ്യാവുന്ന വലിയ ബാറ്റിയും പ്രോ മോഡലിൽ നിന്ന് ഫോണിനെ വ്യത്യസ്ഥമാക്കുന്നു.
മൂന്ന് കാമറകളിലെ ദൃശ്യങ്ങൾ ഫോട്ടോയിൽ സംയോജിപ്പിക്കുന്ന ‘ഡിഫ്യൂഷൻ’ സാങ്കേതികതയും വീഡിയോകൾക്ക് ഡോൾബി വിഷൻ എച്ച്.ഡി.ആർ, പ്രോറെസ് റോ, ആപ്പിൾ ലോഗ്-2, ജെൻലോക്ക് എന്നിവയടക്കം മികവുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
ആപ്പിൾ ഐഫോൺ 17 പ്രോ മാക്സ് സിൽവർ, കോസ്മിക് ഓറഞ്ച്, ഡീപ് ബ്ലൂ നിറങ്ങളിൽ ലഭ്യമാണ്. ഐഫോൺ 17 പ്രോ മാക്സിനുള്ള പ്രീ-ഓർഡറുകൾ സെപ്റ്റംബർ 9 മുതൽ ആരംഭിക്കും, വിൽപ്പന സെപ്റ്റംബർ 19 മുതൽ ആരംഭിക്കും.
ഐ ഫോൺ പ്രോ മാക്സിന്റെ ഇന്ത്യയിലെ വില ഇങ്ങനെ
മോഡൽ | വില |
256 ജി.ബി | ₹1,49,900 |
512 ജി.ബി | ₹1,69,900 |
1 ടി.ബി | ₹1,89,900 |
2 ടി.ബി | ₹2,29,900 |
എയർപോഡിലും മാറ്റം
ലോകത്തിലെ ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന ഇയർഫോണുകളിലൊന്നായ എയർപോഡ്‌സ് പ്രോയുടെ പുതിയ പതിപ്പ് ‘എയർപോഡ്സ്-3’ഉം ആപ്പിൾ പുറത്തിറക്കി. തൽസമയം ഭാഷകൾ വിവർത്തനം ചെയ്യാനുള്ള ശേഷി, ഹാർട്ട്‌റേറ്റ് സെൻസറുകൾ എന്നിവയടക്കം മികവോടെയാണ് എയർപോഡ്-3ന്റെ വരവ്. മികച്ച ബാറ്ററി ലൈഫും മെച്ചപ്പെട്ട ഓഡിയോ പ്രൊഫൈലും മികച്ച ഇൻ-ക്ലാസ് ആക്റ്റീവ് നോയ്‌സ് കാൻസലേഷനും പുതിയ എയർപോഡിന്റെ പ്രത്യേകതയാണ്.
വാച്ചിൽ 5ജിയും വലിയ ബാറ്ററിയും
പുതുതായി പുറത്തിറക്കിയ ആപ്പിൾ വാച്ച് സീരീസ് 11-ൽ വേഗത്തിലുള്ള ഇന്റർനെറ്റിനായി 5ജി മോഡവും കൂടുതൽ ശക്തമായ ബാറ്ററിയുമാണ് പ്രധാന പ്രത്യേകത. ഡിസൈനിലുള്ള മാറ്റവും വാച്ച് സീരീസ് -11നെ വേറിട്ടതാക്കുന്നു. കനം കുറഞ്ഞതും കരുത്തുറ്റതുമായ മോഡലിൽ ലിക്വിഡ് ഗ്ലാസ് ഡിസൈനോടുകൂടിയ അപ്ഡേറ്റ് ചെയ്ത ഓപ്പറേറ്റിംഗ് സിസ്റ്റവും ഉണ്ടായിരിക്കും. ഉപക്താവിന്റെ രക്ത സമ്മർദ്ദം നിരീക്ഷിക്കുകയും മുന്നറിയിപ്പ് നൽകുകയും ചെയ്യുന്ന ഒരു ബ്ലഡ് പ്രഷർ മോണിറ്ററും ഇതിലുണ്ടാകും. പുതിയ സ്ലീപ്പ് സ്‌കോർ സംവിധാവും ഇതിൽ ഉണ്ടാകും. മികച്ച ബാറ്ററി ലൈഫും ഫാസ്റ്റ് ചാർജിംഗും ഉള്ള മെച്ചപ്പെട്ട ആപ്പിൾ വാച്ച് എസ്.ഇയും ആപ്പിൾ പുറത്തിറക്കിയിട്ടുണ്ട്. അതേസമയം, സാറ്റലൈറ്റ് കണക്റ്റിവിറ്റിയും എസ്.ഒ.എസും 42 മണിക്കൂർ ബാറ്ററി ലൈഫും വാഗ്ദാനം ചെയ്യുന്നതാണ് പുതിയ ആപ്പിൾ വാച്ച് ആൾട്രാ -3.