ഓഗ്മെന്റഡ് റിയാലിറ്റി ഡിസ്‌പ്ലേയുള്ള റേ-ബാൻ സ്മാർട്ട് ഗ്ലാസുകളുമായി മെറ്റ
text_fieldsഎ.ഐ സ്മാർട്ട് ഗ്ലാസുകളിൽ വൻ അപ്ഡേറ്റുമായി മെറ്റ. ഓഗ്മെന്റഡ് റിയാലിറ്റിക്കായി ബിൽറ്റ്-ഇൻ സ്‌ക്രീനുള്ള ആദ്യത്തെ റേ-ബാൻ ഗ്ലാസുകളാണ് മെറ്റ പുതുതായി അവതരിപ്പിച്ചത്. ഡിസ്‌പ്ലേയുടെ ലെൻസിനുള്ളിൽ സംഭാഷണങ്ങൾ വിവർത്തനം ചെയ്യാനും, ലാൻഡ്‌മാർക്കുകളെക്കുറിച്ചുള്ള വിവരങ്ങൾ നൽകാനും, വഴികാട്ടാനും കഴിയുന്ന സ്ക്രീനുകളുള്ള കണ്ണടയാണ് ഇനി തരംഗമാവാൻ പോകുന്നത്. ബുധനാഴ്ച നടന്ന മെറ്റാ കണക്ട് ഇവന്റിൽ സി.ഇ.ഒ മാർക്ക് സക്കർബർഗ് ഗ്ലാസുകൾ പ്രദർശിപ്പിച്ചു.
ഗൂഗ്ൾ ഗ്ലാസിന് ശേഷം ഒരു മുഖ്യധാരാ ബ്രാൻഡിൽ നിന്നുള്ള ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേയുള്ള ആദ്യത്തെ സ്മാർട്ട് ഗ്ലാസുകളായിരിക്കും മെറ്റാ റേ-ബാൻ. ഒറ്റനോട്ടത്തിൽ മനസിലാകാത്ത രീതിയിലുള്ള ക്ലാസിക് വേഫറർ പോലുള്ള ശൈലിയാണ് ഇവക്ക് ഉപയോഗിച്ചിരിക്കുന്നത്. എന്നാൽ ഇതിൽ കാമറ, സ്പീക്കറുകൾ, മൈക്രോഫോൺ എന്നിങ്ങനെയുള്ള സാങ്കേതികവിദ്യകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
വലത് ലെൻസിനുള്ളിൽ തിളങ്ങുന്ന ചെറിയ കളർ ഡിസ്‌പ്ലേ പ്രൊജക്റ്റ് ചെയ്യപ്പെടുന്നുണ്ട്. അത് ധരിക്കുന്നയാളുടെ കണ്ണിന്റെ താഴെ പൊങ്ങിക്കിടക്കുന്നതായി തോന്നും. കൂടാതെ ടെക്‌സ്‌റ്റുകളും ചിത്രങ്ങളും മുതൽ തത്സമയ വിഡിയോ കോളുകൾ വരെ ഇതിൽ കാണാൻ സാധിക്കും. ഗ്ലാസുകളുമായി ഇടപഴകുമ്പോൾ ദൃശ്യമാകുന്ന ഡിസ്‌പ്ലേ പുറത്ത് നിന്ന് നോക്കിയാൽ കാണാൻ കഴിയില്ല. എന്നാൽ കാമറ പ്രവർത്തിക്കുമ്പോൾ മറ്റുള്ളവർക്ക് മുന്നറിയിപ്പ് നൽകാൻ ഒരു എൽ.ഇ.ഡി ലൈറ്റ് ഘടിപ്പിച്ചിട്ടുണ്ട്.
ഇതുപയോഗിച്ച് ചിത്രങ്ങളും വിഡിയോസും ഉണ്ടാക്കാൻ കഴിയുമെന്ന് ഗ്ലാസുകൾ പരിചയപ്പെടുത്തി കൊണ്ട് സക്കർബർഗ് പറഞ്ഞു.
കമ്പനിയുടെ ജനപ്രിയ റേ-ബാൻ മെറ്റാ എ.ഐ ഷേഡുകൾക്ക് സമാനമായി പുതിയ ഗ്ലാസുകളുടെ കൈകളിൽ ഒരു ടച്ച് പാനലും നേരിട്ടുള്ള ഇടപെഴകലിനുള്ള വോയിസ് കൺട്രോളുമുണ്ട്. ലെൻസിലെ ഫോൺ പോലുള്ള ഇന്റർഫേസിൽ കൈ കൊണ്ടുള്ള ആംഗ്യങ്ങൾ ഉപയോഗിച്ച് നിയന്ത്രിക്കുന്നതിനും കൈത്തണ്ടയിലെ വൈദ്യുത പ്രേരണകൾ തിരിച്ചറിയാൻ കഴിയുന്ന ഒരു വാട്ടർ-റെസിസ്റ്റന്റ് ബ്രേസ്ലെറ്റും ഇവയോടൊപ്പം നൽകുന്നുണ്ട്. ന്യൂറൽ ബാൻഡ് സ്‌ക്രീനില്ലാത്ത ഒരു സ്മാർട്ട് വാച്ച് പോലെയാണ് ഇവ കാണപ്പെടുന്നത്.
ഇതിൽ പിഞ്ചുകൾ, സ്വൈപ്പുകൾ, ടാപ്പുകൾ, റൊട്ടേഷനുകൾ, തുടങ്ങിയ ആംഗ്യങ്ങൾ തിരിച്ചറിയാൻ കഴിയും. കൂടാതെ വെർച്വൽ ഡി-പാഡ് ഉപയോഗിക്കാനും സാധിക്കും. ഈ വർഷം അവസാനത്തോടെ ഒരു വിരൽ ഉപയോഗിച്ച് കൈയക്ഷരം എഴുതാനും ഇത് സഹായിക്കുമെന്ന് കമ്പനി അവകാശപ്പെട്ടു. ഇത്തരം ഗ്ലാസുകൾക്ക് ആൻഡ്രോയിഡ് അല്ലെങ്കിൽ ഐഫോണിലേക്ക് ബ്ലൂടൂത്ത് കണക്ഷൻ ആവശ്യമാണ്.
ടെക്‌സ്‌റ്റുകളിലൂടെയും വാട്ട്‌സ്ആപ്പ്, മെസഞ്ചർ, ഇൻസ്റ്റാഗ്രാം എന്നിവയുൾപ്പെടെയുള്ള മെറ്റായുടെ വിവിധ ആപ്പുകളിലൂടെ സന്ദേശമയക്കാനും വിഡിയോ കോളിങ് ചെയ്യാനും ഇവ സഹായിക്കും. സംഭാഷണങ്ങളുടെ തത്സമയ അടിക്കുറിപ്പുകളും വിവർത്തനങ്ങളും കാണിക്കാനും ഇവക്ക് സാധിക്കും. അതുപോലെ യാത്ര നിർദേശങ്ങൾ, മ്യൂസിക് പ്ലേബാക്ക് കൺട്രോളുകൾ എന്നിവയും ഇതിലുണ്ട്. ചിത്രങ്ങൾ എടുക്കുന്നതിന് മുമ്പ് ലെൻസുകൾ ഒരു വ്യൂഫൈൻഡറായി ഉപയോഗിക്കാനും അത് പിന്നീട് ഷെയർ ചെയ്യാനും കഴിയും.
ചോദ്യങ്ങൾക്ക് ചിത്രങ്ങളും വാചകങ്ങളും ഉപയോഗിച്ച് മറുപടി നൽകാൻ മെറ്റയുടെ എ.ഐ ചാറ്റ്ബോട്ടിന് കഴിയും. അതിൽ പാചകക്കുറിപ്പുകൾ, പെയിന്റിങുകളുടെയോ ലാൻഡ്‌മാർക്കുകളുടെയോ വിശദാംശങ്ങൾ, അല്ലെങ്കിൽ കാമറ ഉപയോഗിച്ച് യഥാർത്ഥ ലോകത്തെക്കുറിച്ചുള്ള മറ്റ് വിവരങ്ങൾ എന്നിവയും ഉൾപ്പെടും. സാധാരണയായി ആറ് മണിക്കൂർ വരെ ഇതിന് ബാറ്ററി ലൈഫ് ലഭിക്കും. കൊളാപ്സിബിൾ കെയ്‌സിൽ ചാർജ് ചെയ്യുകയാണെങ്കിൽ 30 മണിക്കൂർ വരെയും ബാറ്ററി ലൈഫ് ലഭിക്കും.
സെപ്‌റ്റംബർ 30 മുതൽ യു.എസിൽ മെറ്റാ റേ-ബാൻ ഡിസ്‌പ്ലേ ഗ്ലാസുകൾ ലഭ്യമാകും. 799 ഡോളറാണ് ഇവയുടെ വില. യു.കെ, ഫ്രാൻസ്, ഇറ്റലി, കാനഡ എന്നിവിടങ്ങളിൽ 2026ന്റെ തുടക്കത്തിലാണ് ഗ്ലാസുകൾ ലഭ്യമാകുക. ഡിസ്‌പ്ലേ ഗ്ലാസുകൾക്ക് പുറമെ കായികരംഗത്തിനായി ഡിസൈൻ ചെയ്ത ഡിസ്‌പ്ലേ ഇല്ലാത്ത ഓക്‌ലി സ്മാർട്ട് ഗ്ലാസുകളും മെറ്റാ പുറത്തിറക്കിയിട്ടുണ്ട്. എന്നാൽ ഇതിന് മൂക്കിന്റെ ഭാഗത്ത് ഒരു സെൻട്രൽ കാമറ, പാട്ടുകൾ, കോളുകൾ, എ.ഐ, എന്നിവക്കായി മൈക്രോഫോണുകളും സ്പീക്കറുകളും ഉണ്ട്. 66 ഗ്രാമാണ് ഇതിന്‍റെ ഭാരം. ഇതിൽ മാറ്റിയിടാൻ കഴിയുന്ന ലെൻസുകളും ഉണ്ട്. വാട്ടർ റെസിസ്റ്റന്റ് ആയ ഈ ഗ്ലാസ് ഒരു ചാർജിൽ ഒമ്പത് മണിക്കൂർ വരെ നിൽക്കും.