ആപ്പിൾ പ്രേമികൾ ഒരുങ്ങികോളൂ... ഐ ഫോൺ 17 സീരീസ് ലോഞ്ചിങ്ങിലേക്ക് ദിവസങ്ങൾ മാത്രം
text_fieldsമുംബൈ: ലോകമെങ്ങുമുള്ള ഐ ഫോൺ ആരാധകർ അക്ഷമയോടെ കാത്തിരിക്കുന്ന നിമിഷം ഇങ്ങെത്തുകയായി. സ്മാർട്ട് ഫോൺ ലോകത്തെ അടിമുടി മാറ്റിമറിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ഐ ഫോൺ 17 ആരാധകരുടെ കൺ മുന്നിൽ പിറക്കുന്ന സമയം. ലോകമെങ്ങും ഐ ഫോൺ പ്രേമികൾ ഇപ്പോൾ ഇന്റർനെറ്റിൽ പരതുന്നതും കാത്തിരിക്കുന്ന ഈ ലോഞ്ചിങ്ങിനു തന്നെ. ഏറെ പുതുമകളും, സവിശേഷതകളുമായി ആകർഷകമായ ഡിസൈനിൽ അവതരിപ്പിക്കുന്ന ഐ ഫോൺ 17 മോഡലുകളുടെ ലോഞ്ചിങ് സംബന്ധിച്ച് ആപ്പിൾ അധികൃതർ ഔദ്യോഗികമായി ഇതുവരെ മിണ്ടിയിട്ടില്ല. എന്നാൽ, ഫോബ്സ്, ബ്ലൂംബെർഗ് തുടങ്ങിയ രാജ്യാന്തര പ്രശസ്തമായ ബിസിനസ് മാധ്യമങ്ങൾ നൽകുന്ന റിപ്പോർട്ടുകൾ പ്രകാരം 2025 സെപ്റ്റംബർ ഒമ്പത് ചൊവ്വാഴ്ച ഐ ഫോൺ 17 ആരാധകർക്ക് മുമ്പാകെ അവതരിപ്പിക്കുമെന്നാണ് സൂചന. കമ്പനികയുടെ പ്രൊഡക്സ് റിലീസ് ഹിസ്റ്ററിയുടെ കൂടി പശ്ചാത്തലത്തിലാണ് ടെക് ലോകം റിലീസിങ് തീയതി പ്രവചിക്കുന്നത്.
2024 സെപ്റ്റംബറിലായി ഐ ഫോൺ 16 സീരീസ് അവതരിപ്പിച്ചത്. ചരിത്രം ആവർത്തിക്കുകയാണെങ്കിൽ ഈ വർഷവും ഇതേ ദിവസം തന്നെയാവും 17ഉം പുറത്തെത്തുന്നത്. കാലിഫോർണിയയിലെ ഐ ഫോൺ ആസ്ഥാനമായ കുപർടിനോയിലാവും ലോഞ്ചിങ്. ആഗസ്റ്റ് 25ന് ഇവന്റ് പ്രഖ്യാപനമുണ്ടാവുമെന്നാണ് സൂചന. ഐ ഫോൺ 17, എയർ, പ്രോ മോഡലുകളാവും വിപണിയിലേക്ക് എത്തുന്നത്. ലോഞ്ചിനു പിന്നാലെ അടുത്ത ദിവസം പ്രീ ഓർഡർ ബുക്കിങ്ങും ആരംഭിക്കും.
ഐഫോൺ ചരിത്രത്തിലെ ഏറ്റവും വലിയ ബാറ്ററി ശേഷിയുമായാണ് 17 പ്രോ മാക്സ് അവതരിപ്പിക്കുന്നതെന്നതാണ് ടെക് ലോകത്തെ ഹോട് വാർത്ത. 5000 എം.എ.എച്ചിൽ കൂടുതൽ ബാറ്ററി ശേഷിയും പ്രവചിക്കുന്നു.