ഐഫോൺ 17 സീരിസിലെ നാലു മോഡലുകളും ‘മേഡ് ഇൻ ഇന്ത്യ’; ചൈനയെ ഒഴിവാക്കി ഉൽപാദനം ഇന്ത്യയിലേക്ക് മാറ്റാൻ ആപ്പിൾ
text_fieldsമുംബൈ: ആപ്പിൾ പ്രേമികൾ പുതിയ മോഡലായ ഐഫോൺ 17 സീരിസിനുവേണ്ടിയുള്ള കാത്തിരിപ്പിലാണ്. പുതിയ മോഡലുമായി ബന്ധപ്പെട്ട് ഓരോ ദിവസവും പുതിയ വിവരങ്ങളാണ് പുറത്തുവരുന്നത്. 17 സീരിസിലെ നാലു മോഡലുകളും ആപ്പിൾ പൂർണമായി ഇന്ത്യയിൽ നിർമിക്കുമെന്നാണ് ഏറ്റവും പുതിയ വിവരം.
ഇന്ത്യയിലെ അഞ്ചു ഫാക്ടറികളിലും ഐഫോൺ 17 സീരിസ് ഫോണുകൾ നിർമിക്കാനാണ് ആപ്പിളിന്‍റെ നീക്കം. രാജ്യത്തിന്‍റെ ആഭ്യന്തര ഉൽപാദന വളർച്ചക്ക് വലിയ മുതൽക്കൂട്ടാകുന്നതാണ് തീരുമാനം. അടുത്തിടെ പുതുതായി പ്രവർത്തനം ആരംഭിച്ച തമിഴ്നാട്ടിലെ ഹൊസൂരിലുള്ള ടാറ്റ് ഗ്രൂപ്പിന്‍റെ പ്ലാന്‍റ്, ബംഗളൂരു വിമാനത്താവളത്തിനു സമീപത്തെ ഫോക്സ്കോൺ പ്രൊഡക്ഷൻ കേന്ദ്രം എന്നിവ ഉൾപ്പെടെ രാജ്യത്തെ അഞ്ചു കേന്ദ്രങ്ങളിലാണ് 17 സീരിസ് ഫോണുകൾ നിർമിക്കുക. ഐഫോണിന്‍റെ പുതിയ സീരിസ് ഫോണുകൾ ഇന്ത്യയിൽ നിർമിച്ച് കയറ്റിയയക്കുന്നത് ആദ്യമായിട്ടാകും. ട്രംപ് ഭരണകൂടത്തിന്‍റെ തീരുവ ഭീഷണികളുടെ പശ്ചാത്തലത്തിൽ യു.എസ് വിപണിയിലേക്കുള്ള സ്മോർട്ട്ഫോൺ നിർമാണം ചൈനയിൽനിന്ന് ഇന്ത്യയിലേക്ക് മാറ്റുന്നതിന്‍റെ ഭാഗമായാണ് ഐഫോണിന്‍റെ പുതിയ നീക്കമെന്നാണ് വിലയിരുത്തൽ.
ഐഫോൺ ഉൽപാദനത്തിൽ ടാറ്റയുടെ പ്ലാന്‍റ് കൂടി ചേരുന്നത് ഭാവിയിൽ ഇന്ത്യയിലെ ആപ്പിളിന്റെ പ്രധാന പങ്കാളിയായി ഗ്രൂപ്പ് മാറുമെന്ന സൂചനയാണ് നൽകുന്നത്. നിലവിൽ രാജ്യത്ത് ഐഫോൺ 17 സീരിസ് ഫോണുകൾ അസംബിൾ ചെയ്യുന്ന ഏക ഇന്ത്യൻ കമ്പനിയാണ് ടാറ്റ ഗ്രൂപ്പ്. തായ്‌വാൻ ആസ്ഥാനമായുള്ള ഫോക്‌സ്‌കോണായിരുന്നു രാജ്യത്ത് ഇതുവരെ ആപ്പിളിന്റെ മുൻനിര കരാറുകാർ. രണ്ടു വർഷം കൊണ്ട് രാജ്യത്ത് നിർമിക്കുന്ന ഐഫോണുകളുടെ പകുതിയും ടാറ്റ പ്ലാന്‍റുകളിൽനിന്നാകും. ഇന്ത്യയിൽ നിന്നുള്ള ഐഫോൺ കയറ്റുമതിയുടെ മൂല്യം ഗണ്യമായി വർധിച്ചുവരികയാണ്. 2025ലെ ആദ്യ അഞ്ച് മാസങ്ങളിൽ യു.എസ് സ്മാർട്ട്‌ഫോൺ ഇറക്കുമതിയിൽ ഇന്ത്യയുടെ പങ്ക് 36 ശതമാനമായി ഉയർന്നിരുന്നു. 2024ൽ ഇത് ഏകദേശം 11 ശതമാനമായിരുന്നു. ഉൽപാദന വിഭാഗത്തിൽ ആധിപത്യം നിലനിർത്തുന്ന ചൈനയുടെ വിഹിതം ഇതേ കാലയളവിൽ 82 ശതമാനത്തിൽ നിന്ന് 49 ശതമാനമായി ഇടിഞ്ഞു.
ഏപ്രിലിൽ യു.സ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കുമേൽ പകരതീരുവ പ്രഖ്യാപിച്ചിരുന്നു. പിന്നാലെ ഫോണുകൾ, കമ്പ്യൂട്ടറുകൾ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉൽപന്നങ്ങളെ ഇതിന്‍റെ പരിധിയിൽനിന്ന് ഒഴിവാക്കി. റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിന്‍റെ പേരിൽ അടുത്തിടെ ഇന്ത്യക്കുമേൽ 25 ശതമാനം അധിക തീരുവ കൂടി ചുമത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതിലും ഫോണുകളെ ഒഴിവാക്കിയതാണ് പ്രതീക്ഷ നൽകുന്നത്.