ശരിക്കും ഞെട്ടിക്കും, റോബോട്ടിക് കാമറ ഫോണുമായി ഓണർ, എതിരാളികളോട് കാത്തിരുന്ന് കണ്ടോളാൻ മറുപടി
text_fieldsഓണർ റോബോട്ട് ഫോൺ, കമ്പനി പങ്കുവെച്ച ചിത്രങ്ങൾ
ന്യൂഡൽഹി: സ്മാർട്ഫോൺ രംഗത്ത് മത്സരങ്ങളുടെ കാലമാണ്. തുടരെ ഇറക്കുന്ന ഫോണുകൾക്ക് കാര്യമായ രൂപ, ഭാവമാറ്റങ്ങളില്ലെന്ന് പരാതി പറയുന്ന മുൻനിര ബ്രാൻഡുകളുടെ ഉപയോക്താക്കളെ അക്ഷരാർഥത്തിൽ കണ്ണുതള്ളിക്കുന്നതായിരുന്നു കഴിഞ്ഞ ദിവസം ഓണർ തങ്ങളുടെ യുട്യൂബ് ചാനലിലൂടെ പുറത്തുവിട്ട വീഡിയോ. രണ്ട് മിനിറ്റ് 40 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോയിൽ ജിംബലിന് സമാനമായ റോബോട്ടിക് കരത്തിൽ പിൻകാമറ യൂണിറ്റുകളിലൊന്ന് മുകളിലേക്ക് ഉയർന്നുവരുന്നതും ചിത്രങ്ങൾ പകർത്തുന്നതും നിർമിത ബുദ്ധി അധിഷ്ഠിതമായി പ്രതികരിക്കുന്നതുമൊക്കെയായിരുന്നു ചിത്രീകരിച്ചത്.
കമന്റടിക്കാൻ വരട്ടെ സംഗതി സത്യമെന്ന് കമ്പനി
വീഡിയോ എ.ഐ നിർമിതമാണെന്ന് കമന്റുകൾ നിറഞ്ഞതിന് പിന്നാലെ, കളിയാക്കാൻ വരട്ടെ, അടുത്ത വർഷം ബാഴ്സിലോണയിൽ നടക്കുന്ന മൊബൈൽ വേൾഡ് കോൺഗ്രസ് (എം.ഡബ്ള്യൂ.സി) വരെ കാത്തിരിക്കാനായിരുന്നു ഓണറിന്റെ മറുപടി. ഫോൺ ഉള്ളതാണെന്നും കൂടുതൽ വിവരങ്ങൾ എം.ഡബ്ള്യൂ.സിയിൽ വെളിപ്പെടുത്തുമെന്നും കമ്പനി വ്യക്തമാക്കി.
ഫോണിൽ നിന്ന് ഉയർന്നുവരുന്ന പോപ് അപ് കാമറകൾ മൊബൈൽ ലോകത്ത് അത്ര പുതുമയല്ല. അസ്യൂസും ഒപ്പോയും മുമ്പ് ഫോണിൽ സ്ക്രീനിന് മുകളിലേക്ക് ഉയർന്നുവരുന്നതും തിരിയുന്നതുമായ കാമറകൾ പരീക്ഷിച്ചിട്ടുണ്ട്. എന്നാൽ, ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി റോബോട്ടിക്സ് സാങ്കേതിക വിദ്യക്കൊപ്പം നിർമിത ബുദ്ധി കൂടി സന്നിവേശിപ്പിക്കുന്നതാണ് ഓണറിന്റെ കാമറ രൂപകൽപ്പന. ആളുകൾക്കും സാഹചര്യങ്ങൾക്കുമനുസരിച്ച് പ്രതികരിക്കാനും കാമറക്കാവും.
സ്മാർട് സുഹൃത്താവുന്ന ഫോണുകൾ
വീഡിയോക്ക് പിന്നാലെ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ, ഉപയോക്താക്കളെ തിരിച്ചറിയാനും മനസിലാക്കാനും പ്രതികരിക്കാനും കഴിയുന്ന സ്മാർട് സുഹൃത്തായി ഫോണുകളെ മാറ്റുകയാണ് ലക്ഷ്യമെന്ന് ഓണർ പറയുന്നു. ഓണറിന്റെ റോബോട്ടിക് ഫോണിന് ഇതുവരെ പേര് നൽകിയിട്ടില്ല.
സെൽഫിയിൽ മാത്രമൊതുങ്ങുന്നതല്ല പുതിയ ഓണറിന്റെ കാമറ സങ്കൽപ്പം. പുറത്തുവിട്ട വീഡിയോയിൽ ആളുകളുടെ വസ്ത്രധാരണം വിലയിരുത്തുന്നതും മേശയിൽ കമിഴ്തി വച്ചിരിക്കുന്ന ഫോണിൽ നിന്നുയരുന്ന കാമറ സമീപത്ത് കിടത്തിയിരിക്കുന്ന കുഞ്ഞുമായി സംവദിക്കുന്നതും കാണാം. എ.ഐ ഏജന്റുകൾക്ക് സമാനമായി ഫോണുകളെ സ്വയം പ്രതികരണ ശേഷിയുള്ളതാക്കുകയെന്നതാണ് സങ്കൽപ്പമെന്ന് വ്യക്തം.  
ദൈനംദിന ജീവിതത്തിൽ ഉപയോഗിക്കുന്ന സ്മാർട്ഫോണുകളടക്കം ഉപകരണങ്ങളിൽ റോബോട്ടിക്സിന്റെയും നിർമിത ബുദ്ധിയുടെയും അനന്ത സാധ്യതകളാണുള്ളതെന്ന് മിക്ക വൻകിട ടെക് കമ്പനികളും ഇതിനകം മനസിലാക്കിയിട്ടുണ്ട്. പലരും മേഖലയിൽ വലിയ ഗവേഷണങ്ങളും നടത്തിവരുന്നുണ്ട്. ഉപയോക്താക്കളെ വീട്ടിൽ പിന്തുടരുകയും ആവശ്യമായ വിവരങ്ങൾ നൽകുകയും ചെയ്യുന്ന രീതിയിൽ റോബോട്ടിന്റെ പണിപ്പുരയിലാണ് ആപ്പിളെന്ന് അടുത്തിടെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. 2021ൽ ആമസോൺ അലക്സാ കമാൻഡുകളോട് പ്രതികരിക്കുന്ന റോബോട്ടായ അസ്ട്രോ ഹോം പുറത്തിറക്കിയിരുന്നുവെങ്കിലും വിപണിയിൽ വിജയം കണ്ടിരുന്നില്ല.
സാങ്കേതിക വിദ്യകളിലും രൂപകൽപ്പനയിലും വിവിധ കമ്പനികൾ പുറത്തിറക്കുന്ന സ്മാർട്ഫോണുകളിൽ കാര്യമായ പുതുമകളിൽ ഇല്ലാതായതോടെ ആളുകൾ അപ്ഡേറ്റ് ചെയ്യാൻ മടിക്കുന്ന സാഹചര്യമുണ്ട്. ഈ അവസരത്തിലാണ് ഓണർ പോലുള്ള കമ്പനികൾ ഉപയോക്താക്കളെ ആകർഷിക്കാൻ ആധുനിക സാങ്കേതിക വിദ്യയുടെ സാധ്യതകൾ തേടുന്നത്.


