വാങ്ങിച്ച് ഒരു മാസത്തിനുള്ളിൽ ഓറഞ്ച് നിറം പിങ്കാവുന്നു; ഓറഞ്ച് ഐഫോണിന്‍റെ നിറം മങ്ങുന്നതിന്‍റെ കാരണങ്ങൾ
text_fieldsഐഫോൺ 17 സീരിസിൽ ഭൂരിഭാഗം പേരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത് 17 പ്രോ, 17 പ്രോ മാക്സ് കോസ്മിക് ഓറഞ്ച് കളർ മോഡലായിരുന്നു. ഇറങ്ങിയത് മുതൽ ഓറഞ്ച് കളറിന് ആരാധകർ ഏറെയായിരുന്നു. ആഗോള മാർക്കറ്റിലും ഇന്ത്യൻ മാർക്കറ്റിലും കോസ്മിക് ഓറഞ്ച് കളറാണ് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ടത്. എന്നാൽ ഇപ്പോൾ കളറിനെക്കുറിച്ച് നിരവധി പരാതികൾ വരുന്നതായാണ് റിപ്പോർട്ട്.
ഓറഞ്ച് നിറം പിങ്ക് നിറത്തിലേക്ക് മാറുന്നതുമായി ബന്ധപ്പെട്ട വിഡിയോകൾ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു കഴിഞ്ഞു. ഫോണിന്റെ ഗ്ലാസ് ബാക്ക് പാനല്‍ ഓറഞ്ച് നിറത്തില്‍ത്തന്നെ തുടരുമ്പോഴും അലുമിനിയം ഫ്രെയിമിലും കാമറയുടെ ഭാഗങ്ങളിലുമാണ് പിങ്ക് നിറത്തിലേക്ക് മാറുന്നവെന്നാണ് പരാതികൾ. ആദ്യമായി പരാതിയുമായി സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നത് ജപ്പാനിലെ ഒരു ഉപയോക്താവാണ്. അതിനുശേഷം സമാനമായ അനുഭവങ്ങളുമായി മറ്റുള്ളവരും രംഗത്തെത്തി.
ഇതോടെ ഐഫോണ്‍ 17 പ്രോ, പ്രോ മാക്സ് കോസ്മിക് ഓറഞ്ച് വേരിയന്‍റ് ഉപയോക്താക്കൾ നിരാശരായിരിക്കുകയാണ്. വലിയ തുക കൊടുത്ത് വാങ്ങിയ ഉത്പന്നത്തിന്‍റെ ഗുണമേന്മയിൽ നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്. ഫോൺ വാങ്ങി രണ്ട് മാസം ആവുന്നതിന് മുമ്പ് തന്നെ നിറത്തിൽ വ്യത്യാസം വന്നിരിക്കുന്നു എന്നത് ഉപയോക്താക്കളെ ആശങ്കയിലാക്കുന്നു. ഐഫോണ്‍ 17 പ്രോ മോഡലുകളുടെ ഫ്രെയിമുകളില്‍ സ്ക്രാച്ച് ഉണ്ടെന്നും പരാതികൾ ഉയരുന്നുണ്ട്.
ഐഫോൺ 17 പ്രോയുടെ ബാക്ക് സൈഡ് ആനോഡൈസ്ഡ് അലുമിനിയം കൊണ്ടാണ് നിർമിച്ചിരിക്കുന്നത്. ചില ക്ലീനിങ് ഏജന്റുകൾ ഉപയോഗിക്കുമ്പോൾ ഈ മെറ്റീരിയൽ കൃത്രിമ ഓക്സൈഡ് പാളികൾക്കും നിറം മാറ്റത്തിനും കാരണമാകും. പ്രത്യേകിച്ചും ഓക്സൈഡ് പാളി പെറോക്സൈഡ് അധിഷ്ഠിത ക്ലീനറുകളുമായി സമ്പർക്കം പുലർത്തുമ്പോൾ അത് ലോഹത്തിന് താഴെയുള്ള ലായകവുമായി പ്രതിപ്രവർത്തിക്കുന്നു. ഈ പ്രതിപ്രവർത്തനം ഗ്ലാസ്-ബാക്ക്ഡ് പാനലുകൾക്ക് അവയുടെ യഥാർത്ഥ ഓറഞ്ച് നിറം നിലനിർത്തുകയും അതേസമയം മെറ്റാലിക് സൈഡ് പാനലുകൾ പിങ്ക് നിറമായി മാറുന്നതിനും കാരണമാകുന്നുവെന്ന് സാങ്കേതിക വിദഗ്ധർ ചൂണ്ടികാട്ടുന്നു.
ഫോൺ വൃത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് ആപ്പിളിന്റെ സപ്പോർട്ട് സൈറ്റിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വൃത്തിയാക്കുന്നതിനായി ശരിയായ ക്ലീനറുകൾ ഉപയോഗിക്കാത്തതായിരിക്കാം നിറം മാറ്റത്തിന് കാരണമെന്ന് ആപ്പിൾ പറയുന്നു. പെറോക്സൈഡ് അധിഷ്ഠിത ക്ലീനറുകളോ ശക്തമായ യു.വി എക്സ്പോഷറോ ഉപയോഗിക്കുന്നത് നിറം മാറ്റത്തിന് കാരണമാകം. കാരണം ഇവ ഉപയോഗിച്ച് ഐഫോണുകൾ വൃത്തിയാക്കുന്നതിനെതിരെ പ്രത്യേകം മുന്നറിയിപ്പ് സൈറ്റിൽ നൽകുന്നുണ്ട്.
- 70 ശതമാനം ഐസോപ്രോപൈൽ ആൽക്കഹോൾ വൈപ്പുകൾ, 70 ശതമാനം എഥൈൽ ആൽക്കഹോൾ വൈപ്പുകൾ, അല്ലെങ്കിൽ ക്ലോറോക്സ് അണുനാശിനി വൈപ്പുകൾ എന്നിവ ഉപയോഗിക്കുക.
- ഫോണിന്റെ പുറംഭാഗം മൃദുവായി വൃത്തിയാക്കുക, എന്നാൽ ബ്ലീച്ച് അല്ലെങ്കിൽ ഹൈഡ്രജൻ പെറോക്സൈഡ് അടങ്ങിയ ഉൽപ്പന്നങ്ങൾ ഒഴിവാക്കുക.
- ഏതെങ്കിലും ദ്വാരങ്ങൾ ഈർപ്പം ഏൽക്കുന്നത് ഒഴിവാക്കുക, നിങ്ങളുടെ ഐഫോൺ ഒരിക്കലും ക്ലീനിങ് ഏജന്‍റ്് കൊണ്ട് വൃത്തിയാക്കരുത്
- വൃത്തിയാക്കിയ ശേഷം എപ്പോഴും വൃത്തിയുള്ളതും ഉണങ്ങിയതുമായ തുണി ഉപയോഗിച്ച് തുടകക
എന്നിങ്ങനെ വ്യക്തമായ നിർദേശങ്ങൾ സപ്പോർട്ട് സൈറ്റിൽ നൽകുന്നു.


