Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightTECHchevron_rightMobileschevron_rightമോട്ടറോള സിഗ്നേച്ചർ 27...

മോട്ടറോള സിഗ്നേച്ചർ 27 ബാറ്ററിയിൽ ആശയക്കുഴപ്പം!

text_fields
bookmark_border
മോട്ടറോള സിഗ്നേച്ചർ 27 ബാറ്ററിയിൽ ആശയക്കുഴപ്പം!
cancel

മൂന്ന് ദിവസം വരെ ബാറ്ററി നിൽക്കുമെന്ന പ്രതീക്ഷയിൽ ഒരു ഫോൺ വാങ്ങുന്നു. എന്നാൽ അതേ പേരിലുള്ള മറ്റൊരു പതിപ്പിൽ ബാറ്ററി 1,500 എം.എ.എച്ച് കുറവാണെന്ന് അറിഞ്ഞാലോ? മോട്ടറോളയുടെ പുതിയ മുൻനിര ഫോണായ സിഗ്നേച്ചർ 27-നെ ചുറ്റിപ്പറ്റി ഇപ്പോൾ ഉയരുന്ന ചർച്ച ഇതാണ്. 7,000 എംഎഎച്ച് ബാറ്ററിയാണ് ഫോണിന്റെ പ്രധാന ആകർഷണങ്ങളിലൊന്നായി കമ്പനി അവതരിപ്പിക്കുന്നത്. എന്നാൽ യൂറോപ്യൻ യൂനിയന്റെ ഔദ്യോഗിക ഉൽപ്പന്ന രജിസ്ട്രിയിൽ കണ്ടെത്തിയ വിവരങ്ങൾ പ്രകാരം, ഇതേ ഫോണിന്റെ മറ്റൊരു മോഡൽ നമ്പറിൽ 5,500 എംഎഎച്ച് ബാറ്ററിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഒരേ ഫോൺ, രണ്ട് മോഡൽ നമ്പറുകൾ

ആൻഡ്രോയിഡ് അതോറിറ്റിയാണ് യൂറോപ്യൻ പ്രൊഡക്ട് രജിസ്ട്രി ഫോർ എനർജി ലേബലിങ് (EPREL) ഡാറ്റാബേസിലെ ഈ വ്യത്യാസം ആദ്യം റിപ്പോർട്ട് ചെയ്തത്. മോട്ടറോള സിഗ്നേച്ചർ 27-ന്റെ XT2701-1, XT2701-5 എന്നീ രണ്ട് മോഡൽ നമ്പറുകളാണ് രജിസ്ട്രിയിൽ കാണുന്നത്.ഇവയുടെ ബാറ്ററി ശേഷിയിലാണ് വ്യത്യാസമുള്ളത്. XT2701-1 മോഡലിന് 6,790 എം.എ.എച്ച് റേറ്റഡ് കപ്പാസിറ്റിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സാധാരണയായി പരസ്യങ്ങളിൽ പറയുന്ന 7,000 എം.എ.എച്ച് ശേഷിയുമായി ഇത് പൊരുത്തപ്പെടുന്നു.എന്നാൽ XT2701-5 മോഡലിൽ രേഖപ്പെടുത്തിയിരിക്കുന്നത് 5,350 എം.എ.എച്ച് റേറ്റഡ് കപ്പാസിറ്റിയാണ്. ഇതിന്റെ സാധാരണയായി പരസ്യപ്പെടുത്തുന്ന ശേഷി ഏകദേശം 5,500 എം.എ.എച്ച് ആയിരിക്കും. അതായത്, ഒരേ പേരിലുള്ള ഫോണിന്റെ രണ്ട് പതിപ്പുകൾക്കിടയിൽ 1,500 എം.എഎ.ച്ചിന്റെ വ്യത്യാസം.

ബാറ്ററി ശേഷിയിൽ 21 ശതമാനത്തോളം കുറവ്

7,000 എം.എ.എച്ച് പതിപ്പിനെ അപേക്ഷിച്ച് 5,500 എം.എ.എച്ച് പതിപ്പിന് ഏകദേശം 21 ശതമാനം കുറഞ്ഞ ബാറ്ററി ശേഷിയാണുള്ളത്. ബാറ്ററി ലൈഫിന് വലിയ പ്രാധാന്യം നൽകുന്നവർക്ക് ഈ വ്യത്യാസം ചെറുതല്ല.EPREL രേഖകളിൽ നൽകിയിരിക്കുന്ന ബാറ്ററി എൻഡ്യൂറൻസ് കണക്കുകളിലും ഈ വ്യത്യാസം കാണാം. 7,000 എം.എ.എച്ച് പതിപ്പിന് ഒരു ചാർജ് സൈക്കിളിൽ 77 മണിക്കൂർ 45 മിനിറ്റ് എന്ന കണക്കാണ് നൽകിയിരിക്കുന്നത്. 5,500 എം.എ.എച്ച് പതിപ്പിന് ഇത് 61 മണിക്കൂർ 29 മിനിറ്റാണ്.എന്നാൽ ഈ കണക്കുകൾ സാധാരണ ഉപയോഗത്തിൽ ഫോൺ ഇത്രയും മണിക്കൂർ തുടർച്ചയായി പ്രവർത്തിക്കുമെന്ന ഉറപ്പല്ല. ഒരേ മാനദണ്ഡങ്ങൾ ഉപയോഗിച്ചുള്ള നിയന്ത്രിത പരിശോധനയിൽ ലഭിച്ച താരതമ്യ കണക്കുകളാണിവ. യഥാർഥ ബാറ്ററി ലൈഫ് സ്ക്രീൻ ഉപയോഗം, നെറ്റ്‌വർക്ക്, ആപ്പുകൾ, തെളിച്ചം തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ചിരിക്കും.

എന്തുകൊണ്ടാണ് രണ്ട് ബാറ്ററി പതിപ്പുകൾ?

ഒരേ പേരിലുള്ള ഫോണിന് വ്യത്യസ്ത ബാറ്ററി ശേഷിയുള്ള രണ്ട് മോഡൽ നമ്പറുകൾ പ്രത്യക്ഷപ്പെട്ടതിന്റെ കാരണം മോട്ടറോള ഇതുവരെ വ്യക്തമാക്കിയിട്ടില്ല. വിപണി അനുസരിച്ചുള്ള ഹാർഡ്‌വെയർ വ്യത്യാസമാണോ, മറ്റേതെങ്കിലും സാങ്കേതികമോ വിതരണപരമോ ആയ കാരണമാണോ ഇതിന് പിന്നിലെന്നും സ്ഥിരീകരണമില്ല.യൂറോപ്യൻ രജിസ്ട്രിയിലെ വിവരങ്ങൾ മാത്രം കണ്ട് ഈ രണ്ട് പതിപ്പുകളും എല്ലാ വിപണികളിലും വിൽപ്പനയ്ക്കെത്തുമെന്ന് പറയാനാകില്ല. അതുപോലെ, XT2701-5 മോഡൽ ഏത് രാജ്യങ്ങളിലാണ് ലഭിക്കുകയെന്ന കാര്യത്തിലും വ്യക്തതയില്ല.ഈ വിഷയത്തിൽ മോട്ടറോളയോട് വിശദീകരണം തേടിയതായി ആൻഡ്രോയിഡ് അതോറിറ്റി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ കമ്പനി നൽകുന്ന ഔദ്യോഗിക വിശദീകരണം പുറത്തുവന്നിട്ടില്ല.

ഇന്ത്യൻ പതിപ്പിൽ 7,000 എം.എ.എച്ച് തന്നെ

ഇന്ത്യൻ വിപണിയെ സംബന്ധിച്ചിടത്തോളം നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. മോട്ടറോള ഇന്ത്യയുടെ ഔദ്യോഗിക ഉൽപ്പന്ന പേജിൽ സിഗ്നേച്ചർ 27-ന് 7,000 എം.എ.എച്ച് സിലിക്കൺ-കാർബൺ ബാറ്ററിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 90 വാട്ട് വയർഡ് ചാർജിങ്ങും 50 വാട്ട് വയർലെസ് ചാർജിങ്ങും കമ്പനി വ്യക്തമാക്കുന്നുണ്ട്.എന്തായാലും വാങ്ങാൻ ഉദ്ദേശിക്കുന്നവർ ഔദ്യോഗിക ഉൽപ്പന്ന പേജിലെയും വിൽപ്പന പട്ടികയിലെയും ബാറ്ററി ശേഷി പരിശോധിക്കുന്നത് നല്ലതാണ്.7,000 എം.എ.എച്ച് ബാറ്ററി ഈ ഫോണിന്റെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. അതിനാൽ ഒരേ പേരിലുള്ള ഫോണിൽ തന്നെ ശേഷിയിൽ ഇത്രയും വ്യത്യാസമുണ്ടാകുമെന്ന റിപ്പോർട്ട് ഉപയോക്താക്കൾക്കിടയിൽ സംശയമുയർത്തുന്നത് സ്വാഭാവികമാണ്. മോട്ടറോളയുടെ ഔദ്യോഗിക വിശദീകരണം വന്നാൽ മാത്രമേ ഈ വ്യത്യാസത്തിന് പിന്നിലെ കാരണവും വിപണികളിലെ ലഭ്യതയും വ്യക്തമാകൂ. ആഗോള വിപണിയിൽ നവംബർ 5-ന് അവതരിപ്പിച്ച മോട്ടറോള സിഗ്നേച്ചർ 27 ഈ മാസം തന്നെ ഇന്ത്യയിലും എത്തുമെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഇന്ത്യൻ ലോഞ്ചിന്റെ കൃത്യമായ തീയതിയും വിലയും സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:motorola smartphone battery charge Tech News 
News Summary - Motorola Signature 27 Battery: 7,000mAh or 5,500mAh?
Next Story