ആപ്പിളിന് മുമ്പേ സാംസങ് എത്തും; മടക്കാവുന്ന ഫോണുകളിൽ ഇനി വിശാലമായ സ്ക്രീനും; പുത്തൻ ഫോൾഡ് 8 വരുന്നു
text_fieldsലണ്ടൻ: സ്മാർട്ട്ഫോൺ നിർമാതാക്കളായ സാംസങ് തങ്ങളുടെ പുത്തൻ അത്ഭുത ഫോണുകൾ വിപണിയിലിറക്കാൻ തയാറെടുക്കുന്നു. കൂടുതൽ വീതിയുള്ള ഡിസ്‌പ്ലേയോട് കൂടിയ 'വൈഡ്' മോഡലാണ് സാംസങ് ഇത്തവണ അവതരിപ്പിക്കുന്നത്.വരാനിരിക്കുന്ന ഗാലക്‌സി അൺപാക്ക്ഡ് ഇന്റർനാഷണൽ ഇവന്റിൽ വെച്ച് ഗാലക്‌സി ഇസഡ് ഫോൾഡ് 8-നൊപ്പം കൂടുതൽ വീതിയുള്ള 'വൈഡ്' മോഡലും കമ്പനി അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.ജൂലൈ 22ന് ലണ്ടനിൽ വെച്ച് നടക്കുന്ന ചടങ്ങിലാകും സാംസങ്ങിന്റെ ഈ പുതിയ മോഡലുകൾ വിപണിയിലെത്തുക.
സാംസങ് ഫോണുകളുടെ വലിയ പ്രത്യേകതയായിരുന്ന 'എസ് പെൻ' വീണ്ടും ഫോൾഡബിൾ ഫോണുകളിലേക്ക് കൊണ്ടുവന്നേക്കും എന്നതാണ് മറ്റൊരു പ്രധാന പ്രത്യേകത. ഫോണിൽ വരക്കാനും എഴുതാനും ഇത് കൂടുതൽ എളുപ്പമാക്കും. ഗാലക്സി ഇസഡ് ഫോൾഡ് 8 എന്ന പുതിയ മോഡലിനൊപ്പമാകും കൂടുതൽ സൗകര്യങ്ങളുള്ള വൈഡ് മോഡലും പുറത്തിറക്കുക.
ആപ്പിളിന്റെ ആദ്യത്തെ ഫോൾഡബിൾ ഐഫോൺ വിപണിയിലെത്താൻ ഒരുങ്ങുന്നു എന്ന വാർത്തകൾക്കിടയിലാണ് സാംസങ്ങിന്റെ ഈ നീക്കം. ആപ്പിൾ വിപണി കീഴടക്കുന്നതിന് മുമ്പേ ഏറ്റവും മികച്ച ഫോണുകൾ ജനങ്ങളിലെത്തിച്ച് വിപണി പിടിക്കാനാണ് സാംസങ്ങിന്റെ തന്ത്രം. ചൈനീസ് ബ്രാൻഡുകളിൽ നിന്നുള്ള കടുത്ത മത്സരവും ആപ്പിളിന്റെ വരവും മുൻകൂട്ടി കണ്ടാണ് സാംസങ്ങ് പുതിയ പരീക്ഷണങ്ങൾക്ക് ഒരുങ്ങുന്നത്. പുതിയ ഫോണുകൾക്കൊപ്പം പുതിയ ഗാലക്സി വാച്ച് മോഡലുകളും ജൂലൈയിലെ ഈ ചടങ്ങിൽ സാംസങ് പുറത്തിറക്കിയേക്കും.
കഴിഞ്ഞ വർഷം ന്യൂയോർക്കിൽ നടന്ന ചടങ്ങിലായിരുന്നു സാംസങ്ങിന്റെ മുൻ മോഡലുകൾ എത്തിയത്. ഇത്തവണ ലണ്ടനെയാണ് സാംസങ് ഇതിനായി തിരഞ്ഞെടുത്തത്. ഫെബ്രുവരിയിൽ പുറത്തിറങ്ങിയ സാംസങ് എസ് 26 സീരീസിന് വലിയ സ്വീകാര്യത ലഭിച്ചതിന് പിന്നാലെയാണ് പുത്തൻ ഫോൾഡബിൾ ഫോണുകളുമായി കമ്പനി വീണ്ടും എത്തുന്നത്.


