Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_rightവീണ്ടും...

വീണ്ടും കൂട്ടപ്പിരിച്ചുവിടലിനൊരുങ്ങി ആമസോൺ; എച്ച്.ആർ വിഭാഗത്തിൽ നിന്ന് 15 ശതമാനം ആളുകൾ പുറത്താകും

text_fields
bookmark_border
Amazon
cancel

ന്യൂയോർക്ക്: ജീവനക്കാരെ കൂട്ടമായി പിരിച്ചുവിടാനൊരുങ്ങി ആമസോൺ. പീപ്പിൾ എക്സ്പീരിയൻസ് ആൻഡ് ടെക്നോളജി ടീം എന്നറിയപ്പെടുന്ന എച്ച്.ആർ വിഭാഗത്തിലെ 15 ശതമമാനം ജീവനക്കാരെ കുറക്കാനാണ് കമ്പനി തയാറെടുക്കുന്നത്. ആമസോണിന്റെ മറ്റ് ബിസിനസ് മേഖലകളിൽ നിന്നും പിരിച്ചുവിടലുണ്ടായേക്കാമെന്നും ഫോർച്യൂൺ റിപ്പോർട്ട് ചെയ്തു. എന്നാൽ എച്ച്.ആർ വിഭാഗത്തേയായിരിക്കും ഇത് കൂടുതൽ ബാധിക്കുക. അതേസമയം, പിരിച്ചുവിടുന്ന ജീവനക്കാരുടെ എണ്ണവും എപ്പോഴാണ് പിരിച്ചുവിടുക എന്നതിനെ കുറിച്ചും കമ്പനി വ്യക്തമാക്കിയിട്ടില്ല.

കമ്പനിയുടെ ഉപഭോക്തൃ ഉപകരണ ഗ്രൂപ്പായ വണ്ടറി പോഡ്കാസ്റ്റ് വിഭാഗത്തിലും ആമസോൺ വെബ് ​സർവീസസിലും അടുത്തിടെ പിരിച്ചുവിടലുകളുണ്ടായിരുന്നു. ആമസോൺ എ.ഐ, ക്ലൗഡ് പ്രവർത്തനങ്ങൾക്കയി കോടിക്കണക്കിന് ഡോളറുകൾ നിക്ഷേപിക്കുന്നതിനാലാണ് ഈ ​വെട്ടിക്കുറക്കലുകൾ വേണ്ടി വരുന്നതെന്നും റിപ്പോർട്ടുണ്ട്. ഈ വർഷം 100 ബില്യൺ ഡോളറിലേറെയാണ് ഇങ്ങനെ നിക്ഷേപിക്കാനൊരുങ്ങുന്നത്.

അതിൽ ഭൂരിഭാഗവും ആന്തരിക ഉപയോഗത്തിനും എന്റർപ്രൈസ് ക്ലയന്റുകൾക്കും എ.ഐ ഇൻഫ്രാസ്ട്രക്ചർ ശക്തിപ്പെടുത്തുന്നതിനായി അടുത്ത തലമുറ ഡാറ്റാ സെന്ററുകൾ നിർമിക്കുന്നതിനാണ് നീക്കിവച്ചിരിക്കുന്നത്.

പുതിയ യുഗത്തെ നിർവചിക്കുന്നത് എ.ഐ ആയിരിക്കുമെന്ന് 2021ൽ ജെഫ് ബെസോസിന്റെ പിൻഗാമിയായ ആമസോൺ സി.ഇ.ഒ ആയി ചുമതലലേറ്റ ആൻഡി ജാസി പ്രഖ്യാപിച്ചിരുന്നു. എന്നാൽ എല്ലാ ജീവനക്കാരും പരിവർത്തനത്തിന് വിധേയരാകില്ലെന്നും ജാസി വ്യക്തമാക്കുകയും ചെയ്തു. ഇക്കഴിഞ്ഞ ജൂണിൽ പുറത്തിറക്കിയ മെമ്മോയിൽ എല്ലാ ജീവനക്കാരും ആമസോണിന്റെ എ.ഐ ഡ്രൈവിൽ പ​​ങ്കെടുക്കണമെന്ന് ജാസി ആവശ്യപ്പെട്ടിരുന്നു. കമ്പനിയിലുടനീളം എ.ഐ വ്യാപകമായി ഉപയോഗിക്കുന്നതിലൂടെ വലിയ മെച്ചമുണ്ടായതോടെ കോർപറേറ്റ് ജീവനക്കാരുടെ എണ്ണം കുറക്കാൻ ലക്ഷ്യമിടുന്നതായും അദ്ദേഹം പറയുകയും ചെയ്തു.

ജാസിയുടെ നേതൃത്വത്തിൽ ഇതിനകം തന്നെ ആമസോണിൽ വലിയ പിരിച്ചു വിടൽ നടന്നിട്ടുണ്ട്. 2022നും 2023നുമിടയിൽ ഏതാണ്ട് 27,000 കോർപറേറ്റ് തസ്തികകളാണ് വെട്ടിക്കുറച്ചത്. അതേസമയം, ഒരു ഭാഗത്ത് അവധിക്കാല നിയമനങ്ങൾ വർധിപ്പിക്കുന്നുമുണ്ട്. ഉത്സവകാലത്തെ ആവശ്യങ്ങൾ കൈകാര്യം ചെയ്യുന്നതിനായി യു.എസ് വെയർഹൗസുകളിലും ലോജിസ്റ്റിക്സ് ശൃംഖലയിലുമായി 2,50,000 സീസണൽ ജീവനക്കാരെ നിയമിക്കാനുള്ള പദ്ധതികൾ കമ്പനി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

Show Full Article
TAGS:Amazon layoffs Latest News 
News Summary - Amazon plans major layoffs
Next Story