Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_rightഇൻസ്റ്റാഗ്രാമിൽ...

ഇൻസ്റ്റാഗ്രാമിൽ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ പരസ്യം: മെറ്റയെ വിളിച്ചുവരുത്താൻ കേന്ദ്രസർക്കാർ നിർദേശം

text_fields
bookmark_border
instagram
cancel
camera_alt

ഇൻസ്റ്റഗ്രാം

ന്യൂഡൽഹി: ഇൻസ്റ്റാഗ്രാം പ്ലാറ്റ്‌ഫോമിൽ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പരസ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് കേന്ദ്രസർക്കാർ കർശന നടപടിയിലേക്ക്. കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രി അശ്വിനി വൈഷ്ണവിന്റെ നിർദേശപ്രകാരം മെറ്റ അധികൃതരെ മന്ത്രാലയത്തിലേക്ക് വിളിപ്പിക്കാനും സംഭവത്തിൽ വിശദീകരണം ആവശ്യപ്പെടാനും തീരുമാനിച്ചതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ ഉള്ളടക്ക സുരക്ഷയെക്കുറിച്ച് ഉയരുന്ന ആശങ്കകൾക്കിടയിലാണ് ഈ നിർണായക നീക്കം.

പ്രമുഖ മാധ്യമ സ്ഥാപനമായ ബി.ബി.സിയാണ് ഈ ഗുരുതര പ്രശ്നവുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. ഇന്ത്യ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ചില അക്കൗണ്ടുകൾ വഴിയാണ് ഈ നിയമവിരുദ്ധമായ ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നത്. ഇൻസ്റ്റാഗ്രാമിലൂടെ ഏകദേശം 30-ഓളം വ്യത്യസ്ത പരസ്യങ്ങൾ ഇത്തരം നിയമവിരുദ്ധമായ ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുന്നുണ്ടെന്ന് അവർ കണ്ടെത്തി. റേപ്പ് വിഡിയോ, ചൈൽഡ് വിഡിയോ തുടങ്ങിയ പ്രയോഗങ്ങൾ ഉപയോഗിച്ചുള്ള ഈ പരസ്യങ്ങൾ, ഉപയോക്താക്കളെ ടെലിഗ്രാം ചാനലുകളിലേക്ക് എത്തിക്കുകയും അവിടെ വെച്ച് ഇത്തരം ദൃശ്യങ്ങൾ വിൽപ്പന നടത്തുകയും ചെയ്യുന്ന രീതിയാണ് പിന്തുടരുന്നത്.

ഇത്തരം പരസ്യങ്ങൾ തങ്ങളുടെ കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങളെ ലംഘിക്കുന്നില്ലെന്ന വിചിത്രമായ മറുപടിയാണ് ഇൻസ്റ്റഗ്രാം അധികൃതർ ആദ്യഘട്ടത്തിൽ നൽകിയത്. എന്നാൽ വിഷയം ബി.ബി.സി ആഗോളതലത്തിൽ ഉന്നയിച്ചതോടെ മെറ്റ പ്രതികരിച്ചു. ആരോപണവിധേയമായ പരസ്യങ്ങൾ നീക്കം ചെയ്യുകയും ബന്ധപ്പെട്ട അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്യുകയും ചെയ്തതായി മെറ്റ അറിയിച്ചു.

കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങളുടെ ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നത് വെച്ചുപൊറുപ്പിക്കില്ലെന്ന് മെറ്റ വക്താവ് വ്യക്തമാക്കി. 350 കോടിയിലധികം ഉപയോക്താക്കളുള്ള പ്ലാറ്റ്‌ഫോമിൽ കുറ്റവാളികളെ കണ്ടെത്താൻ അത്യാധുനിക എ.ഐ സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ടെങ്കിലും ഇത്തരം കുറ്റവാളികൾ നിരന്തരം തങ്ങളുടെ സുരക്ഷാ സംവിധാനങ്ങളെ കബളിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെന്നും മെറ്റ വിശദീകരിച്ചു. ടെലഗ്രാം അധികൃതർ പറയുന്നതനുസരിച്ച് 2026-ൽ മാത്രം കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങളുമായി ബന്ധപ്പെട്ട് 274000 ത്തിലധികം അക്കൗണ്ടുകൾ അവർ നീക്കം ചെയ്തിട്ടുണ്ട്.

അതേസമയം സമൂഹമാധ്യമങ്ങളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്ന കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്ന നിലപാടിലാണ് സർക്കാർ. നാഷണൽ കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്‌സ് ഈ റിപ്പോർട്ട് അതീവ ഗൗരവത്തോടെ എടുത്തിട്ടുണ്ടെന്നും, കേസ് അതീവ ഗൗരവത്തിൽ നിരീക്ഷിക്കുമെന്നും പ്രഖ്യാപിച്ചു.

Show Full Article
TAGS:Meta Instagram Child sexual abuse BBC IT ministry Aswini vaishnaw MeitY 
News Summary - Centre to summon Meta officials over Instagram ads ‘promoting’ child sexual abuse in India
Next Story