
മിനിറ്റുകൾക്കകം ഗെയിമും വെബ്സൈറ്റും നിർമിച്ചു; ചാറ്റ്ജി.പി.ടി-4ന്റെ ലീലാവിലാസങ്ങൾ ഇങ്ങനെ...
text_fieldsഓപൺഎ.ഐയുടെ എ.ഐ ചാറ്റ്ബോട്ടായ ചാറ്റ്ജി.പി.ടിയുടെ പുതിയ പതിപ്പാണ് ജി.പി.ടി-4. എഐ ലാംഗ്വേജ് മോഡലായ ജി.പി.ടി-3.5-ന്റെ പരിഷ്‍കരിച്ച പതിപ്പായ ജി.പി.ടി-4 കഴിഞ്ഞ ദിവസമാണ് ലോഞ്ച് ചെയ്തത്. സങ്കീർണവും ക്രിയാത്മകവുമായ നിർദേശങ്ങളോടും ചോദ്യങ്ങളോടുമെല്ലാം വളരെ മികച്ച രീതിയിൽ പ്രതികരിക്കാൻ ജി.പി.ടി-4ന് കഴിയുമെന്നാണ് ഓപൺഎ.ഐയുടെ അവകാശവാദം.
മനുഷ്യനിലവാരത്തിൽ പ്രകടനം നടത്താൻ കഴിയുമെന്ന് അവകാശപ്പെടുമ്പോഴും ജി.പി.ടി-4നും അതിന്റേതായ പരിമിതികളുണ്ട്. എങ്കിലും ഇതിനകം പലരും പുതിയ ചാറ്റ്ജി.പി.ടി-4ന്റെ കഴിവ് കണ്ട് അന്തം വിട്ടിട്ടുണ്ട്. ട്വിറ്ററിൽ നിരവധിയാളുകളാണ് തങ്ങളുടെ അനുഭവം പങ്കുവെച്ച് രംഗത്തുവന്നിരിക്കുന്നത്.
20 മിനിറ്റ് കൊണ്ട് ഗെയിം നിർമിച്ചു...
ഒരു ഗെയിം സൃഷ്ടിക്കാൻ ഡെവലപ്പർമാർക്ക് ദിവസങ്ങളും മാസങ്ങളും ചിലപ്പോൾ വർഷങ്ങളും വേണ്ടി വരും. എന്നാൽ, നമ്മുടെ പുതിയ ചാറ്റ്ജി.പി.ടി നിർദേശങ്ങൾ നൽകിയതും ജാവാസ്ക്രിപ്റ്റിന്റെ ബാലപാഠങ്ങൾ പോലുമറിയാത്ത ഒരാൾക്ക് വേണ്ടി 20 മിനിറ്റുകൾ കൊണ്ടാണ് ഒരു ഗെയിം ഡെവലപ്പ് ചെയ്തു നൽകിയത്. അമ്മാർ റെഷി എന്ന ഡിസൈൻ മാനേജറാണ് തന്റെ അനുഭവം ട്വിറ്ററിലൂടെ പങ്കുവെച്ചത്.
GPT-4-ന് നിങ്ങൾക്കായി ഒരു മുഴുവൻ ഗെയിമും കോഡ് ചെയ്യാൻ കഴിയുമോ? അതെ, അതിന് കഴിയും. ചാറ്റ്ജി.പി.ടി-4ഉം @Replit-ഉം ഉപയോഗിച്ച് നിങ്ങളുടെ ബ്രൗസറിൽ പ്രവർത്തിക്കുന്ന ഒരു സ്നേക്ക് ഗെയിം ഞാൻ നഃസൃഷ്ടിച്ചതെങ്ങനെയെന്ന് നോക്കൂ. അതും ജാവാസ്ക്രിപ്റ്റിനെ കുറിച്ച് യാതൊരു അറിവുമില്ലാതെ 20 മിനിറ്റിനുള്ളിൽ... - അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
പിയത്രോ ഷിറാനോ എന്ന എ.ഐ രംഗത്തെ ഡിസൈനറും ഒരു ഗെയിം സൃഷ്ടിച്ച അനുഭവം വിഡിയോ സഹിതം കുറിച്ചിട്ടുണ്ട്.
ഇത് AGI അല്ല എന്നത് ഞാൻ കാര്യമാക്കുന്നില്ല, ജി.പി.ടി-4 അവിശ്വസനീയവും പരിവർത്തനാത്മകവുമായ സാങ്കേതികവിദ്യയാണ്. 60 സെക്കൻഡിനുള്ളിൽ ഞാൻ പോങ് ഗെയിം പുനഃസൃഷ്ടിച്ചു. അതെന്റെ ആദ്യ ശ്രമമായിരുന്നു. ഇനി കാര്യങ്ങളൊന്നും പഴയത് പോലാകില്ല... - അദ്ദേഹം ട്വിറ്ററിലെഴുതി.
വെബ് സൈറ്റ് ഉണ്ടാക്കാൻ എന്തെളുപ്പം...
പേപ്പറിൽ വളരെ ലളിതമായി വരച്ചുനൽകിയ നിർദേശങ്ങൾക്കനുസരിച്ച് പെട്ടന്ന് തന്നെ ഒരു വെബ് സൈറ്റ് നിർമിച്ചു നൽകി ചാറ്റ്ജി.പി.ടി. വിശ്വസിക്കാൻ കഴിയുന്നുണ്ടോ...? റോവൻ ച്യൂങ് എന്ന ടെക്കി ഒരു ‘വിഡിയോ തെളിവ്’ സഹിതം ട്വിറ്ററിൽ അത് പങ്കുവെച്ചിട്ടുണ്ട്... കണ്ടുനോക്കൂ..
ചാറ്റ്ജി.പി.ടി-4 ഇനി ഖാൻ അക്കാദമിയിലെ അധ്യാപകൻ
വർഷങ്ങളായി ആളുകൾക്ക് സൗജന്യ ലോകോത്തര വിദ്യാഭ്യാസം വാഗ്ദാനം ചെയ്യുന്ന ലോകപ്രശസ്ത നോൺ-പ്രൊഫിറ്റ് വിദ്യാഭ്യാസ സംഘടനയാണ് ഖാൻ അക്കാദമി. ചാറ്റ്ജി.പി.ടി-4 അടിസ്ഥാനമാക്കിയുള്ള എ.ഐ അധ്യാപകനെ നിയമിച്ചിരിക്കുകയാണ് അവരിപ്പോൾ. തുടക്കത്തിൽ അമേരിക്കയിൽ മാത്രമാണ് പുതിയ എ.ഐ ഗൈഡായ ‘ഖാൻമിഗോ’ സേവനം ലഭിക്കുക. ‘പഠിതാക്കൾക്കുള്ള അധ്യാപകൻ. അധ്യാപകർക്ക് ഒരു സഹായി’ എന്നാണ് ഖാൻ അക്കാദമി എ.ഐ അധ്യാപകനെ വിളിക്കുന്നത്.
കൊടും കഠിനമായ പരീക്ഷകൾ വിജയിച്ചു
നിരവധി വർഷത്തെ പഠനത്തിലൂടെയും മാസങ്ങളുടെ തയ്യാറെടുപ്പിലൂടെയും ആളുകൾ എഴുതി വിജയിക്കുന്ന പരീക്ഷകൾ പുഷ്പം പോലെ പാസായി ഞെട്ടിച്ചിരിക്കുകയാണ് ചാറ്റ്ജി.പി.ടി-4. എ.ഐ ശാസ്ത്രജ്ഞനായ ജിം ഫാൻ ജി.പി.ടി-4 എഴുതി വിജയിച്ച പരീക്ഷകളുടെ ഒരു ലിസ്റ്റ് തന്നെ പങ്കുവെച്ചിട്ടുണ്ട്. ബാർ, എൽ.സി.എ.ടി, ജി.ആർ.ഇ പോലുള്ള പരീക്ഷകൾ ഉയർന്ന മാർക്കോടെ പാസായ എ.ഐ ചാറ്റ്ബോട്ടിന് സ്റ്റാർഫോർഡ് യൂനിവേഴ്സിറ്റിയിൽ വിദ്യാർഥിയായി അപേക്ഷിക്കാമെന്നും ഇത്തരത്തിലുള്ള എ.ഐയുടെ വളർച്ച ഭയാനകമായ കാര്യമാണെന്നും അദ്ദേഹം പറയുന്നു.
നിയമ രംഗത്തും വിലസും
ഡുനോട്ട്പേ (DoNotPay) എന്ന റോബോട്ട് വക്കീലിനെ കുറിച്ച് കേട്ടിട്ടുണ്ടോ..? ഒരു നിയമ സേവന എ.ഐ ചാറ്റ്ബോട്ടാണ് ഡുനോട്ട്പേ. നിർമിതബുദ്ധി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ‘റോബോട്ട് വക്കീൽ’ കഴിഞ്ഞ ഫെബ്രുവരിയിൽ ലോകത്ത് ആദ്യമായി കോടതിയിൽ മനുഷ്യന് വേണ്ടി വാദം നടത്തി റെക്കോർഡ് സൃഷ്ടിച്ചിരുന്നു.
അത് തത്സമയം കോടതി വാദങ്ങൾ കേൾക്കുകയും മനുഷ്യ വക്കീലിനെ പോലെ തന്നെ അതിന്റെ സേവനം ഉപയോഗപ്പെടുത്തുന്നവർക്ക് ഇയർപീസ് വഴി എന്താണ് പറയേണ്ടതെന്ന് നിർദേശം നൽകുകയും ചെയ്യും. ഡുനോട്ട്പേയും ജി.പി.ടി-4ന്റെ ശക്തി ഉപയോഗപ്പെടുത്താൻ പോവുകയാണ്. റോബോകോളർക്കെതിരെ കേസെടുക്കാൻ "വൺ ക്ലിക്ക് വ്യവഹാരങ്ങൾ (one click lawsuits)" സൃഷ്ടിക്കാൻ ജി.പി.ടി-4 ഉപയോഗിക്കുന്നതിനായി തങ്ങൾ പ്രവർത്തിക്കുകയാണെന്ന് ഡുനോട്ട്പേ തലവനായ ജോഷ്വ ബ്രോഡർ ട്വിറ്ററിൽ കുറിച്ചു.
ഒരു കോൾ ലഭിക്കുന്നത് സങ്കൽപ്പിക്കുക, ഒരു ബട്ടണിൽ ക്ലിക്ക് ചെയ്യുന്നതോടെ, കോൾ ട്രാൻസ്‌ക്രൈബ് ചെയ്യപ്പെടുകയും 1,000 വാക്കുകളുള്ള വ്യവഹാരം സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു. GPT-3.5 വേണ്ടത്ര മികച്ചതായിരുന്നില്ല, എന്നാൽ GPT-4 ഈ ജോലി വളരെ നന്നായി കൈകാര്യം ചെയ്യുന്നു: അദ്ദേഹം ഒരു വിഡിയോ സഹിതം ട്വിറ്ററിൽ കുറിച്ചു.
ജി.പി.ടി-4ന്റെ മറ്റുചില പ്രകടനങ്ങൾ....
പണം മുടക്കേണ്ടി വരും...
ജി.പി.ടി-4 ന്റെ കഴിവുകള്‍ ഇപ്പോള്‍ ചാറ്റ്ജി.പി.ടിയുടെ സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനായ ചാറ്റ്ജി.പി.ടി പ്ലസിൽ മാത്രമാണ് ആസ്വദിക്കാൻ കഴിയുക. പ്ലസ് സബ്‌സ്‌ക്രിപ്ഷൻ എടുത്തവർക്ക് chat.openai.com-ലൂടെ ജി.പി.ടി-4 ഉപയോഗിച്ചുനോക്കാം. മൈക്രോസോഫ്റ്റിന്റെ സെർച്ച് എൻജിനായ ബിങ്ങിലും (bing) ജിപിടി-4 പരീക്ഷിക്കുന്നുണ്ട്.