Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_rightചാറ്റ്‌ജിപിടിയിലെ...

ചാറ്റ്‌ജിപിടിയിലെ പരസ്യങ്ങൾ സ്വകാര്യതയെ ബാധിക്കുമോ? ഇന്ത്യയിലെ ഉപയോക്താക്കൾക്ക് ഇമെയിൽ അറിയിപ്പ് നൽകി ഓപ്പൺ എഐ

text_fields
bookmark_border
https://www.madhyamam.com/tags/chatgpt
cancel

ജനപ്രിയ ചാറ്റ്ബോട്ടായ ചാറ്റ്ജിപിടിയിൽ പരസ്യങ്ങൾ വരുന്നു. അമേരിക്കയിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയ ഈ സംവിധാനം ഇന്ത്യയിലേക്കും വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ് ഓപ്പൺഎഐ. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യൻ ഉപയോക്താക്കൾക്ക് കമ്പനി ഇമെയിൽ അറിയിപ്പുകൾ അയച്ചുതുടങ്ങി. ഓപ്പൺ എഐയുടെ വെബ്സൈറ്റിൽ പരസ്യങ്ങൾ നൽകുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഇല്ലെങ്കിലും ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് കമ്പനി അറിയിപ്പ് നൽകി തുടങ്ങിയിട്ടുണ്ട്.

സൗജന്യ, ഗോ പ്ലാനുകൾ ഉപയോഗിക്കുന്നവർക്കായിരിക്കും പരസ്യങ്ങൾ കാണാൻ സാധിക്കുക. പ്ലസ് , പ്രോ, ബിസിനസ്, എന്റർപ്രൈസ് തുടങ്ങിയ പെയ്ഡ് പ്ലാനുകളിൽ പരസ്യങ്ങൾ ഉണ്ടായിരിക്കില്ല. കൂടാതെ, 18 വയസ്സിൽ താഴെയുള്ളവർക്കും താൽക്കാലിക ചാറ്റ് ഉപയോഗിക്കുന്നവർക്കും പരസ്യങ്ങൾ ബാധകമല്ല. ചാറ്റ്ജിപിടിയുടെ ഉത്തരങ്ങൾക്ക് താഴെയായി സ്പോൺസേർഡ് എന്ന് വ്യക്തമായി രേഖപ്പെടുത്തിയ രീതിയിലായിരിക്കും പരസ്യങ്ങൾ പ്രത്യക്ഷപ്പെടുക. ചാറ്റ്ജിപിടിയുടെ ഗോ പ്ലാനുകൾക്ക് പ്രതിമാസം 399 രൂപയാണ് ചാർജ് വരുന്നത്.

പരസ്യങ്ങൾ വരുമ്പോൾ ചാറ്റ്ജിപിടിയുടെ സ്വകാര്യതയെ ബാധിക്കുമോ എന്നതാണ് പ്രധാനമായും ഉയരുന്ന ചോദ്യം. ഇക്കാര്യത്തിൽ ഓപ്പൺഎഐ തന്നെ വ്യക്തത വരുത്തിയിട്ടുണ്ട്. ഉപയോക്താക്കളുടെ ചാറ്റുകൾ, ഹിസ്റ്ററി, സ്വകാര്യ വിവരങ്ങൾ എന്നിവ പരസ്യദാതാക്കൾക്ക് ലഭിക്കില്ലെന്നും, ഉപയോക്താക്കളുടെ ഡാറ്റ വിൽക്കില്ലെന്നും കമ്പനി ഉറപ്പുനൽകുന്നു. പരസ്യങ്ങൾ ചാറ്റ്ജിപിടിയുടെ ഉത്തരങ്ങളെ സ്വാധീനിക്കില്ല. ഉത്തരങ്ങൾ നൽകുന്ന സിസ്റ്റവും പരസ്യ സംവിധാനവും വെവ്വേറെയാണ് പ്രവർത്തിക്കുന്നതെന്നും കമ്പനി വ്യക്തമാക്കുന്നു.

ഭാവിയിൽ ഉപയോക്താക്കൾക്ക് Settings വിഭാഗത്തിലെ Ads Controls വഴി പരസ്യങ്ങൾ വ്യക്തിഗതമാക്കുന്നത് ഓൺ ചെയ്യാനോ ഓഫ് ചെയ്യാനോ സാധിക്കും. എന്നാൽ, ഇന്ത്യയിലെ ഉപയോക്താക്കൾക്ക് ഈ ഫീച്ചർ ഉടൻ ലഭ്യമാകില്ലെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സൗജന്യ സേവനം ഉപയോഗിക്കുന്നവർക്ക് ചാറ്റ്ജിപിടി അനുഭവത്തിൽ ചെറിയ മാറ്റങ്ങൾ വരാൻ സാധ്യതയുണ്ടെങ്കിലും, സ്വകാര്യതയുടെ കാര്യത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് കമ്പനിയുടെ വിശദീകരണം.

Show Full Article
TAGS:ChatGPT Privacy email Open AI Tech News 
News Summary - ChatGPT, Ads, Privacy, India, Email, Open AI
Next Story