ചാറ്റ് ജി.പി.ടി യൂസർമാരിൽ എത്രപേർ മനോവിഭ്രാന്തിയും ആത്മഹത്യ ചിന്തകളും പ്രകടിപ്പിക്കുന്നു; ഡാറ്റ പുറത്തുവിട്ട് ഓപൺ എ.ഐ
text_fieldsപ്രതീകാത്മക ചിത്രം
മതിഭ്രമം, മനോവിഭ്രാന്തി അല്ലെങ്കിൽ ആത്മഹത്യ ചിന്തകൾ ഉൾപ്പെടെയുള്ള മാനസികാരോഗ്യ അടിയന്തരാവസ്ഥകളുടെ പ്രകടമായ ലക്ഷണങ്ങളിലൂടെ കടന്നുപോകുന്ന ചാറ്റ് ജി.പി.ടി യൂസർമാരുടെ എണ്ണം പുറത്തുവിട്ട് ഓപൺ എ.ഐ. ഒരു നിശ്ചിത ആഴ്ചയിൽ സജീവമായ ചാറ്റ് ജി.പി.ടി ഉപയോക്താക്കളിൽ 0.07ശതമാനം ആളുകളാണ് ഇത്തരത്തിലുള്ള മാനസികാസ്വാസ്ഥ്യങ്ങൾ പ്രകടിപ്പിക്കുന്നത്.
അവരുടെ എ.ഐ ചാറ്റ്ബോട്ട് ഈ സെൻസിറ്റീവ് സംഭാഷണങ്ങൾ തിരിച്ചറിഞ്ഞ് പ്രതികരിക്കുന്നുണ്ടെന്നും ഓപൺ എ.ഐ ചൂണ്ടിക്കാട്ടി. ഇത്തരം കേസുകൾ അപൂർവങ്ങളിൽ അപൂർവമാണെന്നാണ് ഓപൺ എ.ഐ അഭിപ്രായപ്പെടുന്നത്. എന്നാൽ ഒരു ചെറിയ ശതമാനം എന്ന് പറയുന്നത് പോലും ലക്ഷക്കണക്കിന് ആളുകളാകാം എന്നാണ് വിമർശകർ പറയുന്നത്. അടുത്തിടെ ചാറ്റ് ജി.പി.ടി 800 ദശലക്ഷം പ്രതിവാര സജീവ ഉപയോക്താക്കളിൽ എത്തിയെന്ന് ബോസ് സാം ആൾട്ട്മാൻ അവകാശപ്പെട്ടിരുന്നു.
മനോവിഭ്രാന്തി പ്രകടിപ്പിക്കുന്നവരുടെ എണ്ണം റിപ്പോർട്ട് ചെയ്തതോടെ കമ്പനിക്ക് ഉപദേശം നൽകുന്നതിനായി ലോകമെമ്പാടുമുള്ള വിദഗ്ധരുടെ ഒരു ശൃംഖല നിർമിച്ചതായും കമ്പനി അറിയിച്ചു.
60 രാജ്യങ്ങളിൽ പ്രാക്ടീസ് ചെയ്തിട്ടുള്ള 170ലേറെ സൈക്യാട്രിസ്റ്റുകൾ, സൈക്കോളജിസ്റ്റുകൾ, പ്രൈമറി കെയർ ഫിസിഷ്യൻമാർ എന്നിവർ ആ വിദഗ്ധരിൽ ഉൾപ്പെടുന്നുവെന്നും കമ്പനി കൂട്ടിച്ചേർത്തു.
അവർ ചാറ്റ് ജി.പി.ടി വഴി യൂസർമാർക്ക് ഉപദേശങ്ങൾ നൽകുന്നു. ഇപ്പോൾ കമ്പനി പുറത്തുവിട്ട ഡാറ്റ ചില മാനസികാരോഗ്യ വിദഗ്ധരിൽ എതിർപ്പുണ്ടാക്കിയിട്ടുണ്ട്.
കോടിക്കണക്കിന് ഉപയോക്താക്കളുള്ള ഒരു ജനസംഖ്യ പ്രതലത്തിൽ 0.07 ശതമാനം എന്നത് ചെറിയ ശതമാനമാണെന്ന് തോന്നുമെങ്കിലും യഥാർഥത്തിൽ അത് വളരെ കുറച്ച് ആളുകളായിരിക്കാം എന്നാണ് സാൻ ഫ്രാൻസിസ്കോയിലെ കാലിഫോർണിയ സർവകലാശാലയിലെ യുവാക്കൾക്കിടയിലെ സാങ്കേതിക ഉപയോഗത്തെക്കുറിച്ച് പഠിക്കുന്ന പ്രഫസർ ഡോ. ജേസൺ നഗാറ്റ പറയുന്നത്.
ഉപയോക്താക്കൾക്ക് മാനസിക പിന്തുണ നൽകുന്നത് വിശാലമാക്കാൻ എ.ഐക്ക് കഴിയും. ചിലർക്ക് നല്ല പിന്തുണ ആവശ്യമായി വന്നേക്കാം. എന്നാൽ ആളുകൾക്ക് ഇതേ കുറിച്ചുള്ള പരിമിതികൾ കണക്കിലെടുക്കണമെന്നും ഡോ. നഗാറ്റ ചൂണ്ടിക്കാട്ടി.
ചാറ്റ് ജി.പി.ടി ഉപയോക്താക്കളിൽ 0.15 ശതമാനം പേർ ആത്മഹത്യ പ്രവണതകൾ കാണിക്കുന്നുണ്ടെന്നാണ് ഓപൺ എ.ഐ കണ്ടെത്തൽ. ഇവരോട് സുരക്ഷിതമായും സഹാനുഭൂതിയോടെയും പ്രതികരിക്കാനുമായാണ് ചാറ്റ്‌ബോട്ടിലെ സമീപകാല അപ്‌ഡേറ്റുകൾ രൂപകൽപ്പന ചെയ്‌തിരിക്കുന്നതെന്ന് ഓപൺ എ.ഐ അറിയിച്ചു.
മറ്റ് മോഡലുകളിൽ നിന്ന് വരുന്ന സെൻസിറ്റീവ് സംഭാഷണങ്ങൾ ഒരു പുതിയ വിൻഡോയിൽ തുറന്ന് സുരക്ഷിത മോഡലുകളിലേക്ക് തിരിച്ചുവിടാൻ ചാറ്റ് ജി.പി.ടിക്ക് പരിശീലനം നൽകിയിട്ടുണ്ട്.
ചാറ്റ് ജി.പി.ടി ഉപയോക്താക്കളുമായി ഇടപഴകുന്ന രീതിയെക്കുറിച്ച് ഓപൺ എ.ഐ നിയമ വിചാരണ നേരിടുന്ന സാഹചര്യത്തിലാണ് ഈ മാറ്റങ്ങൾ. അടുത്തിടെ തങ്ങളുടെ കൗമാരക്കാരനായ മകന്റെ മരണത്തിന് കാരണക്കാരാണെന്ന് ആരോപിച്ച് കാലിഫോർണിയയിൽ നിന്നുള്ള ദമ്പതികൾ ഓപൺ എ.ഐക്കെതിരെ അടുത്തിടെ കേസ് ഫയൽ ചെയ്തിരുന്നു. ഇക്കഴിഞ്ഞ ഏപ്രിലിൽ മകനെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചത് ചാറ്റ്ജി.പി.ടിയാണെന്നായിരുന്നു ഇവരുടെ ആരോപണം. 16കാരനായ ആദം റെയ്നിന്റെ മാതാപിതാക്കളാണ് ഓപൺ എ.ഐക്കെതിരെ കോടതിയെ സമീപിച്ചത്.
എ.ഐ നേരിടുന്ന ഏറ്റവും വലിയ നിയമനടപടിയും ഇതായിരുന്നു. കണക്ടിക്കുട്ടിൽ ചാറ്റ് ജി.പി.ടിക്കെതിരെ മറ്റൊരു കേസുമുണ്ട്. ഗ്രീൻവിച്ചിൽ ആഗസ്റ്റിൽ നടന്ന കൊലപാതക-ആത്മഹത്യക്കു മണിക്കൂറുകൾക്ക് മുമ്പ് പ്രതി ചാറ്റ് ജി.പി.ടിയുമായി സംഭാവഷണം നടത്തിയിരുന്നു എന്നാണ് കേസ്.


