Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_rightചാറ്റ് ജി.പി.ടി ഇനി...

ചാറ്റ് ജി.പി.ടി ഇനി രക്ഷിതാവിന് നിയന്ത്രിക്കാം; നടപടി ആത്മഹത്യപ്രേരണക്ക് കോടതി കയറാനിരിക്കെ

text_fields
bookmark_border
Chat GPT
cancel
camera_alt

പ്രതീകാത്മക ചിത്രം

ഫ്രാൻസ്: ജനപ്രിയ എ.ഐ ചാറ്റ്ബോട്ടായ ചാറ്റ് ജി.പി.ടിയിൽ രക്ഷാകർതൃ നിയന്ത്രണങ്ങൾ (Parental Controls) ഉൾപ്പെടുത്തുമെന്ന് അമേരിക്കൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്ഥാപനമായ ഓപ്പൺ എ.ഐ. കൗമാരക്കാരനായ മകനെ ആത്മഹത്യ ചെയ്യാൻ ചാറ്റ് ജി.പി.ടി പ്രോത്സാഹിപ്പിച്ചുവെന്ന് ആരോപിച്ച് അമേരിക്കൻ ദമ്പതികൾ കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് പ്രഖ്യാപനം.

‘ഒരുമാസത്തിനകം ചാറ്റ് ജി.പി.ടിയിൽ രക്ഷാകർതൃ നിയന്ത്രണങ്ങൾക്കുള്ള സംവിധാനം നിലവിൽ വരും. ​രക്ഷിതാക്കൾക്ക് കൗമാരക്കാരുടെ അക്കൗണ്ടുകൾ തങ്ങളുടേതുമായി ലിങ്ക് ചെയ്യാനും പ്രായത്തിനനുസരിച്ച് അവരോട് ചാറ്റ് ജി.പി.റ്റി മോഡലുകൾ എങ്ങിനെ പ്രതികരിക്കണമെന്ന് തീരുമാനിക്കാനും കഴിയും. കുട്ടികൾ മാനസിക സമ്മർദ്ദം നേരിടുകയാണെന്ന് കണ്ടെത്തിയാൽ രക്ഷിതാക്കൾക്ക് അറിയിപ്പ് ലഭിക്കും’, ഓപൺ എ.ഐ ബ്ളോഗ് പോസ്റ്റിൽ വ്യക്തമാക്കി.

ആത്മഹത്യ ചെയ്ത തങ്ങളുടെ മകൻ ആദവുമായി ചാറ്റ് ജി.പി.ടി ആഴത്തിലുള്ള വ്യക്തിബന്ധമുണ്ടാക്കുന്ന രീതിയിൽ മാസങ്ങളോളം സംവദിച്ചിരുന്നുവെന്ന് ദമ്പതികൾ കാലിഫോർണിയ സ്റ്റേറ്റ് കോടതിയിൽ നൽകിയ പരാതിയിൽ പറയുന്നു.

2025 ഏപ്രിൽ 11-ന് ആദം ജീവനൊടുക്കുന്നതിന് മുമ്പ് നടന്ന അവസാന സംഭാഷണത്തിൽ, 16 വയസ്സുകാരനായ ആദത്തെ മാതാപിതാക്കളിൽ നിന്ന് വോഡ്ക മോഷ്ടിക്കാൻ ചാറ്റ് ജി.പി.ടി സഹായിച്ചു. തൂങ്ങിമരിക്കാൻ ലക്ഷ്യമിട്ട് ആദം തയ്യാറാക്കിയ കുരുക്കിന് ഒരാളുടെ കനം താങ്ങാനാവുമോ എന്നതടക്കം സാ​ങ്കേതിക വിവരങ്ങൾ നൽകിയെന്നും മാതാപിതാക്കൾ പരാതിയിൽ ആരോപിക്കുന്നു.

യഥാർഥ വ്യക്തിയുമായി ചാറ്റ് ചെയ്യുന്ന പ്രതീതി ഉണ്ടാക്കുന്ന തരത്തിലാണ് ചാറ്റ് ജി.പി.ടിയുടെ പ്രവർത്തനമെന്ന് ആദവുമായി ബന്ധപ്പെട്ട കേസിൽ മാതാപിതാക്കൾക്ക് നിയമസഹായം നൽകിയ ദി ടെക് ജസ്റ്റിസ് ലോ പ്രോജക്റ്റിലെ അഭിഭാഷകൻ മെലോഡി ഡിൻസർ പറഞ്ഞു.

കാലക്രമേണ ആളുകൾക്ക് ആഴത്തിലുള്ള വ്യക്തിബന്ധം തോന്നുന്ന രീതിയിലേക്ക് ഇത് മാറാൻ സാധ്യതയുണ്ട്. വിശ്വസ്തനായ ഒരു സുഹൃത്തോ, ഒരു തെറപ്പിസ്റ്റോ ഡോക്ടറോ ഒക്കെ ആയി പെരുമാറാൻ സഹായിക്കുന്ന രീതിയിലാണ് ചാറ്റ് ജി.പി.ടിയുടെ രൂപകൽപ്പന.

രക്ഷാകർതൃ നിയ​ന്ത്രണമടക്കം നടപടികൾ നേരത്തെ തന്നെ നടപ്പിലാക്കാമായിരുന്നിട്ടും ഓപ്പൺ എ.ഐയുടെ ഭാഗത്തുനിന്നുണ്ടായത് വലിയ വീഴ്ചയാണെന്നും ഡിൻസർ കൂട്ടിച്ചേർത്തു.

അതേസമയം, വൈകാരിക സമ്മർദ്ദവും മാനസിക ക്ളേശവുമടക്കം പ്രതിസന്ധികളെ തിരിച്ചറിയാനും പ്രതികരിക്കാനുമുള്ള ചാറ്റ് ജി.പി.ടിയുടെ ശേഷി കൂടുതൽ മെച്ചപ്പെടുത്തിവരികയാണെന്ന് ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച ബ്ളോഗ് പോസ്റ്റിൽ ഓപൺ പറഞ്ഞു.

അടുത്ത മൂന്നുമാസത്തിനുള്ളിൽ ഉപയോക്താക്കളുടെ സുരക്ഷ മുന്നിൽ കണ്ട് ചാറ്റ് ബോട്ടുകളിൽ കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ നടപ്പിലാക്കാനാണ് ലക്ഷ്യമാക്കുന്നതെന്നും ഓപ്പൺ എ.ഐ വ്യക്തമാക്കി.

Show Full Article
TAGS:
News Summary - ChatGPT To Get Parental Controls After US Teen Died By Suicide
Next Story