Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_rightധനകാര്യ സ്ഥാപനങ്ങൾക്ക്...

ധനകാര്യ സ്ഥാപനങ്ങൾക്ക് വലിയ ഭീഷണിയായി ‘ഡീപ്‌ഫേക്ക്’ തട്ടിപ്പുകൾ

text_fields
bookmark_border
ധനകാര്യ സ്ഥാപനങ്ങൾക്ക് വലിയ ഭീഷണിയായി ‘ഡീപ്‌ഫേക്ക്’ തട്ടിപ്പുകൾ
cancel

ന്യൂഡൽഹി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ ഉപയോഗിച്ച് നടത്തുന്ന ‘ഡീപ്‌ഫേക്ക്’ തട്ടിപ്പുകൾ ബാങ്കുകൾക്കും മറ്റ് ധനകാര്യ സ്ഥാപനങ്ങൾക്കും വലിയ തലവേദനയാകുന്നു എന്ന് പുതിയ റിപ്പോർട്ട്. ക്വിക്ക് ഹീൽ ടെക്നോളജീസിന്റെ സുരക്ഷാ വിഭാഗമായ ‘സെക്രീറ്റ്’ പുറത്തുവിട്ട റിപ്പോർട്ടിലാണ് ഈ മുന്നറിയിപ്പുള്ളത്.

വ്യാജ ശബ്ദം, വ്യാജ വീഡിയോ എന്നിവ ഉണ്ടാക്കി യഥാർത്ഥ ആളുകളാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന ഈ രീതിയിലൂടെ ബാങ്കുകളിലെ പരമ്പരാഗത പരിശോധനാ സംവിധാനങ്ങളെപ്പോലും തട്ടിപ്പുകാർ പറ്റിക്കുന്നുണ്ട്. കമ്പനികളിലെ വലിയ ഉദ്യോഗസ്ഥരുടെയോ, ബാങ്ക് മാനേജർമാരുടെയോ, ഉപഭോക്താക്കളുടെയോ ഒക്കെ ശബ്ദവും രൂപവും അതേപടി അനുകരിക്കാൻ ഇവർക്ക് സാധിക്കും. ഇത് വഴി ബാങ്ക് അക്കൗണ്ടുകൾ കൈക്കലാക്കാനും വ്യാജ പണമിടപാടുകൾ നടത്താനും ഇവർക്ക് കഴിയുന്നുണ്ട്. വെരിഫിക്കേഷൻ കൃത്യമായി നോക്കാതെ പണമിടപാടുകൾ വേഗത്തിൽ നടത്താൻ ശ്രമിക്കുന്ന സാഹചര്യങ്ങളിലാണ് ഈ തട്ടിപ്പുകൾ കൂടുതൽ നടക്കുന്നത്.

ഒക്ടോബർ 2024 മുതൽ സെപ്റ്റംബർ 2025 വരെയുള്ള കാലയളവിൽ മാത്രം ഇത്തരത്തിലുള്ള 26 കോടിയിലധികം സൈബർ ആക്രമണങ്ങളാണ് കണ്ടെത്തിയത്. അതായത് ഓരോ മിനിറ്റിലും ശരാശരി 505 ആക്രമണങ്ങൾ നടക്കുന്നു. കമ്പ്യൂട്ടറുകളെയും ഫോണുകളെയും നശിപ്പിക്കുന്ന ട്രോജനുകൾ, ഫയൽ ഇൻഫെക്ടറുകൾ എന്നിവ വഴിയാണ് ഭൂരിഭാഗം തട്ടിപ്പുകളും ആരംഭിക്കുന്നത്. സാധാരണയായി ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും ഉപഭോക്താക്കളുമായി ഫോൺ കോളുകൾ വഴിയോ വീഡിയോ കോളുകൾ വഴിയോ ഒക്കെയാണ് സംസാരിക്കാറുള്ളത്. ഡീപ്‌ഫേക്ക് സാങ്കേതികവിദ്യ ഉപയോഗിച്ച് തട്ടിപ്പുകാർ ഈ കോളുകളിൽ യഥാർത്ഥ ആളുകളെന്ന ഭാവത്തിൽ സംസാരിക്കുന്നതിനാൽ ഇവരെ തിരിച്ചറിയുക എന്നത് വലിയ ബുദ്ധിമുട്ടാണ്.

ഇന്ത്യയിലെ പുതിയ ഡിജിറ്റൽ വ്യക്തിഗത വിവര സംരക്ഷണ നിയമം അനുസരിച്ച് ഉപഭോക്താക്കളുടെ വിവരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാൻ ബാങ്കുകൾക്ക് ബാധ്യതയുണ്ട്. ഡീപ്‌ഫേക്ക് തട്ടിപ്പിലൂടെ വിവരങ്ങൾ ചോർന്നാൽ ബാങ്കുകൾ വലിയ തുക പിഴ കൊടുക്കേണ്ടി വരികയും അവരുടെ വിശ്വാസ്യത തകരുകയും ചെയ്യും. അതുകൊണ്ട് തന്നെ പഴയ വെരിഫിക്കേഷൻ രീതികൾ മാറ്റി പുതിയ ഡിജിറ്റൽ സുരക്ഷാ സംവിധാനങ്ങൾ ബാങ്കുകൾ കൊണ്ടുവരണമെന്ന് റിപ്പോർട്ട് നിർദ്ദേശിക്കുന്നു.

Show Full Article
TAGS:deepfake threat financial 
News Summary - Deepfake Frauds Emerge as a Major Threat to Financial Institutions
Next Story