കബളിപ്പിച്ച് പണം തട്ടിയെടുക്കുന്ന ഡീപ്ഫേക് വിഡിയോകൾ
text_fieldsവമ്പൻ വരുമാനം ലഭിക്കുന്ന പദ്ധതികളിൽ ചെറിയ തുക നിക്ഷേപിക്കാൻ ധൈര്യം പകർന്ന് മുകേഷ് അംബാനിയും അമിതാഭ് ബച്ചനും തുടങ്ങി സാക്ഷാൽ ഇലോൺ മസ്ക് വരെ വിഡിയോയിൽ വരും. ചിലപ്പോൾ രാഷ്ട്രപതിയും റിസർവ് ബാങ്ക് ഗവർണറും ധനകാര്യമന്ത്രിയും വരെ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടേക്കാം. പണംവാരുന്ന പദ്ധതികളുടെ വാർത്തയുമായി രാജീവ് സർദേശായി അടക്കമുള്ള മുഖ്യധാര ചാനൽ വാർത്താ അവതാരകർ വാർത്ത വായിക്കും. ഇതൊന്നും കണ്ട് ചാടി വീണേക്കരുത്. ശുദ്ധ തട്ടിപ്പാണ്.
ഇതിലെ പ്രമുഖരെയൊക്കെ കണ്ട് വിശ്വസിച്ചു പണം നിക്ഷേപിച്ചാൽ ‘കമ്പനി’ വെബ്സൈറ്റിൽ ലാഭം കുന്നുകൂടുന്നത് കാണാം. അത് പിൻവലിക്കാൻ ചെല്ലുമ്പോഴാണ് ൈക്ലമാക്സ്. അപ്പോഴാണ് തട്ടിപ്പിനിരയായതാണെന്ന് നിക്ഷേപകൻ തിരിച്ചറിയുക. എ.ഐ ഉപയോഗിച്ച് നിർമിക്കുന്ന വ്യാജ വിഡിയോകളിലൂടെ കബളിപ്പിച്ച് ലക്ഷങ്ങളും കോടികളും തട്ടിയെടുക്കുന്ന ഡീപ്ഫേക്ക് വിഡിയോ തട്ടിപ്പുകൾ ഇപ്പോൾ വലിയ ഭീഷണിയായി മാറിയിട്ടുണ്ട്. ഡീപ് ലേണിങ്, ഫേക് എന്നീ വാക്കുകൾ ചേരുന്നതാണ് ‘ഡീപ്ഫേക്ക്’.
ഒരാളുടെ മുഖവും ശബ്ദവും കൃത്യമായി അനുകരിച്ച് വ്യാജ വിഡിയോകൾ നിർമിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. യഥാർഥ വ്യക്തിയുടെ ചിത്രങ്ങളും വിഡിയോകളും മെഷീൻ ലേണിങ് അൽഗോരിതങ്ങൾ ഉപയോഗിച്ച് വിശകലനം ചെയ്ത ശേഷം, ആ വ്യക്തി സംസാരിക്കുന്നതായോ പ്രവർത്തിക്കുന്നതായോ വ്യാജ വിഡിയോകൾ സൃഷ്ടിക്കുന്നു. അത് ചിലപ്പോൾ നമ്മുടെ അടുത്ത ബന്ധുക്കളുടേതോ ഉന്നത ഉദ്യോഗസ്ഥരുടേതോ ഒക്കെ ആകാം.
ഡീപ്ഫേക്ക് വിഡിയോകൾ പൂർണമായും തിരിച്ചറിയുക പ്രയാസമാണ്. എങ്കിലും തട്ടിപ്പിൽനിന്ന് രക്ഷപ്പെടാൻ ചില കാര്യങ്ങളൊക്കെ ശ്രദ്ധിക്കാം. വിഡിയോയിലെ അസ്വാഭാവികതകൾ അതായത് മുഖഭാവങ്ങളിലെ പൊരുത്തക്കേടുകൾ, കണ്ണ് ചിമ്മുന്നതിലെ വ്യത്യാസം, ചുണ്ടുകളുടെ ചലനവും ശബ്ദവും തമ്മിലുള്ള പൊരുത്തക്കേട്, വിഡിയോയുടെ ഗുണമേന്മക്കുറവ് എന്നിവയൊക്കെ ശ്രദ്ധിക്കുക.
- പണം ആവശ്യപ്പെട്ടുകൊണ്ട് അപ്രതീക്ഷിതമായ വിഡിയോ കോളുകൾ വരുമ്പോൾ തന്നെ സംശയം ഉണ്ടാകണം
- വിളിക്കുന്നത് അടുത്ത ബന്ധുവോ സുഹൃത്തോ ഒക്കെ ആണെങ്കിൽ നിങ്ങൾക്കും അവർക്കും മാത്രം അറിയാവുന്ന സ്വകാര്യ ചോദ്യങ്ങൾ ചോദിച്ച് ആൾമാറാട്ടം ഇല്ലെന്നു ഉറപ്പാക്കുക
- തട്ടിപ്പുകാർ പണം അയപ്പിക്കാൻ ധൃതി കാട്ടും. അവരുടെ സമ്മർദങ്ങൾക്ക് വഴങ്ങാതെ ആലോചിച്ച് മാത്രമേ തീരുമാനമെടുക്കാവൂ
- ഏതെങ്കിലും തരത്തിലുള്ള സംശയമോ തട്ടിപ്പിനിരയായെന്നോ തോന്നിയാൽ ഉടൻ തന്നെ പൊലീസ് സ്റ്റേഷനിലോ സൈബർ സെല്ലിലോ പരാതി നൽകണം