കുട്ടികൾക്ക് ഇനി സുരക്ഷിതമായി എ.ഐ ഉപയോഗിക്കാം; 'ബേബി ഗ്രോക്ക്' പ്രഖ്യാപിച്ച് മസ്ക്
text_fieldsജീവിതത്തിന്‍റെ സർവ്വമേഖലകളിലേക്കും നിലവിൽ നിർമിത ബുദ്ധി എത്തിക്കഴിഞ്ഞു. മുതിർന്നവരും കുട്ടികളും നിർമിത ബുദ്ധിയെ തന്‍റെ സഹായിയായാണ് കണക്കാക്കുന്നത്. പ്രത്യേകിച്ച് കുട്ടികൾ തങ്ങളുടെ പഠനാവശ്യങ്ങൾക്കും മറ്റും നിർമിത ബുദ്ധിയുടെ സഹായം തേടുന്നവരാണ്. കുട്ടികൾക്കായി പുതിയ എ.ഐ ആപ്പ് രൂപകൽപന ചെയ്ത് പുറത്തിറക്കാൻ ഒരുങ്ങുകയാണ് മസ്കിന്‍റെ എക്സ്.എ.ഐ. മസ്ക് തന്‍റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെയാണ് വിവരം പങ്കുവെച്ചിരിക്കുന്നത്.
'ബേബി ഗ്രോക്ക്' തികച്ചും കുട്ടികൾക്ക് അനുയോജ്യമായ ഉള്ളടക്കങ്ങൾ നൽകുന്നു. കുട്ടികൾക്ക് സുരക്ഷിതവും വിദ്യാഭ്യാസപരവുമായ ഇടപെടലുകൾക്കായി പ്രത്യേകം രൂപകൽപന ചെയ്തിട്ടുള്ളതാണിത്. ഡിജിറ്റൽ മേഖലകളിൽ കുട്ടികൾ അപകടത്തിൽപെടുന്നതിനുള്ള സാധ്യത കുറക്കുകയും ഹാനികരമായ ഉള്ളടക്കങ്ങൾ കുട്ടികളിലേക്ക് എത്തുന്നത് തടയുന്നതിനും ഇത് സഹായിക്കുന്നു. എന്നാൽ ബേബി ഗ്രോക്കിന്‍റെ ലോഞ്ചിങ്ങുമായും ആപ്പിന്‍റെ സവിശേഷതകളുമായി ബന്ധപ്പെട്ട വിവരങ്ങൾ ഒന്നുംതന്നെ മസ്ക് പുറത്തുവിട്ടിട്ടില്ല.
'ഞങ്ങൾ കുട്ടികൾക്ക് വേണ്ടി ബേബി ഗ്രോക്ക് എന്ന ആപ്പ് ഉണ്ടാക്കുന്നു' എന്നായിരുന്നു പോസ്റ്റ്. മാർവൽ കോമിക്സിലെ 'ബേബി ഗ്രൂട്ട്' എന്ന കഥാപാത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ ആപ്പ് എന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ മസ്കിന്‍റെ എ.ഐ കമ്പനിയുടെ എ.ഐ ചാറ്റ്ബോട്ടായ ഗ്രോക്ക് എ.ഐ നിരവധി വിമർശനങ്ങൾക്ക് വിധേയമായിട്ടുണ്ട്. മസ്‌കിന്റെ കമ്പനിയുടെ എ.ഐ കൂട്ടാളികളുടെ പ്രകോപനപരമായ സ്വഭാവമാണ് വിമർശനങ്ങൾക്ക് വിധേയമായത്. അനി എന്ന എ.ഐ കമ്പാനിയന്‍ ഉപയോക്താക്കള്‍ കൂടുതല്‍ നേരം ഇടപഴകുന്തോറും ശൃംഗാര സംഭാഷണങ്ങളിലേക്കടക്കം കടക്കുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്. നിലവിലുള്ള എഐ ചാറ്റ്‌ബോട്ടായ 'ഗ്രോക്കില്‍' നിന്ന് 'ബേബി ഗ്രോക്ക്' തികച്ചും വ്യത്യസ്തമായിരിക്കുമെന്നാണ് മസ്‌ക് വാഗ്ദാനം ചെയ്യുന്നത്.