വിവരങ്ങൾ നൽകുന്നതിൽ വിക്കിപീഡിയക്ക് മേൽ; 'ഗ്രോക്കിപീഡിയ' പുറത്തിറക്കാനൊരുങ്ങി മസ്ക്
text_fieldsഎന്തിനും ഏതിനും വിക്കിപീഡിയയെ ആശ്രയിക്കുന്നവരാണ് നമ്മൾ. സംശയങ്ങൾ തീർക്കുന്നത് മുതൽ പുതിയ വിഷയങ്ങളിൽ അറിവ് കണ്ടെത്തുന്നതിനെല്ലാം പ്രാഥമിക ഉറവിടം എന്ന നിലയിൽ വിക്കിപീഡിയ ആണ് ഉപയോഗിക്കാറ്. ഇപ്പോൾ വിക്കിപീഡിയക്ക് ചെക്ക് വെക്കാനൊരുങ്ങുകയാണ് ഇലോൺ മസ്ക്. കമ്പനിയുടെ ഗ്രോക്ക് എ.ഐ ചാറ്റ്ബോട്ട് ഉപയോഗിച്ച് പ്രവർത്തിക്കുന്ന എൻസൈക്ക്ലോപീഡിയ എക്സ് എ.ഐ നിർമിക്കുകയാണെന്നാണ് മസ്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
'ഗ്രോക്കിപീഡിയ' എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. ഞങ്ങൾ ഗ്രോക്കിപീഡിയ @എക്സ് എ.ഐ നിർമ്മിക്കുകയാണ്. ആളുകൾക്ക് വിവരങ്ങൾ നൽകുന്നതിൽ ഇത് വിക്കിപീഡിയയേക്കാൾ മുന്നിലായിരിക്കും. ലോകത്തെ മനസിലാക്കുന്നതിനുള്ള പ്രധാന ചുവടുവെപ്പാണിത്'- മസ്ക് തന്‍റെ എക്സിൽ കുറിച്ചു.
എക്സ് എ.ഐയുടെ ചാറ്റ്ബോട്ട് ഗ്രോക്ക് ആയിരിക്കും ഗ്രോക്കിപീഡിയയക്ക് കരുത്ത് പകരുന്നത്. ഇതിനായി എ.ഐയെ എല്ലാ വെബ് സോഴ്‌സുകളിലും ട്രെയിൻ ചെയ്യിച്ചതായും കണ്ടന്റുകൾ അവ ഉണ്ടാക്കുമെന്നും മാസ്ക് പറഞ്ഞു. പുതിയ പ്ലാറ്റ്‌ഫോം സുതാര്യത, നിഷ്പക്ഷത, വസ്തുതാപരമായ കൃത്യത എന്നിവക്ക് പ്രാധാന്യം നൽകുമെന്നും ഇലോൺ മസ്‌ക് അവകാശപ്പെട്ടു.
വിക്കിപീഡിയയുമായി ബന്ധപ്പെട്ട് മസ്ക് ഇതിനു മുമ്പും രംഗത്തെത്തിയിട്ടുണ്ട്. പലതവണ സൈറ്റിനെ ശക്തമായി വിമർശിച്ചിരുന്നു. വിക്കിപീഡിയക്ക് ഇടതുപക്ഷ ചായ്‌വുണ്ടെന്നും അദ്ദേഹം ആരോപിച്ചിരുന്നു. 2023ൽ വിക്കിപീഡിയയെ വിമർശിച്ച് മസ്ക് പറഞ്ഞ വാക്കുകൾ ഏറെചർച്ചയായിരുന്നു. വിക്കിപീഡിയക്ക് പകരം ഡിക്കിപീഡിയ എന്ന് പുനർനാമകരണം ചെയ്താൽ ഒരു ബില്യൺ ഡോളർ നൽകുമെന്ന് വാഗ്ദാനം നൽകിയിരുന്നു.
മസ്കിന്റെ ഈ പ്രഖ്യാപനത്തെ നെറ്റിസൺസ് ട്രോളുകയും അനുകൂലിക്കുകയും ചെയ്യുന്നുണ്ട്. മസകിന്‍റെ പുതിയ നീക്കം പ്രതീക്ഷയാണ് എന്നാണ് ചിലർ അഭിപ്രായപ്പെടുന്നത്. അതേസമയം എൻസൈക്ലോപീഡിയ ഗലാട്ടിക്ക പോലെയാകും ഇതെന്നും ചിലർ അഭിപ്രായപ്പെടുന്നു.