
എക്സിൽ ഇനി ‘കോളുകൾ’ ചെയ്യാം; സേവനം അവതരിപ്പിച്ച് ഇലോൺ മസ്ക്
text_fieldsഇലോൺ മസ്കിന്റെ ‘എക്സ്’ (പഴയ ട്വിറ്റർ) എന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ പുതിയൊരു അപ്ഡേഷൻകൂടി. ഇനിമുതൽ ഓഡിയോ, വിഡിയോ കോളിങ് സേവനം എല്ലാവർക്കും ലഭിക്കും.
നേരത്തേ, പ്രീമിയം ഉപയോക്താക്കൾക്ക് മാത്രം ലഭ്യമായിരുന്ന ഈ സേവനം കഴിഞ്ഞദിവസം മുതൽ ‘എക്സ്’ സൗജന്യമാക്കി. ഓരോ ആവശ്യത്തിനും ഓരോ ആപ്പുകൾ എന്ന സങ്കൽപത്തിൽനിന്ന് മാറി ഒരു ആപ്പിൽതന്നെ പരമാവധി ആവശ്യങ്ങൾ നിറവേറ്റുന്ന സൂപ്പർ ആപ്പ് എന്നാണ് തന്റെ ലക്ഷ്യമെന്ന് മസ്ക് പറഞ്ഞു. ഗൂഗ്ളിന്റെ ജി മെയിലിനെ വെല്ലുന്ന മെയിൽ സംവിധാനം ‘എക്സി’ൽ ഉടൻ ആവിഷ്കരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ഗൂഗിളിന്റെ ഇമെയിൽ സേവനമായ ജിമെയിൽ ആപ്പിന് ബദലുമായി എത്തുമെന്നും ഇലോൺ മസ്ക് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എക്സിന്റെ സെക്യൂരിറ്റി എഞ്ചിനീയറിങ് വിഭാഗത്തിലെ മുതിർന്ന ഉദ്യോഗസ്ഥനായ നഥാൻ മക്ഗ്രാഡി എക്സ്മെയിൽ സേവനം എന്ന് വരുമെന്ന ? ചോദ്യവുമായി എത്തിയിരുന്നു. അതിന് മറുപടിയായിട്ടായിരുന്നു മസ്ക് ഉടൻ വരുമെന്ന് പറഞ്ഞത്. എക്സ് ആപ്പുമായി ബന്ധിപ്പിച്ചാകും എക്സ്മെയിൽ പ്രവർത്തിക്കുക. എക്സിന്റെ കീഴിലുള്ള എ.ഐ സംവിധാനവും മസ്കിന്റെ മെയിൽ ആപ്പിലുണ്ടായേക്കും.
‘എക്സി’ൽ സൗജന്യ കോൾ സേവനം സജ്ജീകരിക്കേണ്ടതിങ്ങനെ:
- എക്സ് ആപ്പിലെ പ്രൊഫൈൽ ചിത്രത്തിൽ ടാപ് ചെയ്യുക
- ‘സെറ്റിങ്സ് ആൻഡ് പ്രൈവസി’യിൽ ക്ലിക്ക് ചെയ്യുക.
- പ്രൈവസി ആൻഡ് സേഫ്റ്റി മെനുവിൽ ‘ഡയറക്ട് മെസേജ്’ എന്ന ഓപ്ഷനിൽ ടാപ് ചെയ്യുക.
- ഓഡിയോ, വിഡിയോ കോളിങ് ക്രമീകരിക്കുക.