‘ഫ്രോഡ് ജിപിടി’-യെ പേടിക്കണം; സൈബർ കുറ്റവാളികളുടെ എ.ഐ ചാറ്റ്ബോട്ട്, ഡാർക് വെബ്ബിന്റെ സൃഷ്ടി
text_fieldsഓപൺഎ.ഐയുടെ നിർമിതബുദ്ധി അടിസ്ഥാനമാക്കിയുള്ള ചാറ്റ്ബോട്ടായ ചാറ്റ്ജിപിടി വലിയ തരംഗമാണ് ഇന്റർനെറ്റ് ലോകത്ത് സൃഷ്ടിച്ചത്. നിർദേശം നൽകിയാൽ, കഥകളും കവിതകളും ഉപന്യാസങ്ങളും എന്തിന്, പൈത്തൺ കോഡുകൾ വരെ ചാറ്റ്ജിപിടി തയ്യാറാക്കി നൽകും. എന്നാൽ, അതിന്റെ ചുവടുപിടിച്ച് സൈബർ കുറ്റവാളികളും അവരുടെ എ.ഐ ചാറ്റ്ബോട്ടുമായി ഇപ്പോൾ രംഗത്തുവന്നിരിക്കുകയാണ്. ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്‍പോൺസ് ടീം (CERT-In) ഏറ്റവും ഒടുവിലായി അതുമായി ബന്ധപ്പെട്ട മുന്നറിയിപ്പാണ് നൽകുന്നത്.
സൈബർ തട്ടിപ്പുകൾക്കും കുറ്റകൃത്യങ്ങൾക്കുമുള്ള ഉള്ളടക്കങ്ങൾ സൃഷ്ടിക്കുന്നതായി സൈബർ കുറ്റവാളികൾ ഉപയോഗപ്പെടുത്തുന്ന എ.ഐ ചാറ്റ്ബോട്ടാണ് ‘ഫ്രോഡ് ജിപിടി’.
ഡാർക് വെബ്ബിന്റെ സൃഷ്ടി
ജനറേറ്റീവ് എ.ഐ-യുടെ അപകടങ്ങളെക്കുറിച്ച് എല്ലാവർക്കുമുണ്ടായിരുന്ന ആശങ്കയെ ഭീതിയാക്കി മാറ്റുകയാണ് ഫ്രോഡ് ജിപിടി. നെറ്റെൻറിച്ച് സെക്യൂരിറ്റിയിലെ (Netenrich Security) ഗവേഷകനായ രാകേഷ് കൃഷ്ണനായിരുന്നു ഡാർക്ക് വെബിൽ കറങ്ങുന്ന ഈ AI ടൂൾ കണ്ടെത്തിയത്, അതിന് പിന്നീട് ടെലിഗ്രാം ചാനലുകളിലൊക്കെ പ്രമോഷൻ ലഭിക്കുകയും ചെയ്തു.
ഫ്രോഡ് ജിപിടി എന്ന് പേരിട്ടിരിക്കുന്ന ഈ AI ടൂൾ, പരിമിതികളോ സെൻസർഷിപ്പോ അല്ലെങ്കിൽ ഇന്റർനെറ്റിലെ ഏറ്റവും പുതിയ വിവരങ്ങളിലേക്കുള്ള ആക്‌സസിന്റെ അഭാവമോ ഇല്ലാതെയാണ് പ്രവർത്തിക്കുന്നത്.
യാതൊരു വിധത്തിലുള്ള നിരീക്ഷണമോ, അതിരുകളോ, നിയന്ത്രണങ്ങളോ ഇല്ലാതെ, അതേസമയം തന്നെ ചാറ്റ്ജിപിടി-യുടെ എല്ലാ കഴിവുകളും ബുദ്ധിയുമുള്ള ഒരു എ.ഐ ചാറ്റ്ബോട്ടിനെ കുറിച്ച് സങ്കൽപ്പിക്കുക. അതാണ് ‘ഫ്രോഡ് ജിപിടി. 'കനേഡിയൻ കിംഗ്പിൻ' എന്ന ഓൺലൈൻ അപരനാമത്തിൽ അറിയപ്പെടുന്ന ഒരാൾ നിർമ്മിച്ച ഈ ഡാർക്ക് വെബ് ടൂൾ വലിയ ഭീഷണിയാണ് കാത്തുവെച്ചിരിക്കുന്നത്.
ഫ്രോഡ് ജിപിടി-യുടെ ഫ്രാഡ് വേലകൾ....
- യഥാർത്ഥമെന്ന് തോന്നിപ്പിക്കും വിധമുള്ള ഫിഷിങ് ഇമെയിലുകളും ടെക്സ്റ്റ് മെസ്സേജുകളും വെബ് സൈറ്റുകളും സൃഷ്ടിക്കാൻ ഫ്രോഡ് ജിപിടിക്ക് കഴിയും. സ്വകാര്യ വിവരങ്ങൾ വെളിപ്പെടുത്താനായി ആളുകളെ കബളിക്കാൻ കഴിയുന്ന വിധത്തിലായിരിക്കും അത്തരം ഫിഷിങ് ഉള്ളടക്കങ്ങളുണ്ടാവുക. അതായത്, ബാങ്കിങ് വിവരങ്ങൾ, സോഷ്യൽ മീഡിയ അക്കൗണ്ടുമായി ബന്ധപ്പെട്ടുള്ള ലോഗിൻ വിവരങ്ങൾ, വ്യക്തിഗത ഡാറ്റ പോലുള്ള എളുപ്പം ചോർത്താൻ കഴിയും.
- നമ്മുടെ സ്മാർട്ട്ഫോൺ അടക്കമുള്ള ഡിവൈസുകളിൽ മാൽവെയറുകൾ പ്രവേശിക്കുന്നതിലേക്ക് നയിക്കുന്ന മലീഷ്യസ് ലിങ്കുകളിൽ ക്ലിക്കുചെയ്യുന്നതിന് ഉപയോക്താക്കളെ കബളിപ്പിക്കുന്നതിനായുള്ള തെറ്റിധരിപ്പിക്കുന്ന സന്ദേശങ്ങൾ സൃഷ്ടിക്കാനും അതിന് കഴിയും.
- മനുഷ്യ സംഭാഷണം അനുകരിച്ച് സംസാരിക്കാനും ഫ്രോഡ് ജിപിടിക്ക് കഴിയും. അങ്ങനെ ആളുകളുടെ സ്വകാര്യ വിവരങ്ങൾ ശേഖരിക്കാനും മറ്റും സൈബർ കുറ്റവാളികൾ ഉപയോഗപ്പെടുത്തിയേക്കാം.
- വ്യാജ രേഖകളോ ഇൻവോയ്സുകളോ സാമ്പത്തിക തട്ടിപ്പുകൾക്കായുള്ള പേയ്‌മെന്റ് അഭ്യർത്ഥനകളോ സൃഷ്ടിക്കാനായി ഇത് ഹാക്കർമാരെയും സഹായിക്കും.
ഇവയാണ് സേഫ്റ്റി ടിപ്സ്
സി.ഇ.ആർ.ടി പങ്കുവെച്ച ചില സുരക്ഷാ ടിപ്പുകൾ ഇവയാണ്..
- അജ്ഞാത ഉറവിടങ്ങളിൽ നിന്നുള്ള ലിങ്കുകൾ / അറ്റാച്ച്‌മെന്റുകളിൽ ക്ലിക്ക് ചെയ്യാതിരിക്കുക.
- കോളുകളുടെയോ ഇമെയിലുകളുടെയോ സന്ദേശങ്ങളുടെയോ ആധികാരികത എപ്പോഴും പരിശോധിക്കുക, പ്രത്യേകിച്ച് തന്ത്രപ്രധാനമായ വിവരങ്ങളോ സാമ്പത്തിക ഇടപാടുകളോ ആവശ്യപ്പെടുന്നവ.
- അത്തരത്തിൽ ഫോണിൽ അഭ്യർത്ഥനകൾ സ്ഥിരീകരിക്കുന്നതിനായി അവരുടെ ഔദ്യോഗിക ചാനലുകൾ വഴി നേരിട്ട് സ്ഥാപനവുമായി ബന്ധപ്പെടുക.
- സുരക്ഷാ സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റുകൾ പതിവായി ചെയ്യുക, പാച്ചുകൾ ഇൻസ്റ്റാൾ ചെയ്യുക, സാധ്യതയുള്ള ഭീഷണികളിൽ നിന്ന് പരിരക്ഷിക്കുന്നതിന് യഥാർത്ഥ ആന്റിവൈറസ് പ്രോഗ്രാമുകൾ ഉപയോഗിക്കുക.