ജെമനൈ 3 ഡീപ് തിങ്ക്: ചിന്തകൾക്കപ്പുറം ഈ എ.ഐ
text_fieldsഓപൺ എ.ഐയെ പോലുള്ളവരുടെ മുന്നിൽ തുടക്കത്തിൽ പകച്ചുപോയെങ്കിലും നിർമിതബുദ്ധി മേഖലയിലും ഒന്നാമനാകാനുറച്ച് ഇറങ്ങിത്തിരിച്ച ഗൂഗിളിന്റെ ഏറ്റവും പുതിയ നീക്കവും കിടിലം. ജെമനൈ 3 ഡീപ് തിങ്ക് (Gemini 3 Deep Think) എന്ന ഏറ്റവും പുതിയ റീസണിങ് മോഡൽ ആണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. ആഴത്തിലുള്ള അനലറ്റിക്കൽ, മൾട്ടി-സ്റ്റെപ് റീസണിങ് ജോലികൾ കൂടുതൽ കൃത്യതയോടെ നിർവഹിക്കാൻ സാധിക്കുന്ന മോഡലാണിതെന്ന് ഗൂഗ്ൾ അവകാശപ്പെടുന്നു. അതിവൈദഗ്ധ്യമുള്ള മനുഷ്യർ നിർവഹിക്കുന്ന ജോലികൾ ഇനി ജെമനൈ 3 ഡീപ് തിങ്ക് ചെയ്യുമെന്നാണ് അവകാശവാദം.
എന്തെല്ലാം ചെയ്യും ?
ഒരേസമയം നിരവധി റീസണിങ് ജോലികൾ സമാന്തരമായി ചെയ്യുകയും ഉത്തരത്തിന്റെ ഒന്നിലേറെ സാധ്യതകൾ നൽകുകയും ചെയ്യുമെന്നതാണ് ഡീപ് തിങ്കിന്റെ പ്രധാന സവിശേഷത. പെർഫോമൻസിന്റെ കാര്യത്തിൽ നിലവിലെ എ.ഐ റീസണിങ് മോഡലുകളെയെല്ലാം ഇതു കടത്തിവെട്ടുമെന്നാണ് ടെക് വൃത്തങ്ങൾ പറയുന്നത്. ഇതുവരെ നിർമിച്ചതിൽ ഏറ്റവും മികച്ച റീസണിങ് സിസ്റ്റമാണ് ഡീപ് തിങ്ക് എന്നുതന്നെയാണ് കമ്പനി വിശേഷിപ്പിക്കുന്നത്. ചാറ്റ് അടിസ്ഥാനത്തിലുള്ള നിലവിലെ എ.ഐ മോഡലുകൾക്ക് പകരം യഥാർഥ ലോകത്തെ ശാസ്ത്രീയ-വിശകലന ടാസ്കുകൾ ഇതു പരിഹരിക്കുമത്രെ.
വലിയ പണമടക്കുന്ന സബ്സ്ക്രൈബർമാർക്ക് ജെമനൈ ആപ്പിൽ പ്രോംറ്റ് ബാറിൽനിന്ന് Deep Think മോഡ് തെരഞ്ഞെടുത്ത്, മോഡലായി Gemini 3 Pro സെലക്ട് ചെയ്താൽ മതി. ഈ മോഡ് എല്ലാ ഉപകരണങ്ങളിലും തടസ്സമില്ലാതെ പ്രവർത്തിക്കും. ലളിതമായ ചോദ്യങ്ങൾ മുതൽ അതിസാങ്കേതിക പ്രശ്നങ്ങൾക്ക് വരെ കൂടുതൽ ആഴത്തിൽ ചിന്തിച്ചുള്ള മറുപടികൾ ഇതിൽനിന്ന് ലഭിക്കും.


