സെക്കൻഡിൽ 10 ഗിഗാബിറ്റ് വേഗം; ‘10ജി’ ബ്രോഡ്ബാൻഡ് പരീക്ഷിച്ച് ചൈന
text_fieldsലോകത്ത് നിലവിലുള്ള ഇന്റർനെറ്റ് സേവനങ്ങളേക്കാൾ വേഗമേറിയ ‘10ജി’ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കി ചൈന. പത്ത് ഗിഗാബിറ്റ് വരെയാണ് പുതിയ സാങ്കേതികവിദ്യയുടെ വേഗമെന്നാണ് റിപ്പോർട്ട്. തലസ്ഥാനമായ ബെയ്ജിങ്ങിന് സമീപമുള്ള ഹെബെയ് പ്രവിശ്യയിലാണ് വാവേയും ചൈന യൂണികോമും ചേർന്ന് അതിവേഗ ബ്രോഡ്ബാൻഡ് പരീക്ഷിച്ചത്. പേര് 10ജി എന്നാണെങ്കിലും ഇത് 5ജി പോലെ ഇന്റർനെറ്റിലെ മറ്റൊരു തലമുറ മാറ്റമായി കണക്കാക്കാനാകില്ല.
50 ജി-പിഒഎൻ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് 10ജി ഒരുക്കിയിട്ടുള്ളത്. ഫൈബർ ഒപ്ടിക് ടെക്നോളജിയിലെ പുതിയ അവതാരമാണ് 50 ഗിഗാബിറ്റ് പാസീവ് ഒപ്ടിക്കൽ നെറ്റ്‌വർക്ക് അഥവാ 50 ജി-പി.ഒ.എൻ. സെക്കൻഡിൽ 50 ഗിഗാബിറ്റ് വരെ വേഗം ആർജിക്കാൻ കഴിയുന്ന സാങ്കേതികവിദ്യയാണിത്.
അതേസമയം ഇന്ത്യയിൽ നിലവിൽ സെക്കൻഡിൽ 1 ഗിഗാബിറ്റ് അഥവാ 1000 മെഗാബിറ്റ് വരെയുള്ള ഇന്റർനെറ്റ് സ്പീഡാണ് ബ്രോഡ്ബാൻഡിൽ ലഭിക്കുന്നത്. വ്യാവസായികാടിസ്ഥാനത്തിൽ യു.എ.ഇ (543 മെഗാബിറ്റ്), ഖത്തർ (521 മെഗാബിറ്റ്) എന്നിവിടങ്ങളിലാണ് നിലവിൽ ഏറ്റവും വേഗമേറിയ ഇന്റർനെറ്റ് ലഭിക്കുന്നത്. ഇതിന്റ പലമടങ്ങ് വേഗമാണ് ചൈനയിൽ അവതരിപ്പിച്ച 10ജിയിൽ നൽകുന്നത്. 1 ഗിഗാബിറ്റ് നെറ്റ്‍വർക്കിൽ 90 ഗിഗാബൈറ്റുള്ള 8കെ സിനിമ ഡൗൺലോഡ് ചെയ്യാൻ 12 മിനിറ്റ് വേണമെങ്കിൽ, 10ജിയിൽ അത് 72 സെക്കൻഡായി കുറയുന്നു.
വെർച്വൽ റിയാലിറ്റി, ഓഗ്‌മെന്റഡ് റിയാലിറ്റി, ക്ലൗഡ് ഗെയിമിങ്, സ്മാർട്ട് സിറ്റികൾ, ഡ്രൈവറില്ലാ കാറുകൾ എന്നിങ്ങനെ ഭാവിയെ ലക്ഷ്യമിട്ടുള്ള സൗകര്യങ്ങൾക്കായാണ് പുതിയ സാങ്കേതികവിദ്യ തയാറാക്കിയിരിക്കുന്നത്. വിനോദത്തിനു പുറമെ വിദ്യാഭ്യാസ മേഖലയിലും പുതിയ സാങ്കേതികവിദ്യ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുമെന്നാണ് ചൈന കണക്കുകൂട്ടുന്നത്.