ജെമിനി ഉപയോഗ പരിധിയിൽ മാറ്റവുമായി ഗൂഗിൾ; ഇനി നിയന്ത്രണം കമ്പ്യൂട്ടിങ് ശേഷി അടിസ്ഥാനമാക്കി
text_fieldsജെമിനി ഉപയോഗ പരിധിയിൽ മാറ്റവുമായി ഗൂഗിൾ; ഇനി നിയന്ത്രണം കമ്പ്യൂട്ടിങ് ശേഷി അടിസ്ഥാനമാക്കി
ഗൂഗിളിന്റെ വാർഷിക ഡെവലപ്പർ കോൺഫറൻസായ 'ഗൂഗിൾ ഐ/ഒ 2026' നടന്നു. ഈ ചടങ്ങിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്ലാറ്റ്‌ഫോമായ ജെമിനിയുടെ ഉപയോഗ പരിധി കണക്കാക്കുന്ന രീതിയിൽ കമ്പനി വലിയ മാറ്റം പ്രഖ്യാപിച്ചു.
ഇതുവരെ ഉപയോക്താക്കൾക്ക് പ്രതിദിനം നൽകിയിരുന്ന നിശ്ചിത എണ്ണം ചോദ്യങ്ങളുടെ (Prompts) പരിധിക്ക് പകരം ഇനി മുതൽ ഓരോ ആവശ്യത്തിനും ഉപയോഗിക്കുന്ന കമ്പ്യൂട്ടിങ് ശേഷി അളന്നായിരിക്കും ഉപയോഗ പരിധി നിശ്ചയിക്കുക. അതായത് ചോദിക്കുന്ന ചോദ്യങ്ങളുടെ സങ്കീർണ്ണത, ചാറ്റിന്റെ ദൈർഘ്യം, ഉപയോഗിക്കുന്ന ഫീച്ചറുകൾ എന്നിവയെ അടിസ്ഥാനമാക്കിയാകും നിങ്ങളുടെ ലിമിറ്റ് എത്ര വേഗത്തിൽ തീരുമെന്ന് നിശ്ചയിക്കപ്പെടുക.
പുതിയ സംവിധാനമനുസരിച്ച് ഈ പരിധികൾ ഓരോ 5 മണിക്കൂറിലും പുതുക്കപ്പെടുമെങ്കിലും ആഴ്ചയിലുള്ള മൊത്തം ലിമിറ്റ് വിധേയമായിട്ടായിരിക്കും ഇത് പ്രവർത്തിക്കുക. സാധാരണ ടെക്സ്റ്റ് ചോദ്യങ്ങൾക്ക് വളരെ കുറഞ്ഞ കമ്പ്യൂട്ടിങ് ശേഷി മാത്രമേ ആവശ്യമുള്ളൂ എന്നതിനാൽ സാധാരണ ഉപയോക്താക്കൾക്ക് ഈ മാറ്റം വലിയ വ്യത്യാസം വരുത്തില്ല.
എന്നാൽ വീഡിയോ നിർമ്മാണം, കോഡിങ് ഡീപ് റിസർച്ച് പോലുള്ള കമ്പ്യൂട്ടിങ് ശേഷി ആവശ്യമുള്ള ജോലികൾക്കായി ജെമിനി ഉപയോഗിക്കുന്ന പ്രൊഫഷണലുകൾ തങ്ങളുടെ ഉപയോഗം ഇനി മുതൽ കൂടുതൽ ശ്രദ്ധയോടെ നിരീക്ഷിക്കേണ്ടി വരും.
സൗജന്യ ഉപയോക്താക്കളെ അപേക്ഷിച്ച് പെയ്ഡ് സബ്‌സ്‌ക്രിപ്‌ഷൻ ഉള്ളവർക്ക് കൂടുതൽ ഉയർന്ന ലിമിറ്റ് ലഭ്യമായിരിക്കുമെന്നും 18 വയസ്സിന് താഴെയുള്ളവരുടെ ഉപയോഗ പരിധിയിൽ മാറ്റമൊന്നുമില്ലെന്നും ഗൂഗിൾ വ്യക്തമാക്കിയിട്ടുണ്ട്. കൂടുതൽ കമ്പ്യൂട്ടിങ് ആവശ്യമുള്ള ഫീച്ചറുകൾ മികച്ച രീതിയിൽ നിയന്ത്രിക്കാനും കൂടുതൽ ആഴത്തിലുള്ള ആവശ്യങ്ങൾക്കായി ഉപയോക്താക്കളെ ഉയർന്ന പ്ലാനുകളിലേക്ക് അപ്‌ഗ്രേഡ് ചെയ്യാൻ പ്രോത്സാഹിപ്പിക്കാനുമാണ് ഗൂഗിൾ ഈ പുതിയ മാറ്റത്തിലൂടെ ലക്ഷ്യമിടുന്നത്.


