
‘അന്ന് സചിൻ ഇന്ന് കോഹ്‍ലി’ 2003-2023 ലോകകപ്പുകൾ തമ്മിലുള്ള സാമ്യതകൾ പങ്കുവെച്ച് ഗൂഗിൾ
text_fieldsഇന്ത്യയും ആസ്‌ട്രേലിയയും തമ്മിലുള്ള ലോകകപ്പ് ഫൈനലിന് മുന്നോടിയായി സെർച് എൻജിൻ ഭീമൻ ഗൂഗിൾ, എക്സിൽ ഒരു ശ്രദ്ധേയമായ പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ്. ‘20 വർഷങ്ങൾക്ക് ശേഷം ഞങ്ങൾ വീണ്ടും കണ്ടുമുട്ടുന്നു’ എന്ന അടിക്കുറിപ്പോടെ 2003, 2023 ലോകകപ്പ് ഫൈനലുകളുടെ ചില സമാനതകൾ ലിസ്റ്റ് ചെയ്തിരിക്കുന്ന പേപ്പറിന്റെ ചിത്രമാണ് ഗൂഗിൾ പോസ്റ്റ് ചെയ്തത്. 2003-ൽ ഇന്ത്യയും ഓസീസും തമ്മിലായിരുന്നു ലോകകപ്പ് ഫൈനൽ മത്സരം.
നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വിരാട് കോഹ്‌ലിയും ക്യാപ്റ്റൻ രോഹിത് ശർമ്മയും ബാറ്റിംഗ് ആക്രമണത്തിന് നേതൃത്വം നൽകിയത്, സചിൻ ടെണ്ടുൽക്കറെയും അന്നത്തെ നായകൻ സൗരവ് ഗാംഗുലിയെയും ചേർത്താണ് ഗൂഗിൾ താരതമ്യം ചെയ്തിരിക്കുന്നത്.
കൂടാതെ, സചിൻ ടെണ്ടുൽക്കർ 2003-ലെ ഏറ്റവും വലിയ റൺസ് സ്‌കോറർ ആയപ്പോൾ, ഇത്തവണ അത് വിരാട് കോഹ്‍ലിയായി. അതുപോലെ, 2003-ൽ സൗരവ് ഗാംഗുലിക്ക് ലോകകപ്പിൽ നായകനായുള്ള അരങ്ങേറ്റമായിരുന്നു. ഇത്തവണ രോഹിത് ശർമയും ആദ്യമായി ലോകകപ്പിൽ ടീം ഇന്ത്യയെ നയിക്കുന്നു.
സാമ്യത അവിടെ അവസാനിക്കുന്നില്ല, രണ്ട് ലോകകപ്പുകളിലും വിക്കറ്റ് കീപ്പർ രാഹുലായിരുന്നുവെന്ന് കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു. 2003ൽ വിക്കറ്റ് കീപ്പറുടെ ഗ്ലൗസ് അണിഞ്ഞത് രാഹുൽ ദ്രാവിഡും 2023ലെ ലോകകപ്പിൽ കെഎൽ രാഹുലുമാണ്. കൂടാതെ രണ്ടുപേരും നോൺ-സീസണൽ വിക്കറ്റ് കീപ്പർമാരാണ്. അതുപോലെ 2003-ൽ, എല്ലാ ഗ്രൂപ്പ്-സ്റ്റേജ് മത്സരങ്ങളിലും തോൽവിയറിയാതെയായിരുന്നു ആസ്‌ട്രേലിയ ഫൈനലിലെത്തിയത്. ഇത്തവണ ഇന്ത്യയും തോൽക്കാതെയാണ് ഫൈനലിൽ പ്രവേശിച്ചത്.
പലതിലും സാമ്യതകൾ ഉണ്ടെങ്കിലും ഇത്തവണ വിജയം ഇന്ത്യക്കൊപ്പമായിരിക്കുമെന്നാണ് ആരാധകർ പറയുന്നത്. ഇതുവരെ അഞ്ച് കിരീടങ്ങൾ നേടിയ ഓസീസ് ആറാമത്തേത് ലക്ഷ്യമിടുമ്പോൾ ഇന്ത്യ മൂന്നാം ലോകകപ്പിനാണ് ഇന്നിറങ്ങിയത്.