Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_rightപുതിയ ജിമെയിൽ...

പുതിയ ജിമെയിൽ അക്കൗണ്ടുകൾക്ക് ഇനി 15 ജി.ബി സൗജന്യ സ്റ്റോറേജ് ലഭിച്ചേക്കില്ല; നിയന്ത്രണങ്ങളുമായി ഗൂഗ്ൾ

text_fields
bookmark_border
പുതിയ ജിമെയിൽ അക്കൗണ്ടുകൾക്ക് ഇനി 15 ജി.ബി സൗജന്യ സ്റ്റോറേജ് ലഭിച്ചേക്കില്ല; നിയന്ത്രണങ്ങളുമായി ഗൂഗ്ൾ
cancel

പുതിയ ജിമെയിൽ അക്കൗണ്ട് ആരംഭിക്കുന്നവർക്ക് ഗൂഗ്ൾ നൽകിവരുന്ന 15 ജിബി സൗജന്യ ക്ലൗഡ് സ്റ്റോറേജ് ഇനി മുതൽ എല്ലാവർക്കും പെട്ടെന്ന് ലഭ്യമായേക്കില്ല. പുതിയ അക്കൗണ്ടുകൾക്ക് പ്രാരംഭ ഘട്ടത്തിൽ 5 ജിബി സൗജന്യ സ്റ്റോറേജ് മാത്രം നൽകുന്ന ഒരു പുതിയ നയം ഗൂഗ്ൾ പരീക്ഷിച്ചു വരികയാണ്. ബാക്കി 10 ജിബി കൂടി ലഭിച്ച്, ആകെ 15 ജിബി സ്റ്റോറേജ് അൺലോക്ക് ചെയ്യണമെങ്കിൽ ഉപയോക്താക്കൾ തങ്ങളുടെ മൊബൈൽ നമ്പർ അക്കൗണ്ടുമായി ബന്ധിപ്പിക്കേണ്ടി വരും.

പുതിയ ഗൂഗ്ൾ അക്കൗണ്ട് നിർമിക്കാൻ ശ്രമിച്ച ചില ഉപയോക്താക്കളാണ് ഈ മാറ്റം ആദ്യം റിപ്പോർട്ട് ചെയ്തത്. സാധാരണയായി ജിമെയിൽ, ഗൂഗ്ൾ ഡ്രൈവ്, ഗൂഗ്ൾ ഫോട്ടോസ് എന്നിവക്കായി പങ്കിട്ടാണ് 15 ജിബി സൗജന്യ സ്റ്റോറേജ് ലഭിക്കാറുള്ളത്. എന്നാൽ പുതിയ മാറ്റം അനുസരിച്ച് ഉപയോക്താക്കൾക്ക് മുന്നിൽ രണ്ട് ഓപ്ഷനുകളാണ് ഗൂഗ്ൾ കാണിക്കുന്നത്. ഒന്നുകിൽ 5 ജിബി സ്റ്റോറേജുമായി മുന്നോട്ട് പോവുക, അല്ലെങ്കിൽ മൊബൈൽ നമ്പർ നൽകി 15 ജിബി സ്റ്റോറേജ് പൂർണ്ണമായി സ്വന്തമാക്കുക.

ഈ പുതിയ നീക്കം ഗൂഗ്ൾ സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ ചില നിർദ്ദിഷ്ട രാജ്യങ്ങളിൽ മാത്രമാണ് ഈ പരീക്ഷണം നടക്കുന്നത്. ഉപയോക്താക്കൾക്ക് മികച്ച ഗുണനിലവാരമുള്ള സ്റ്റോറേജ് സേവനം ഉറപ്പാക്കുന്നതിനൊപ്പം, അക്കൗണ്ടുകളുടെ സുരക്ഷ വർധിപ്പിക്കാനും ഡാറ്റ റിക്കവറി എളുപ്പമാക്കാനും വേണ്ടിയാണ് ഈ പുതിയ പരീക്ഷണമെന്ന് ഗൂഗ്ൾ വ്യക്തമാക്കി.

വ്യാജ അക്കൗണ്ടുകൾ വഴിയുള്ള സ്പാം സന്ദേശങ്ങളും ദുരുപയോഗവും തടയാൻ ഫോൺ നമ്പർ വെരിഫിക്കേഷൻ സഹായിക്കുമെന്നാണ് ഗൂഗ്ളിന്റെ വിലയിരുത്തൽ. ഒരാൾ ഒന്നിലധികം അക്കൗണ്ടുകൾ ഉണ്ടാക്കി സൗജന്യ സ്റ്റോറേജ് ദുരുപയോഗം ചെയ്യുന്നത് തടയാൻ ഈ 'വൺ-പെർ-പേഴ്‌സൺ' നയം വഴി സാധിക്കും. ആഫ്രിക്കൻ രാജ്യങ്ങളിലെയും ഇന്ത്യയിലെയും ചില ഉപയോക്താക്കളിലാണ് ഈ പരീക്ഷണം ഇപ്പോൾ ദൃശ്യമായിട്ടുള്ളത്.

ഈ മാറ്റം താൽക്കാലികമാണോ അതോ ആഗോളതലത്തിൽ നടപ്പിലാക്കുമോ എന്ന കാര്യത്തിൽ ഗൂഗ്ൾ വ്യക്തത വരുത്തിയിട്ടില്ല. നിലവിൽ ജിമെയിൽ അക്കൗണ്ടുള്ളവരെ ഈ പുതിയ നയം ബാധിക്കില്ല. നിലവിൽ 15 ജിബി സൗജന്യ സ്റ്റോറേജ് ഉപയോഗിക്കുന്നവർക്ക് അത് തുടർന്നും ലഭ്യമായിരിക്കും. പുതിയ അക്കൗണ്ട് എടുക്കുന്നവർക്ക് മാത്രമായിരിക്കും ഈ നിബന്ധന ബാധകമാകുക. ഇതോടൊപ്പം, ഗൂഗ്ൾ തങ്ങളുടെ സപ്പോർട്ട് പേജിലെ വിവരങ്ങളിലും മാറ്റം വരുത്തിയിട്ടുണ്ട്.

Show Full Article
TAGS:Gmail google storage space 
News Summary - Google may no longer offer 15GB of free storage to new Gmail users
Next Story