എ.ഐയുടെ വളർച്ച: ഇന്ത്യയുൾപ്പെടെ 10 രാജ്യങ്ങൾ കൈകോർക്കുന്നു
text_fieldsനമ്മൾ മൊബൈലിൽ ഉപയോഗിക്കുന്ന എ.ഐ സേവനങ്ങൾക്കു പിന്നിൽ വലിയൊരു സാങ്കേതിക ശൃംഖലയുണ്ട്. അതിവേഗ ചിപ്പുകൾ, അപൂർവ ധാതുക്കൾ, വൈദ്യുതി, ഡാറ്റാ കേന്ദ്രങ്ങൾ, വിവരങ്ങൾ കൈമാറാനുള്ള സംവിധാനങ്ങൾ തുടങ്ങി പലതും ചേർന്നാലേ എ.ഐ സാങ്കേതികവിദ്യ മുന്നോട്ടുപോകൂ. ഇതിൽ ഏതെങ്കിലും ഒരു കണ്ണിക്ക് തടസ്സമുണ്ടായാൽ വലിയ പ്രതിസന്ധിയുണ്ടാകാം. ഈ ആശങ്കകൾക്ക് പരിഹാരം കാണാൻ ഇന്ത്യയുൾപ്പെടെ പത്ത് രാജ്യങ്ങൾ ഒരുമിച്ച് പുതിയ പ്രഖ്യാപനത്തിൽ ഒപ്പുവച്ചു.അമേരിക്കയുടെ നേതൃത്വത്തിലുള്ള പാക്സ് സിലിക്ക പദ്ധതിയുടെ ഭാഗമായാണ് പുതിയ നീക്കം. നവംബർ 15ന് സാൻ ഫ്രാൻസിസ്കോയിൽ നടന്ന ചടങ്ങിൽ അമേരിക്കയും ഇന്ത്യയും ഉൾപ്പെടെ പത്ത് രാജ്യങ്ങളാണ് 'സാൻ ഫ്രാൻസിസ്കോ പ്രഖ്യാപന'ത്തിൽ ഒപ്പുവച്ചത്. ഓസ്‌ട്രേലിയ, ഇസ്രയേൽ, ജപ്പാൻ, ദക്ഷിണ കൊറിയ, ഖത്തർ, സിംഗപ്പൂർ, യു.എ.ഇ, യു.കെ എന്നിവയാണ് മറ്റ് രാജ്യങ്ങൾ.
എ.ഐ എന്നു കേൾക്കുമ്പോൾ പലർക്കും ഓർമ വരുന്നത് ചാറ്റ്ബോട്ടുകളും ചിത്രങ്ങളും വിഡിയോകളും സൃഷ്ടിക്കുന്ന ആപ്പുകളുമായിരിക്കും. എന്നാൽ ഇവയുടെ പ്രവർത്തനത്തിന് പിന്നിൽ വലിയൊരു വ്യവസായ ശൃംഖലയുണ്ട്. എ.ഐ സംവിധാനങ്ങൾ പ്രവർത്തിപ്പിക്കുന്ന ശക്തിയേറിയ ചിപ്പുകൾ നിർമിക്കാൻ പ്രത്യേക ധാതുക്കളും അസംസ്കൃത വസ്തുക്കളും വേണം. അവ സംസ്കരിക്കാനും ചിപ്പുകൾ നിർമിക്കാനും വലിയ തോതിൽ വൈദ്യുതി ആവശ്യമാണ്. എ.ഐ സേവനങ്ങൾ പ്രവർത്തിക്കുന്ന ഡാറ്റാ കേന്ദ്രങ്ങൾക്കും സുരക്ഷിതമായ ഇന്റർനെറ്റ്, ഗതാഗതം, ആശയവിനിമയ സംവിധാനങ്ങൾ എന്നിവ വേണം.ഇത്തരം നിർണായക വസ്തുക്കളുടെയും സംവിധാനങ്ങളുടെയും ലഭ്യത ഏതാനും രാജ്യങ്ങളെയോ കമ്പനികളെയോ മാത്രം ആശ്രയിച്ചാകരുതെന്നാണ് പ്രഖ്യാപനത്തിന്റെ പ്രധാന ലക്ഷ്യം. ഒരു രാജ്യത്തുനിന്നുള്ള വിതരണത്തിന് തടസ്സമുണ്ടായാൽ മറ്റിടങ്ങളിൽനിന്ന് ആവശ്യമായ വസ്തുക്കൾ ലഭ്യമാക്കാൻ കഴിയുന്ന രീതിയിൽ സഹകരണം വളർത്താനും പദ്ധതിയുണ്ട്.
സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങൾ ചോരുന്നത് തടയുക, നിർണായക സംവിധാനങ്ങളിൽ അനധികൃത ഇടപെടൽ ഒഴിവാക്കുക, വിതരണ ശൃംഖലകൾ തകരാതെ സംരക്ഷിക്കുക തുടങ്ങിയ കാര്യങ്ങൾക്കും രാജ്യങ്ങൾ പ്രാധാന്യം നൽകുന്നു. സാമ്പത്തിക സുരക്ഷയും ദേശീയ സുരക്ഷയും പരസ്പരം ബന്ധപ്പെട്ടതാണെന്ന നിലപാടും പ്രഖ്യാപനം മുന്നോട്ടുവയ്ക്കുന്നു.അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സെപ്റ്റംബർ 29ന് ഒപ്പുവച്ച എക്സിക്യൂട്ടീവ് ഉത്തരവിലൂടെ അമേരിക്കൻ ഫെഡറൽ സർക്കാർ രേഖകളിൽ 'ആർട്ടിഫിഷ്യൽ ഇന്റലിജൻസ്' എന്നതിന് പകരം 'സൂപ്പർ ഇന്റലിജൻസ്' എന്ന പദം ഉപയോഗിക്കാൻ നിർദേശിച്ചിരുന്നു. എന്നാൽ ഇത് അമേരിക്കൻ സർക്കാർ സംവിധാനങ്ങളിലെ പദപ്രയോഗ മാറ്റമാണ്. ലോകമെമ്പാടും എ.ഐ എന്ന പേര് ഔദ്യോഗികമായി മാറ്റിയിട്ടില്ല.
അഞ്ച് മേഖലകളിൽ കൂട്ടായ പ്രവർത്തനം
പ്രഖ്യാപന ഭാഗമായി അഞ്ച് മേഖലകളിൽ രാജ്യങ്ങൾ തമ്മിലുള്ള പ്രവർത്തക സംഘങ്ങൾ രൂപീകരിക്കാനാണ് തീരുമാനം. പുതിയ സാങ്കേതികവിദ്യകളുടെ വളർച്ചയ്ക്ക് സഹായിക്കുന്ന നയങ്ങൾ തയ്യാറാക്കുക, പ്രധാന മേഖലകളിൽ എ.ഐ ഉപയോഗം വ്യാപിപ്പിക്കുക, എ.ഐ നിർമാണത്തിന് ആവശ്യമായ വസ്തുക്കളുടെ ലഭ്യത ഉറപ്പാക്കുക, സുരക്ഷിതമായ വിതരണ സംവിധാനങ്ങൾ ഒരുക്കുക, സാങ്കേതിക സംവിധാനങ്ങളുടെ സുരക്ഷയും പ്രതിരോധശേഷിയും മെച്ചപ്പെടുത്തുക എന്നിവയാണ് ഈ സംഘങ്ങളുടെ പ്രധാന ചുമതലകൾ.ഇത് രാജ്യങ്ങൾ തമ്മിലുള്ള ഒരു പ്രഖ്യാപനത്തിൽ ഒതുങ്ങാതെ പ്രായോഗിക സഹകരണമായി മാറണമെന്നാണ് ലക്ഷ്യം. എന്നാൽ ഈ പ്രവർത്തനങ്ങൾ എങ്ങനെ നടപ്പാക്കുമെന്നും ഓരോ രാജ്യവും എന്തെല്ലാം ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുമെന്നും വരും ഘട്ടങ്ങളിലായിരിക്കും വ്യക്തമാകുക.
ഇന്ത്യയ്ക്ക് എന്താണ് നേട്ടം?
എ.ഐ സാങ്കേതികവിദ്യയുടെ ഉപയോഗം ഇന്ത്യയിൽ അതിവേഗം വ്യാപിക്കുകയാണ്. എന്നാൽ അതിനാവശ്യമായ ചിപ്പുകൾ, ഉപകരണങ്ങൾ, ധാതുക്കൾ, ഡാറ്റാ കേന്ദ്രങ്ങൾ എന്നിവയുടെ ലഭ്യതയും നിർമാണശേഷിയും കൂടുതൽ ശക്തമാക്കേണ്ടതുണ്ട്. ഈ രംഗത്ത് പ്രമുഖ സാങ്കേതിക രാജ്യങ്ങളുമായി സഹകരിക്കാൻ പുതിയ പ്രഖ്യാപനം ഇന്ത്യയ്ക്ക് അവസരമൊരുക്കും.
2025 ഡിസംബറിൽ അമേരിക്ക ആരംഭിച്ച പാക്സ് സിലിക്ക പദ്ധതിയിൽ ഇന്ത്യ 2026 ഫെബ്രുവരിയിലാണ് പങ്കാളിയായത്. ചിപ്പുകളുടെ നിർമാണം, നിർണായക ധാതുക്കളുടെ സംസ്കരണം, എഐ അടിസ്ഥാനസൗകര്യങ്ങൾ, ഊർജം തുടങ്ങിയ മേഖലകളിൽ രാജ്യങ്ങൾ തമ്മിലുള്ള സഹകരണം വളർത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇന്ത്യയുടെ സാങ്കേതികവിദ്യാ മേഖലയ്ക്കും വ്യവസായത്തിനും ഇതിലൂടെ പുതിയ പങ്കാളിത്ത സാധ്യതകൾ തുറക്കാം.അതേസമയം, പ്രഖ്യാപനം ഒപ്പുവച്ചതുകൊണ്ടുമാത്രം ഇന്ത്യയ്ക്ക് ചിപ്പുകളോ സാങ്കേതികവിദ്യകളോ ഉടൻ ലഭിക്കുമെന്ന് അർഥമില്ല. പ്രവർത്തക സംഘങ്ങളുടെ തീരുമാനങ്ങളും രാജ്യങ്ങൾ തമ്മിലുള്ള തുടർകരാറുകളും നിക്ഷേപങ്ങളും അനുസരിച്ചായിരിക്കും യഥാർഥ നേട്ടം.



