ഇന്ത്യയുടെ വാനമിത്രം; ഐ.എസ്.ആർ.ഒയുടെ ഹ്യൂമനോയ്ഡ് റോബോട്ട് വ്യോംമിത്രയെക്കുറിച്ചറിയാം
text_fieldsഐ.എസ്.ആർ.ഒയുടെ ഹ്യൂമനോയ്ഡ് റോബോട്ട്
ഈ വർഷം ഡിസംബറിൽ ഇന്ത്യ വീണ്ടും ബഹിരാകാശത്ത് ചരിത്രം സൃഷ്ടിക്കാനൊരുങ്ങുകയാണ്. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐ.എസ്.ആർ.ഒ) ആദ്യത്തെ ഹ്യൂമനോയിഡ് റോബോട്ടിനെ ബഹിരാകാശത്തേക്ക് അയക്കും. ഐ.എസ്.ആർ.ഒ വികസിപ്പിച്ചെടുത്ത ഇന്ത്യയിലെ ആദ്യത്തെ ഹ്യൂമനോയിഡ് റോബോട്ടായ വ്യോംമിത്രയാണ് ചരിത്രം കുറിക്കുന്നത്. മനുഷ്യരെ ബഹിരാകാശത്തിലെത്തിക്കുന്ന ഇന്ത്യയുടെ ആദ്യ പദ്ധതിയായ ഗഗൻയാനിന്റെ ഭാഗമായിട്ടായിരിക്കും വ്യോം മിത്രയുടെ യാത്ര.
മനുഷ്യസമാനമായ ഭാവങ്ങൾ, സംസാരം, ബുദ്ധിശക്തി എന്നിവയാണ് ഈ വനിതാ റോബോട്ടിന്റെ പ്രത്യേകതകൾ. 2020ന്റെ തുടക്കത്തിൽതന്നെ വ്യോംമിത്രയെ പറ്റിയുള്ള വിവരങ്ങൾ ഐ.എസ്.ആർ.ഒ പുറത്തുവിട്ടിരുന്നു. സംസ്കൃതത്തിൽനിന്നാണ് ഈ പേര് ഉരുത്തിരിഞ്ഞത്. വ്യോമ എന്നാൽ ബഹിരാകാശം, മിത്ര എന്നാൽ സുഹൃത്ത്. അക്ഷരാർഥത്തിൽ ഇതാണ് നമ്മുടെ ബഹിരാകാശത്തിലെ സുഹൃത്ത്. ബഹിരാകാശ പേടകത്തിലെ മെക്കാനിക്കൽ ജോലികളും ആശയവിനിമയ ചുമതലകളും കൈകാര്യം ചെയ്യുന്നത് ഈ സുഹൃത്തായിരിക്കും.
വ്യോമിത്ര വെറുമൊരു പരീക്ഷണ ഡമ്മിയല്ല. നൂതന സെൻസറുകൾ, ശബ്ദം തിരിച്ചറിയാനുള്ള സംവിധാനങ്ങൾ, തീരുമാനമെടുക്കൽ എന്നീ സംവിധാനങ്ങളുള്ള സെമി ഹ്യൂമനോയിഡ് റോബോട്ടാണിത്. ബഹിരാകാശയാത്രികർ യാത്ര ആരംഭിക്കുന്നതിനു മുമ്പ് ബഹിരാകാശത്ത് മനുഷ്യന്റെ പ്രവർത്തനങ്ങൾ അനുകരിക്കുകയും ക്രൂ മൊഡ്യൂൾ സിസ്റ്റങ്ങളെ സാധൂകരിക്കുകയും ചെയ്യുക എന്നതാണ് ഇതിന്റെ പ്രാഥമിക ദൗത്യം.
ഗഗൻയാൻ ദൗത്യത്തിൽ കൺട്രോൾ പാനലുകൾ പ്രവർത്തിപ്പിക്കുകയും ഗ്രൗണ്ട് സ്റ്റേഷനുമായി ആശയവിനിമയം നടത്തുകയും ചെയ്യുക എന്നതാണ് വ്യോംമിത്രയുടെ പ്രധാന ദൗത്യം. കൂടാതെ, പേടകത്തിലെ താപനില, ഈർപ്പം, ഓക്സിജൻ എന്നിവയുടെ അളവ് നിരീക്ഷിക്കുകയും തത്സമയം വിവരങ്ങളുടെ അപ്ഡേറ്റുകൾ നൽകുകയും ചെയ്യും. മനുഷ്യരുടേതിന് സമാനമായി സ്വാഭാവികമായി ഇടപഴകാനുള്ള വ്യോംമിത്രയുടെ കഴിവ് ഭാവിയിലെ മനുഷ്യരെ വഹിച്ചുള്ള ദൗത്യങ്ങളുടെ സുരക്ഷയും വിശ്വാസ്യതയും ഉറപ്പാക്കാൻ ഗവേഷകരെ സഹായിക്കും.
ഈ ഡിസംബറിൽ, മനുഷ്യന് പകരം വ്യോംമിത്ര ഉൾപ്പെടുന്ന ആദ്യ ദൗത്യം പുറപ്പെടും. പദ്ധതി വിജയിച്ചുകഴിഞ്ഞാൽ അടുത്ത വർഷത്തോടെ ഇത്തരത്തിൽ രണ്ട് ദൗത്യങ്ങൾ കൂടി പൂർത്തിയാക്കുമെന്നാണ് ഐ.എസ്.ആർ.ഒ മേധാവി ഡോ. വി.നാരായണൻ അറിയിച്ചത്. പിന്നീട്, 2027 ന്റെ ആദ്യ പാദത്തോടെ ഇന്ത്യ മനുഷ്യ യാത്രികരെ ബഹിരാകാശത്തേക്ക് അയക്കും. വ്യോംമിത്ര വെറുമൊരു റോബോട്ട് മാത്രമല്ല. തദ്ദേശീയവും മനുഷ്യനിർമിതവുമായ ബഹിരാകാശ സാങ്കേതികവിദ്യയിലേക്കുള്ള ഇന്ത്യയുടെ കുതിപ്പിനെ കൂടിയാണ് ഈ 'വനിത' പ്രതിനിധാനംചെയ്യുന്നത്.
വ്യോമിത്രക്ക് ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങൾ
- ഇംഗ്ലീഷിലും ഹിന്ദിയിലുമുള്ള മനുഷ്യരുടെ സംസാരവും നിർദേശങ്ങളും തിരിച്ചറിയുകയും അവയോട് പ്രതികരിക്കുകയും ചെയ്യുക.
- തലയുടെയും കൈകാലുകളുടെയും ചലനങ്ങൾ ഉൾപ്പെടെ മനുഷ്യ ആംഗ്യങ്ങൾ അനുകരിക്കുക.
- ദർശനാധിഷ്ഠിത സാങ്കേതികവിദ്യ ഉപയോഗിച്ച് വിവിധ നിയന്ത്രണ പാനലുകൾ തിരിച്ചറിയുക.
- ഐ.എസ്.ആർ.ഒ പ്രോഗ്രാം ചെയ്ത ജോലികൾ സ്വയംഭരണപരമായോ മിഷൻ കൺട്രോളുമായി ഏകോപിപ്പിച്ചോ നിർവഹിക്കുക.