റീൽസ് പങ്കുവെക്കൽ ഇനി കൂടുതൽ എളുപ്പം; ബ്ലെൻഡ് ഫീച്ചറുമായി ഇൻസ്റ്റഗ്രാം
text_fieldsനമ്മളിൽ പലരും ഇൻസ്റ്റഗ്രാം റീലുകളാണ് വിനോദത്തിനായി ഉപയോഗിക്കുന്നത്. റീൽസിന്‍റെ വരവിനു ശേഷം സൗഹൃദം നിലനിർത്തുന്നതിനുള്ള മാർഗമായും യുവാക്കൾക്കിടയിൽ ഇവ സ്ഥാനം പിടിച്ചിട്ടുണ്ട്.
റീൽസുകൾ കൂടുതൽ എളുപ്പത്തിൽ സുഹൃത്തുക്കളുമായി പങ്കിടാൻ കഴിയുന്ന പുതിയ ഫീച്ചർ പുറത്തിറക്കിയിരിക്കുകയാണ് ഇൻസ്റ്റഗ്രാം. ഇനി മുതൽ ഡയറക്ട് മെസേജിലൂടെ റീൽസുകൾ പങ്കുവെക്കേണ്ട ആവശ്യമില്ല. പകരം റീൽസിനായി പുതിയ ഫീഡ് ലഭിക്കുന്നു. നിങ്ങള്‍ക്കും സുഹൃത്തിനും മാത്രമായോ നിങ്ങള്‍ക്കോ ഒരു കൂട്ടം സുഹൃത്തുക്കള്‍ക്കോ പ്രത്യേകം റീല്‍സ് ഫീഡ് പങ്കിടാനാവുന്ന ഫീച്ചര്‍ ആണിത്.
ഓരോ വ്യക്തിക്കും പ്രത്യേകമായുള്ള ഉള്ളടക്ക നിർദ്ദേശങ്ങളെ അടിസ്ഥാനമാക്കി ക്യൂറേറ്റ് ചെയ്ത ഇൻസ്റ്റഗ്രാം റീലുകളുടെ ഒരു സവിശേഷ ഫീഡ് സൃഷ്ടിക്കുന്നതിനുള്ള മാർഗമായാണ് കമ്പനി ഇതിനെ വിശേഷിപ്പിക്കുന്നത്. രണ്ട് അക്കൗണ്ടുകളുടെയും പെർമിഷൻ ഇതിന് ആവശ്യമാണ്.
ഉപയോഗിക്കുന്ന രീതി
- ഇൻസ്റ്റഗ്രാമിലെ ഡയറക്ട് മെസേജ് ഓപ്പൺ ചെയ്യുക.
- മുകളിലായി കാണുന്ന പുതിയ ബ്ലെന്‍ഡ് ഐക്കണില്‍ ടാപ്പ് ചെയ്യുക.
- ഇന്‍വൈറ്റ് ഓപ്ഷന്‍ തിരഞ്ഞെടുത്ത് സുഹൃത്തുക്കളെ ബ്ലെന്‍ഡിലേക്ക് ക്ഷണിക്കാം.
- ക്ഷണം ആക്‌സപ്റ്റ് ചെയ്താല്‍ ബ്ലെന്‍ഡ് ആക്ടിവേറ്റാവും. തുടർന്ന ചാറ്റിലുള്ള എല്ലാവരുടേയും താത്പര്യങ്ങള്‍ക്ക് അനുസരിച്ചുള്ള വിവിധ റീലുകള്‍ ഫീഡില്‍ കാണാനാവും.
ആരെങ്കിലും ഏതെങ്കിലും റീലിനോട് പ്രതികരിച്ചാല്‍ നിങ്ങള്‍ക്ക് അതിന്റെ നോട്ടിഫിക്കേഷന്‍ ലഭിക്കും. തുടര്‍ന്ന് സുഹൃത്തുക്കള്‍ക്കൊപ്പം അതുമായി ബന്ധപ്പെട്ട ആശയവിനിമയം തുടരാം. എപ്പോള്‍ വേണമെങ്കിലും ബ്ലെന്‍ഡില്‍ നിന്ന് പുറത്തുകടക്കാനുമാവും.