ഞങ്ങളുടെ പ്ലാറ്റ്ഫോം എന്നും കുട്ടികളെ ചൂഷണം ചെയ്യുന്നതിനെതിരെ പോരാടും; ഇൻസ്റ്റഗ്രാമിൽ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ പരസ്യം പ്രചരിച്ചതിൽ വിശദീകരണവുമായി മെറ്റ
text_fieldsഇൻസ്റ്റഗ്രാമിൽ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കമുള്ള പരസ്യങ്ങൾ പ്രചരിക്കുന്നതായി കണ്ടെത്തിയതിനെത്തുടർന്ന്, കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം മെറ്റക്ക് കർശന നിർദ്ദേശം നൽകിയിരുന്നു. ഇതിനു പിന്നാലെ സംഭവത്തിൽ മെറ്റ വിശദീകരണം നൽകിയിരിക്കുകയാണ്. ഇത്തരം ഉള്ളടക്കങ്ങൾ തങ്ങളുടെ പ്ലാറ്റ്‌ഫോമിൽ അനുവദിക്കില്ലെന്നും വിഷയം അതീവ ഗൗരവമായാണ് കാണുന്നതെന്നും മെറ്റ ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
നിലവിലെ കേസുകൾ ശ്രദ്ധയിൽപ്പെടുന്നതിന് മുമ്പേ തന്നെ തങ്ങളുടെ സിസ്റ്റം ഉപയോഗിച്ച് അത്തരം പരസ്യങ്ങളും അത് നൽകിയ അക്കൗണ്ടുകളും നീക്കം ചെയ്തിട്ടുണ്ടെന്ന് മെറ്റ അവകാശപ്പെടുന്നു. മാത്രമല്ല, കുട്ടികളെ കേന്ദ്രീകരിച്ചുള്ള ഇത്തരം പരസ്യങ്ങൾ ബോധപൂർവം ടാർഗെറ്റ് ചെയ്യുന്നുണ്ടെന്ന ആരോപണം കമ്പനി പൂർണമായും നിഷേധിക്കുകയും ചെയ്തു. ഇത് തികച്ചും തെറ്റായ വിവരമാണെന്ന് മെറ്റ വ്യക്തമാക്കി.
കുട്ടികൾക്കെതിരായ ഇത്തരം പ്രവർത്തനങ്ങൾ തടയുന്നതിനായി സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ടെന്നും 2025-ൽ മാത്രം സംശയാസ്പദമായ നാല് ദശലക്ഷം അക്കൗണ്ടുകൾ നീക്കം ചെയ്തിട്ടുണ്ടെന്നും കമ്പനി കൂട്ടിച്ചേർത്തു. ബിബിസി ഐ നടത്തിയ അന്വേഷണത്തിലൂടെയാണ് ഇൻസ്റ്റഗ്രാമിൽ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പെയ്ഡ് പരസ്യങ്ങൾ ഇന്ത്യയിൽ പ്രത്യക്ഷപ്പെടുന്നതായി കണ്ടെത്തിയത്.
ഈ വാർത്തകൾ പുറത്തുവന്നതിനെത്തുടർന്ന് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് വിഷയത്തിൽ അടിയന്തര ഇടപെടൽ നടത്തിയിരുന്നു. തുടർന്ന് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം മെറ്റക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുകയും അധികൃതരെ വിളിച്ചുവരുത്തുകയും ചെയ്തു.
പരസ്യങ്ങൾ എങ്ങനെയാണ് അംഗീകാരം നേടിയത്, ഇതുവരെ സ്വീകരിച്ച നടപടികൾ എന്തൊക്കെ, ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഭാവിയിൽ സ്വീകരിക്കുന്ന സുരക്ഷാ മുൻകരുതലുകൾ എന്തെല്ലാമാണ് എന്നീ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകാൻ കേന്ദ്രം മെറ്റയോട് ആവശ്യപ്പെട്ടിട്ടുണ്ട്.


