ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും കുട്ടികളെ വഴിതെറ്റിക്കുന്നു; 29 യു.എസ് സംസ്ഥാനങ്ങളുടെ ആരോപണം നിഷേധിച്ച് മെറ്റ
text_fieldsവാഷിങ്ടൺ: ലാഭം നേടുന്നതിനായി കുട്ടികളെ ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും കൂടുതൽ സമയം ചെലവഴിക്കാൻ മെറ്റ മനഃപൂർവം പ്രേരിപ്പിച്ചെന്ന ആരോപണം യു.എസ് കോടതിയിൽ നിഷേധിച്ച് മെറ്റ. കുട്ടികളുടെ മാനസികാരോഗ്യത്തെ ഇത് ബാധിച്ചെന്നും ആത്മഹത്യയിലേക്ക് വരെ നയിച്ചെന്നും 29 യു.എസ് സംസ്ഥാനങ്ങളാണ് ആരോപണമുന്നയിച്ചത്.
കാലിഫോർണിയ, കൊളറാഡോ, കെന്റക്കി, ന്യൂജഴ്‌സി എന്നീ നാല് സംസ്ഥാനങ്ങളാണ് പ്രധാനമായും ആരോപണങ്ങൾ ഉന്നയിക്കുന്നത്. കുട്ടികളുടെ വ്യക്തിഗത വിവരങ്ങൾ നിയമവിരുദ്ധമായി ശേഖരിക്കുകയും ഉപയോഗിക്കുകയും ചെയ്തെന്നും ഇവർ പറയുന്നു.
കുട്ടികളെ പ്ലാറ്റ്‌ഫോമുകളിൽ എത്തിച്ച് കൂടുതൽ സമയം അവിടെ തുടരാൻ പ്രേരിപ്പിക്കുകയാണ് മെറ്റയുടെ ബിസിനസ് രീതിയെന്ന് കാലിഫോർണിയ ഡെപ്യൂട്ടി അറ്റോർണി ജനറൽ മേഗൻ ഒനീൽ പറഞ്ഞു. എന്നാൽ സമൂഹമാധ്യമ ഉപയോഗവും കൗമാരക്കാരുടെ മാനസികാരോഗ്യ പ്രശ്നങ്ങളും തമ്മിലുള്ള ബന്ധം തെളിയിച്ചിട്ടില്ലെന്ന് മെറ്റയുടെ അഭിഭാഷകൻ പോൾ ഷ്മിറ്റ് വാദിച്ചു.
വിധി മെറ്റക്കെതിരായാൽ വലിയ പിഴ ചുമത്താനും ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും മാറ്റങ്ങൾ വരുത്താനും ജഡ്ജിക്ക് കഴിയും.
ലൈക്കുകൾ ഒഴിവാക്കുക, ഇൻഫിനിറ്റ് സ്ക്രോൾ സംവിധാനം മാറ്റുക, ചെറുപ്പക്കാരുടെ ഉപയോഗസമയത്തിന് പരിധി നിശ്ചയിക്കുക, 13 വയസ്സിന് താഴെയുള്ള കുട്ടികളെ പ്ലാറ്റ്‌ഫോമുകളിൽനിന്ന് തടയുക എന്നിവയാണ് സംസ്ഥാനങ്ങളുടെ പ്രധാന ആവശ്യങ്ങൾ.
മുൻ മെറ്റ സുരക്ഷാ എൻജിനീയർ ആർതുറോ ബെജാർ ആദ്യ സാക്ഷിയായി കോടതിയിൽ സംസ്ഥാനങ്ങൾക്ക് വേണ്ടി മൊഴി നൽകി. കുട്ടികളുടെ സുരക്ഷാ സംവിധാനങ്ങൾ വേണ്ടത്ര ഫലപ്രദമല്ലെന്ന് മെറ്റക്ക് അറിയാമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. റീലുകൾ ഉൾപ്പെടെ പുറത്തിറക്കുമ്പോൾ സുരക്ഷക്ക് വേണ്ടത്ര പ്രാധാന്യം നൽകിയിരുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
മെറ്റയുടെ സഹസ്ഥാപകനും സി.ഇ.ഒയുമായ മാർക്ക് സക്കർബർഗും ഇൻസ്റ്റഗ്രാം മേധാവി ആദം മൊസേരിയും സാക്ഷികളായി മൊഴി നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആറാഴ്ച നീളുന്ന വിചാരണയുടെ അന്തിമ തീരുമാനം ജഡ്ജി യോവോൺ ഗോൺസാലസ് റോജേഴ്‌സിന്റേതായിരിക്കും. 2023ലാണ് 29 സംസ്ഥാനങ്ങൾ മെറ്റക്കെതിരെ കേസ് നൽകിയത്.


