ഇനി മൗസും കീബോർഡും വേണ്ട, പകരം റിസ്റ്റ്ബാൻഡ്
text_fieldsഇനി മുതൽ കമ്പ്യൂട്ടറിന് നിർദേശങ്ങൾ നൽകാൻ മൗസും കീബോർഡും വേണ്ട. ലളിതമായ കൈ ആംഗ്യങ്ങളിലൂടെ കമ്പ്യൂട്ടറിന് നിർദേശങ്ങൾ നൽകാൻ കഴിയുന്ന റിസ്റ്റ് ബാൻഡിന്റെ പണിപ്പുരയിലാണ് ടെക് ഭീമനായ മെറ്റയുടെ ഗവേഷകർ.
ഒരു ബ്ലോഗ് പോസ്റ്റിലൂടെ മെറ്റയുടെ വരാനിരിക്കുന്ന ഓഗ്മെന്റഡ് റിയാലിറ്റി ഗ്ലാസുകളായ ഓറിയോണുമായി സംയോജിച്ച് റിസ്റ്റ്ബാൻഡിന്റെ പ്രോട്ടോടൈപ് വിജയകരമായി പരീക്ഷിച്ചതായി വെളിപ്പെടുത്തിയിരിക്കുകയാണ് കമ്പനി. പരമ്പരാഗത ഇൻപുട്ട് രീതികളുടെ ആവശ്യകത ഈ ഉപകരണം ഇല്ലാതാക്കുന്നു.
ശാരീരിക വൈകല്യങ്ങൾ അനുഭവിക്കുന്നവർക്കും കണ്ടുപിടിത്തം ഉപകാരപ്പെടും. സുഷുമ്നാ നാഡിക്ക് പരിക്കേറ്റവരിൽ റിസ്റ്റ്ബാൻഡ് പരീക്ഷിക്കുന്നതിനായി കാർണഗീ മെലോൺ സർവകലാശാലയുമായി ചേർന്ന് മെറ്റയുടെ പ്രവർത്തനം പുരോഗമിക്കുന്നു. പൂർണമായും കൈകളുടെ ചലന ശേഷി നഷ്ടപ്പെട്ടവർക്കുപോലും ചെറിയ പേശി പ്രവർത്തനം പ്രകടിപ്പിക്കാൻ കഴിയുമെന്ന് ആദ്യകാല ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. അതിനാൽ കഠിന ശാരീരിക പരിമിതിയുള്ളവർക്കും കമ്പ്യൂട്ടറുകൾ ഉപയോഗിക്കുന്നതിന് ഈ റിസ്റ്റ് ബാൻഡുകൾ പുതുവഴിയേകും.
കൈ വിശ്രമത്തിലായിരിക്കുമ്പോൾ പോലും ടാപ്പിങ്, പിഞ്ചിങ്, സ്വൈപ്പിങ് തുടങ്ങിയ വിവിധ ആംഗ്യങ്ങൾ റിസ്റ്റ്ബാൻഡിന് തിരിച്ചറിയാൻ കഴിയും. കൈയക്ഷരം തിരിച്ചറിയാനും ഇവക്ക് സാധിക്കും.
‘നേച്വറി’ൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം, റിസ്റ്റ്ബാൻഡ് പ്രവർത്തിക്കുന്നത് സർഫേസ് ഇലക്ട്രോമിയോഗ്രാഫി ഉപയോഗിച്ചാണ്. തലച്ചോറിൽ നിന്ന് കൈത്തണ്ടയിലെ ഞരമ്പുകൾ വഴി അയക്കുന്ന വൈദ്യുതി സിഗ്നലുകളെ പിടിച്ചെടുക്കുന്ന ഒരു നോൺ-ഇൻവേസിവ് സാങ്കേതികവിദ്യയാണിത്. 1000 ഡോളർ മുതൽ 1400 ഡോളർ വരെയായിരിക്കും ബാൻഡുകളുടെ വില.