Begin typing your search above and press return to search.
exit_to_app
exit_to_app
സ്വന്തം ജീവനക്കാർക്ക് പോലും വേണ്ട; ​മെറ്റയുടെ ​​വെർച്വൽ ലോകത്തിന് സംഭവിക്കുന്നത്...
cancel
Homechevron_rightTECHchevron_rightTech Newschevron_rightസ്വന്തം ജീവനക്കാർക്ക്...

സ്വന്തം ജീവനക്കാർക്ക് പോലും വേണ്ട; ​മെറ്റയുടെ ​​വെർച്വൽ ലോകത്തിന് സംഭവിക്കുന്നത്...

text_fields
bookmark_border

'മെറ്റ' എന്ന് പുനർനാമകരണം ചെയ്ത് തന്റെ കമ്പനിയെ പുതിയ തലങ്ങളിലേക്ക് എത്തിക്കാൻ ശ്രമിക്കുന്ന മാർക്ക് സക്കർബർഗിന്റെ ചുവടുകൾ ഓരോന്നായി പിഴക്കുകയാണ്. മെറ്റയുടെ പിറവിയോടെ സമ്പത്തിന്റെ പാതിയും നഷ്ടമായ സക്കർബർഗിന് ഫേസ്ബുക്കിലെ യൂസർമാരുടെ ഗണ്യമായ കൊഴിഞ്ഞുപോക്കും വലിയ തിരിച്ചടി സമ്മാനിച്ചു. എന്നാൽ, ഫേസ്ബുക്ക് തലവൻ വലിയ പ്രതീക്ഷയോടെ ലോഞ്ച് ചെയ്ത വെർച്വൽ റിയാലിറ്റി ഗെയിമായ 'ഹൊറൈസണ്‍ വേള്‍ഡ്‌സി'നാണ് ഏറ്റവും ഒടുവിലായി പണി കിട്ടിക്കൊണ്ടിരിക്കുന്നത്.


വിജയം കൈവരിക്കുന്നതായുള്ള അവകാശവാദങ്ങൾക്കിടെ, വെർച്വൽ റിയാലിറ്റി അടിസ്ഥാനമാക്കിയുള്ള സോഷ്യൽ യൂനിവേഴ്സായ ഹൊറൈസൺ വേൾഡ്സ് വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. പഴയ യൂസർമാരെ നഷ്ടമായിക്കൊണ്ടിരിക്കുന്ന 'ഹൊറൈസണ്' പുതിയ യൂസർമാരെ ചേർക്കാനും കഴിയുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. മെറ്റ പ്രതീക്ഷിക്കുന്ന പ്രകടനം ഇതുവരെ ഈ വെർച്വൽ റിയാലിറ്റി ഗെയിമിന് കൈവരിക്കാൻ സാധിച്ചിട്ടില്ല.

വർഷാവസാനത്തോടെ ഹൊറൈസൺ വേൾഡിൽ പ്രതിമാസം അഞ്ച് ലക്ഷം സജീവ ഉപയോക്താക്കളെ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും നിലവിലെ കണക്ക് 2,00,000-ത്തിൽ താഴെയാണെന്ന് ആന്തരിക രേഖകൾ വെളിപ്പെടുത്തി. പ്ലാറ്റ്‌ഫോമിലെത്തി ആദ്യ മാസത്തിന് ശേഷം മിക്ക ഉപയോക്താക്കളും ഹൊറൈസണിലേക്ക് മടങ്ങിയിട്ടില്ലെന്നും റിപ്പോർട്ട് പറയുന്നു. അപ്രതീക്ഷിത തിരിച്ചടിക്ക് പിന്നാലെ, മെറ്റ, ഈ വർഷാവസാനത്തോടെ പ്രതിമാസം 28,000 ഉപയോക്താക്കളെ മാത്രമാണ് ലക്ഷ്യമിടുന്നത്.


ഫെബ്രുവരിയിൽ ഏകദേശം 10,000 വെർച്വൽ സംരംഭങ്ങൾ ഹൊറൈസൺ ലോകത്ത് കൊണ്ടുവന്നെങ്കിലും 50-ലധിം ഉപയോക്താക്കൾ സന്ദർശിച്ചത് വെറും ഒമ്പത് ശതമാനം സ്ഥലങ്ങൾ മാത്രമാണെന്ന് കമ്പനി പറയുന്നു. ഒരുതവണ സന്ദർശച്ചതിന് ശേഷം ആളുകൾ തിരികെ വരാത്തതും തിരിച്ചടിയായി. നിലവാരം കുറഞ്ഞ ഗ്രാഫിക്സുമായി ബന്ധപ്പെട്ടുള്ള പരിഹാസങ്ങൾക്ക് പിന്നാലെ, മെറ്റ ഹൊറൈസണിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുന്നുണ്ടെങ്കിലും ഇപ്പോഴും കാര്യമായ അളവിൽ ആളുകളെ ആകർഷിക്കാൻ അവർക്ക് കഴിഞ്ഞിട്ടില്ല.

പ്ലാറ്റ്‌ഫോമിന്റെ ഗുണനിലവാരം നിലനിർത്തുന്നതിൽ മെറ്റയുടെ ടീം പ്രശ്‌നം നേരിടുന്നുണ്ടെന്നും അത് കമ്പനിയെ ദോഷകരമായി ബാധിക്കുന്നതായും വെളിപ്പെടുത്തുന്ന 'ദ വെർജി'-ന്റെ ഒരു റിപ്പോർട്ട് ഈ മാസത്തിന്റെ തുടക്കത്തിൽ പുറത്തുവന്നിരുന്നു. ക്വാളിറ്റി ലോക്ക്ഡൗണിലേക്ക് പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട് ഹൊറൈസൺ ടീം സംസാരിച്ച ഒരു ആന്തരിക മെമ്മോയും റിപ്പോർട്ടിനൊപ്പം പുറത്തുവന്നു. അതുകൊണ്ട് തന്നെ, നിലവിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നത് വരെ, പ്ലാറ്റ്ഫോമിലെ ഫീച്ചറുകളുടെ പുതിയ ലോഞ്ചുകൾ താൽക്കാലികമായി നിർത്തിയേക്കും.


ഹൊറൈസൺ വേൾഡ്സിന്റെ യഥാർത്ഥ മാജിക് സമ്മാനിക്കാനായി ഉപയോക്തൃ അഭിപ്രായങ്ങൾക്കനുസരിച്ച് പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് കഠിനമായി പരിശ്രമിക്കുമെന്ന് മെറ്റ പലതവണയായി പറഞ്ഞിട്ടുണ്ട്. എന്നാൽ മെറ്റയുടെ സ്വന്തം ജീവനക്കാർ പോലും ഹൊറൈസൺ വേൾഡ്സ് ഉപയോഗിക്കാൻ ബുദ്ധിമുട്ടുകയാണ്. ഭൂരിപക്ഷം ജീവനക്കാരിലും താൽപ്പര്യം ജനിപ്പിക്കാൻ ​​മെറ്റയുടെ വെർച്വൽ ലോകത്തിന് കഴിഞ്ഞിട്ടില്ല എന്നത് ഞെട്ടിക്കുന്നതാണ്. ഈയൊരു അവസ്ഥയിൽ നിന്ന് മെറ്റയും സക്കർബർഗും എങ്ങനെ കരകയറുമെന്ന് കണ്ടറിയാം...

Show Full Article
TAGS:Horizon Worlds Meta mark zuckerberg Facebook 
News Summary - Meta's Horizon Worlds failing targets, most users not returning
Next Story